ഹരിപ്പാട്: നിയോജകമണ്ഡലത്തിലെ ചെറുതന പഞ്ചായത്തിലെ പെരുമാങ്കരപട്ടികജാതി കോളനിയിലെ വികസന പ്രവർത്തനങ്ങളുടെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം. ജില്ലാ നിർമ്മിതി കേന്ദ്രം തയ്യാറാക്കി സമർപ്പിച്ച എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിൽ പട്ടികജാതി വികസന വകുപ്പ് ഇതിനായി തൊണ്ണൂറ്റിയാറ് ലക്ഷത്തി എഴുപത്തിമൂവായിരം രുപ അനുവദിച്ചിട്ടുണ്ട്. വീടുകളുടെ പുനരുദ്ധാരണം, റോഡ് നിർമ്മാണം, കുടിവെള്ള കണക്ഷനുകൾ, സോളാർ സ്ട്രീറ്റ് ലൈറ്റുകളും, ഫുട്പാത്തുകൾ, റീട്ടെയിനിംഗ് വാളിന്റെ നിർമ്മാണം എന്നീ വികസനപ്രവർത്തനങ്ങളാണ് ഇതിന്റെ ഭാഗമായി പെരുമാങ്കര കോളനിയിൽ നടത്തുന്നത്. നിർമ്മാണ ചുമതല വഹിക്കുന്ന നിർമ്മിതി കേന്ദ്രം ജില്ലാ എക്‌സിക്യൂട്ടി​വ് എൻജി​നി​യറോട് നിർമ്മാണം അടിയന്തിരമായി ആരംഭിക്കാൻ നിർദേശിച്ചതായും രമേശ് ചെന്നിത്തല അറിയിച്ചു.