s

വെള്ളപ്പൊക്കത്തിൽ കന്നുകാലി സംരക്ഷണത്തിന് മൂന്നുനില കെട്ടിടം

ആലപ്പുഴ: വെള്ളപ്പൊക്ക കാലത്ത് കന്നുകാലികളെ സുരക്ഷി​തമായി​ പാർപ്പി​ക്കാൻ കുട്ടനാട്ടി​ലെ ചെമ്പുംപുറത്ത് മൾട്ടി പർപ്പസ് എലിവേറ്റഡ് കാറ്റിൽഷെഡ് നിർമ്മാണം പുരോഗമിക്കുന്നു. 100 കന്നുകാലികളെ വരെ സംരക്ഷിക്കാൻ കഴിയും. ഇതോടെ, മഴക്കാലത്ത് വീട്ടുകാർ ക്യാമ്പുകളിലേക്കു മാറിയാലും കന്നുകാലികളുടെ സംരക്ഷണം സുരക്ഷിതമാകും.

1.80 കോടി ചിലവിട്ട് 5496 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്നു നിലകളിലാണ് കെട്ടിടം നിർമ്മിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഇങ്ങനൊരു പദ്ധതി. പൊലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമ്മാണ ചുമതല. വർഷംതോറുമുള്ള കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ കന്നുകാലി സംരക്ഷണം കുട്ടനാട്ടിലെ ക്ഷീരകർഷകർക്ക് പ്രധാന വെല്ലുവിളിയാണ്. ജലനിരപ്പ് ഉയരുമ്പോൾ മറ്റൊരു സ്ഥലത്തേക്കു മാറ്റാനും തീറ്റകൊടുക്കാനും ഏറെ ബുദ്ധിമുട്ടാണ് കർഷകർ നേരിട്ടിരുന്നത്. ഇതിനു പരിഹാരമായാണ് അടുത്ത മഴക്കാലത്തിന് മുന്നോടിയായി പദ്ധതി നടപ്പാക്കാൻ ക്ഷീര വികസന വകുപ്പ് നടപടി സ്വീകരിച്ചത്.

ജൂണിന് മുമ്പ് പണി ഏകദേശം പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. പൈലിംഗ് ജോലികൾ പൂർത്തീകരിച്ചു. ജില്ലയിലെ കന്നുകാലികളുടെ എണ്ണം, വെള്ളപ്പൊക്കം ഉണ്ടായാൽ നിലവിൽ അവയെ മാറ്റിപ്പാർപ്പിക്കുന്ന സ്ഥലങ്ങൾ, പാലങ്ങൾ, ഭക്ഷണം, അവ സൂക്ഷിക്കാൻ കഴിയുന്ന സ്ഥലങ്ങൾ, വീടുകൾ ഇവയുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ക്ഷീര സംഘങ്ങളുടേയും ക്ഷീര സഹകരണ സംഘങ്ങളുടേയും സഹകരണത്തോടെയാണ് കണക്കെടുപ്പ് പൂർത്തിയാക്കിയത്.

16,730 കന്നുകാലികൾ

വെള്ളപ്പൊക്ക സാദ്ധ്യത മേഖലകളിലെ നിരീക്ഷണത്തിൽ നിന്ന് ജില്ലയിലെ 12 ബ്ലോക്കുകളിൽ 16,730 കന്നുകാലികളെയാണ് മാറ്റിപ്പാർപ്പിക്കേണ്ടത്. 119 ക്ഷീര സംഘങ്ങളുടെ കീഴിൽ 90,096 പേരാണ് കന്നുകാലി ഉടമകളായിട്ടുള്ളത്. അമ്പലപ്പുഴ -525, ആര്യാട്-734, ഭരണിക്കാവ് -217, കുട്ടനാട്-8544, ചെങ്ങന്നൂർ-1744, ചേർത്തല-1438, ഹരിപ്പാട്-61, മാവേലിക്കര-245, മുതുകുളം-180, പട്ടണക്കാട്-192, തൈക്കാട്ടുേരി- 4085, വെളിയനാട്-1859 എന്നിങ്ങനെയാണ് കന്നുകാലികളുടെ എണ്ണം.

മറ്റു പഞ്ചായത്തുകളിലേക്കും

വെള്ളപ്പൊക്ക സമയത്ത് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് കുട്ടനാടൻ ക്ഷീര കർഷകരാണ്. അടുത്ത ഘട്ടത്തിൽ മറ്റ് പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കാനുള്ള ശ്രമത്തിലാണ് ക്ഷീരവികസന വകുപ്പ്. കുട്ടനാട്ടിൽ ചമ്പക്കുളം, വെളിയനാട് ബ്ലോക്കുകളിലായി 29 ക്ഷീരസഹകരണ സംഘങ്ങളുണ്ട്. ഇവിടെ ശരാശരി പ്രതിദിനം 34,500 ലിറ്റർ പാൽ ഉത്പാദനം നടക്കുന്നുണ്ട്.

കാറ്റിൽ ഷെഡ്

 15 സെന്റിൽ മൂന്ന് നിലകളുള്ള കെട്ടിടം

 താഴത്തെ നിലയിൽ പാൽ സംഭരണം, പാൽ പരിശോധന മുറികൾ,സംഘം ഓഫീസ്, യോഗം കൂടുന്നതിനുള്ള മുറികൾ, കാലിത്തീറ്റ ഗോഡൗൺ, സംഘത്തിന് മറ്റ് സൗകര്യങ്ങൾ എന്നിവ ക്രമീകരിക്കും

 ഒന്നാം നിലയിൽ പ്രളയബാധിത സമയത്ത് പശുക്കളെ പാർപ്പിക്കും

 രണ്ടാം നിലയിൽ പശുക്കളെ താമസിപ്പിക്കുന്നതിനോടൊപ്പം ബാക്കി സ്ഥലത്ത് സംഭരണമുറി, വിശ്രമ മുറി എന്നിവ നിർമ്മിക്കും

 ചാണകം,മൂത്രം എന്നിവ സംഭരിക്കാനുള്ള ടാങ്ക് , ജനറേറ്റർ സൗകര്യം

..............

സംസ്ഥാനത്ത് പ്രളയസമയത്ത് ഏറെ ദുരിതം അനുഭവിച്ചവരാണ് ക്ഷീര കർഷകർ. കുട്ടനാട്ടിൽ പ്രളയസമയത്ത് കന്നുകാലികെള മാറ്റി പാർപ്പിക്കാൻ പോലും മറ്റൊരു ഇടമില്ലായിരുന്നു. ഇതിന് പരിഹാരമായാണ് കുട്ടനാട് ചെമ്പുംപുറത്ത് മൾട്ടിപർപ്പസ് എലിവേറ്റഡ് കാറ്റിൽഷെഡ് നിർമ്മാണം പുരോഗമിക്കുന്നത്. ചമ്പക്കുളത്തും കെട്ടിടം നിർമ്മിക്കും

എ.അനുപമ, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ