സ്വതന്ത്ര അംഗവും യു.ഡി.എഫിനെ പിന്തുണച്ചു
ചേർത്തല:എൽ.ഡി.എഫ് ഭരിക്കുന്ന ചേർത്തല തെക്ക് പഞ്ചായത്തിൽ സ്വതന്ത്രന്റെയും ബി.ജെ.പി പ്രതിനിധിയുടെയും പിന്തുണയിൽ നറുക്കെടുപ്പിലൂടെ രണ്ട് സ്റ്റാൻഡിംഗ് കമ്മി​റ്റി യു.ഡി.എഫ് പിടിച്ചെടുത്തു.തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ബിജെപി സഖ്യം മറനീക്കി പുറത്ത് വന്നതായി എൽ.ഡി.എഫ് ആരോപിച്ചു.

22 അംഗ പഞ്ചായത്ത് സമിതിയിൽ എൽ.ഡി.എഫ് 11, യു.ഡി.എഫ് ഒമ്പത്, ബി.ജെ.പി ഒന്ന്, സ്വതന്ത്റൻ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. യു.ഡി.എഫും ബിജെപിയും ഒന്നിക്കുകയും സ്വതന്ത്റൻ പിന്തുണയ്ക്കുകയും ചെയ്തതോടെ എൽ.ഡി.എഫിനും യു.ഡി.എഫ് സഖ്യത്തിനും 11 വീതം വോട്ടായി. ഇതോടെ മൂന്ന് സ്ഥിരംസമിതികളിൽ വനിതാ പ്രതിനിധി തെരഞ്ഞെടുപ്പ് നറുക്കെടുപ്പിലായി. ക്ഷേമകാര്യം,ആരോഗ്യ-വിദ്യാഭ്യാസം എന്നിവയിൽ കോൺഗ്രസുകാർക്ക് സ്ഥാനം ലഭിച്ചു. വികസനകാര്യ സമിതിയിൽ വനിതാ അംഗത്വം നറുക്കെടുപ്പിൽ എൽ.ഡി.എഫിന് ലഭിച്ചു.

വിനോദിനി സുധാകരനാണ് വികസനകാര്യ സമിതിയിലെ വനിതാ അംഗം.ക്ഷേമകാര്യ സമിതി അംഗമായി യു.ഡി.എഫിലെ ജയറാണിയും ആരോഗ്യവിദ്യാഭ്യാസ സമിതി അംഗമായി യു.ഡി.എഫിലെ ഡൈനി ഫ്രാൻസിസും തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെയാണ് രണ്ടിടത്ത് യു.ഡി.എഫിനും ഒരിടത്ത് എൽ.ഡി.എഫിനും ഭൂരിപക്ഷമായത്.കോൺഗ്രസ് നേതാക്കൾ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് സഖ്യം ഉറപ്പിച്ചതെന്ന് എൽ.ഡി.എഫ് ആരോപിച്ചു.കഴിഞ്ഞ 5 വർഷക്കാലം യു.ഡി.എഫ് ഭരണത്തിലായിരുന്ന പഞ്ചായത്ത് എൽ.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു.ബി.ജെ.പിയുമായി ചേർന്ന് സ്ഥിരം സമിതി പിടിച്ചെടുത്ത സംഭവത്തിൽ കോൺഗ്രസിലെ ഒരു വിഭാഗം ശക്തമായ വിയോജിപ്പിലാണെന്നാണ് അറിയുന്നത്.