മാവേലിക്കര: ധനകാര്യ സ്റ്റാന്റിംഗ് കമ്മി​റ്റിയിലേക്ക് വനിതകളാരും പത്രിക നൽകാതിരുന്നത് കാരണം നഗരസഭയിലെ സ്റ്റാന്റിംഗ് കമ്മി​റ്റി തിരഞ്ഞെടുപ്പ് 14ലേക്ക് മാറ്റി. ധനകാര്യ സ്റ്റാന്റിംഗ് കമ്മി​റ്റി വനിതാ സംവരണത്തിന് ആരും നാമനിർദേശം നൽകാഞ്ഞതിനാൽ അത് പൂർത്തീകരിക്കാതെ പൊതുവിഭാഗം തിരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന് വരണാധികാരി അറിയിക്കുകയായിരുന്നു. 14ന് രാവിലെ 11ന് വീണ്ടും കൗൺസിൽ യോഗം ചേരുമെന്നറിയിച്ച് വരണാധികാരി യോഗം പിരിച്ചുവിട്ടു.

ഏഴ് വനിതകൾ വീതമുള്ള എൽ.ഡി.എഫും ബി.ജെ.പിയും ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയിലെ വനിതാ സംവരണത്തിലേക്ക് നാമനിർദേശം നൽകാതെ വിട്ടുനിന്നതാണ് പ്രതിസന്ധിക്ക് കാരണമായത്. കോൺഗ്രസിൽ നാല് വനിതകളാണുളളത്. ഇതിൽ ലളിത രവീന്ദ്രനാഥ് വൈസ് ചെയർപേഴ്‌സണായി. മറ്റ് മൂന്ന് പേർ വി​വി​ധ സ്റ്റാന്റിംഗ് കമ്മി​റ്റി​കളി​ലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ച വീണ്ടും യോഗം ചേർന്നാലും ധനകാര്യ സ്റ്റാന്റിംഗ് കമ്മി​റ്റിയിലേക്ക് പത്രിക നൽകില്ലെന്ന് നിലപാടിലാണ് എൽ.ഡി.എഫും ബി.ജെ.പിയും എന്നാണറി​യുന്നത്.

വികസനകാര്യം: ടി.കൃഷ്ണകുമാരി (കോൺഗ്രസ്), ക്ഷേമകാര്യം: ശാന്തി അജയൻ (കോൺഗ്രസ്), ആരോഗ്യ സ്റ്റാന്റിംഗ് കമ്മി​റ്റി: ലത മുരുകൻ (കോൺഗ്രസ്), മരാമത്ത്: ജയശ്രീ അജയകുമാർ(ബി​.ജെ.പി​), വിദ്യാഭ്യാസം:ആർ.രേഷ്മ (ബി​.ജെ.പി​) എന്നി​വരാണ് തി​രഞ്ഞെടുക്കപ്പെട്ടത്.