ആലപ്പുഴ: നഗരത്തെ വീർപ്പുമുട്ടിക്കുന്ന ഗതാഗതക്കുരുക്കിന് എന്ന് ഒരു പരിഹാരമുണ്ടാകുമെന്ന ചോദ്യം ഏവരുടെയും മനസിൽ ഉയരുമ്പോൾ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളൊന്നും മുന്നോട്ടുവയ്ക്കാനാകാതെ ഇരുട്ടിൽ തപ്പുകയാണ് അധികൃതർ. നിരവധി നിർദ്ദേശങ്ങളുയരുമ്പോഴും സമഗ്രമായ പ്ളാനിംഗോടെയുള്ള പദ്ധതികളൊന്നും പണിപ്പുരയിൽ പോലുമില്ലെന്നതാണ് യാഥാർത്ഥ്യം.
റോഡ് കൈയേറ്റം, അനധികൃത പാർക്കിഗ്, റോഡുകളുടെ വീതിക്കുറവ് തുടങ്ങിയവ സുഗമമായ ഗതാഗതത്തെ തടസപ്പെടുത്തുന്ന പ്രശ്നങ്ങളായി നിലകൊള്ളുന്നു.
തിരുവിതാംകൂറിലെ ദിവാനായിരുന്ന രാജാകേശവദാസാണ് ആലപ്പുഴയെ തിരുവിതാംകൂറിലെ പ്രധാന തുറമുഖ നഗരമാക്കി മാറ്റിയത്. പണ്ടകശാലകളും, ഗതാഗത-വാർത്താവിനിമയ സൗകര്യങ്ങൾക്കായി ധാരാളം റോഡുകളും, തോടുകളും നിർമ്മിച്ചത്. ദീർഘ വീക്ഷണത്തോടെ നിർമ്മിച്ച നഗരത്തിൽ റോഡോ,കനാലോ ഏതാണ് കാലത്തിന് അനുസരിച്ച് വികസനം നടപ്പാക്കണമെങ്കിൽ അതിനുള്ള സ്ഥലം നീക്കിവച്ചാണ് നിർമ്മാണം. ഈ സ്ഥലം പ്രയോജനപ്പെടുത്തിയാൽ ഡിവൈഡറോട് കൂടിയ റോഡ് വികസന പദ്ധതി നടപ്പാക്കിയാൽ നഗരത്തിൽ ഇന്ന് അനുഭവിക്കുന്ന ഗതാഗതകുരുക്കിന് വലിയ പരിധിവരെ പരിഹാരമാകും. ബൈപ്പാസ് തുറന്നാലും നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരമാകുമെന്ന് ഉറപ്പില്ല. ഇരുമ്പ്പാലത്തിന് സമീപം നാല് ബാങ്കുകളും തപാൽ ആഫീസും ഒന്നിലധികം സമാന്തര വിദ്യാലയങ്ങളും പ്രവർത്തിക്കുന്നതിനാൽ നിരവധി പേർ എത്തുന്ന ഇരുചക്ര മുച്ചക്ര സൈക്കിൾ റോഡരികിൽ പാർക്ക് ചെയ്യുന്നത് ഗതാഗതത്തിന് തടസമാകും. ബോട്ട് ജെട്ടി, കെ.എസ്.ആർ.ടി.സി എന്നിവടങ്ങളിൽ എത്തുന്നതിന് അടിപ്പാത നിർമ്മിച്ചും എ.സി റോഡിൽ പള്ളാത്തുരുത്ത് പാലത്തിന് സമീപത്ത് നിന്ന് പാതിരപ്പള്ളി വരെ ദേശീയപാതക്ക് സമാന്തരമായി മറ്റൊരു ബൈപ്പാസ് പദ്ധതി നടപ്പാക്കിയാൽ ഗതാഗതക്കുരുക്കിന് പരിഹാരമാകും.
ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന പ്രധാന സ്ഥലങ്ങൾ
ഇരുമ്പുപാലം, കല്ലുപാലം, വൈ.എം.സി.എ, പിച്ചഅയ്യൂർ ജംഗ്ഷൻ , ജനറൽ ആശുപത്രി, ജില്ലാകോടതി പാലം, കളക്ടറേറ്റ് ജംഗ്ഷൻ, മാർക്കറ്റ് റോഡ്
കൈയേറ്റം വ്യാപകം
നഗരം രൂപകൽപ്പന ചെയ്ത കാലത്ത് നിർമ്മിച്ച നഗരത്തിലെ വൈ.എം.സി.എ-കളർകോട് റോഡ്, പഴവങ്ങാടി-കടപ്പുറം, സിറോ ജംഗ്ഷൻ-കൈചൂണ്ടിമുക്ക് എന്നീ റോഡുകളുടെ വീതി 70അടിയായിരുന്നു. ഇപ്പോൾ ഭൂരിഭാഗവും കയ്യേറി 30അടി പോലും വീതിയില്ല. ഇതിന് പുറമേ നിരത്ത് കച്ചവടക്കാരുടെ കയ്യേറ്റവും നഗരത്തെ ഗതാഗത കുരുക്കിലാക്കുന്നത്. നഗരത്തിലെ മുഖ്യകയ്യേറ്റക്കാർ ഡി.ടി.പി.സിയും നഗരസഭയും തന്നെ. കനാലുകളുടെ ഭാഗത്ത് വികസനത്തിനായി മുൻകൂട്ടി നിക്ഷേപിച്ച സ്ഥലം കയ്യേറി കടകളും ഹട്ടുകളും സ്ഥാപിച്ചത് റോഡ് വികസനത്തിന് തടസായി. ഇടത് വലത് നേതാക്കളുടെ പിന്തുണയോടെയാണ് നഗരത്തിലെ റോഡ് കയ്യേറ്റം.
നിർദേശങ്ങൾ
കനാലുകളുടെ വശങ്ങളിലെ സ്ഥലം ഉപയോഗിച്ച് റോഡിന് വീതി കൂട്ടുക
തിരക്കുള്ള ഭാഗങ്ങളിലെ കനാലുകളുടെ മുകൾഭാഗത്ത് പാർക്കിംഗ് പ്ളാറ്റ്ഫോം നിർമ്മിക്കുക
വൈ.എം.സിക്ക് കിഴക്ക് ഭാഗത്തുകൂടി പ്രസ്ക്ളബിന് തെക്ക് ഭാഗത്തെ
റോഡിന്റെ വീതി വർദ്ധിപ്പിക്കുക
വാടക്കനാലിന്റെ വടക്കു ഭാഗത്തെ റോഡുകൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയ്ക്ക് സമീപത്തെ റോഡുകൾ എന്നിവ ബൈപ്പാസുമായി ലിങ്ക് ചെയ്യണം
നിലവിലെ ബൈപ്പാസിൽ നിന്ന് കൂടുതൽ ലിങ്ക് റോഡുകൾ നിർമ്മിക്കണം
ഗതാഗത കുരുങ്ങുന്നു ഇവിടെ
ഇരുമ്പുപാലം, കല്ലുപാലം, വൈ.എം.സി.എ, പിച്ചുഅയ്യൂർ ജംഗ്ഷൻ , ജനറൽ ആശുപത്രി, ജില്ലാകോടതി പാലം,
കളക്ടറേറ്റ് ജംഗ്ഷൻ, മാർക്കറ്റ് റോഡ്