bird

നെൽകൃഷി കഴിഞ്ഞാൽ കുട്ടനാട്ടുകാരുടെ പ്രധാന വരുമാനങ്ങളിലൊന്നാണ് താറാവ് കൃഷി. സമൃദ്ധമായ ജലാശയങ്ങളുള്ളതിനാൽ താറാവിന് സ്വൈരമായി വിഹരിക്കാം. വിശാലമായ നെൽപ്പാടങ്ങളുള്ളതിനാൽ തീറ്രയ്‌ക്കും മിക്കപ്പോഴും വലിയ പഞ്ഞമുണ്ടാവാറില്ല. ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിലൂടെ പോകുമ്പോൾ താറാവിന്റെ മുട്ട വിൽക്കുന്ന ചെറുകടകളുടെ നിര തന്നെ കാണാം. ഏതു ഊടുവഴികളിലൂടെ പോയാലും താറാമുട്ട കിട്ടാൻ ഒരു പഞ്ഞവുമില്ല. കുട്ടനാട്ടുകാരുടെ ദിനംപ്രതിയുള്ള വീട്ടുചെലവുകൾ നിറവേറ്റാൻ ഇതാണ് പ്രധാന വരുമാനം. മുട്ടയ്‌ക്ക് പുറമേ താറാവ് ഇറച്ചിയും ഇവിടുത്തെ പ്രിയപ്പെട്ട ഇനമാണ്. ഇവിടെ ധാരാളമായുള്ള കള്ളുഷാപ്പുകളിലെ പ്രധാന ഭക്ഷണ ഇനവും താറാവ് ഇറച്ചിയാണ്.അന്യജില്ലകളിൽ നിന്ന് സകുടുംബം ഇവിടുത്തെ ഷാപ്പുകളിൽ ഭക്ഷണം കഴിക്കാനെത്തുന്നവരുടെ മുഖ്യ മെനുവാണ് താറാവ് ഇറച്ചി. കുട്ടനാട്ടിൽ കൊയ്‌ത്തു കഴിയുമ്പോൾ താറാവുകളുമായി കൂട്ടത്തോടെ ഓണാട്ടുകര മേഖലയിലെ കൊയ്‌ത്തുപാടങ്ങളിലേക്ക് എത്തുന്ന ഏജന്റുമാർ പണ്ടത്തെ പതിവ് കാഴ്ചയായിരുന്നു. നിലങ്ങളിൽ താറാവ് മേയ്ക്കാൻ അനുവദിച്ചാൽ നിലമുടമയ്ക്ക് പ്രതിഫലമായി കിട്ടുന്നത് മുട്ടകളും.

കുട്ടനാട്ടിലെ താറാവ് കൃഷി അന്തരിച്ച പ്രമുഖ സംവിധായകൻ ഐ.വി.ശശി 'ഇതാ ഇവിടെവരെ 'എന്ന ചിത്രത്തിൽ മനോഹരമായി വിശദമാക്കിയിട്ടുണ്ട്. താറാവിനെക്കുറിച്ചുള്ള പുരാണം പറയാനല്ല ഇതെല്ലാം വിശദമാക്കിയത്. കുട്ടനാട്ടിലെ താറാവ് കർഷകർ ഇപ്പോൾ അനുഭവിക്കുന്ന മനോവേദനയെക്കുറിച്ചും അവർക്കുണ്ടായിട്ടുള്ള സാമ്പത്തിക തകർച്ചയെക്കുറിച്ചും ഒന്നു ബോദ്ധ്യപ്പെടുത്താൻ വേണ്ടിയാണ്. പക്ഷിപ്പനിയുടെ രൂപത്തിലാണ് കുട്ടനാട്ടിലെ താറാവ് കർഷകർക്ക് മേൽ ദുരന്തം പതിച്ചത്. ക്രിസ്മസ് സീസൺ തുടങ്ങും മുൻപേ താറാവുകൾ ചത്തു തുടങ്ങി. ആദ്യമൊന്നും ഇതിന്റെ കാരണം ആർക്കും ബോദ്ധ്യമായില്ലെങ്കിലും പിന്നീട് വെളിപ്പെട്ടു, കാരണം പക്ഷിപ്പനിയാണെന്ന്. പിന്നെ കൂട്ടത്തോടെയാണ് താറാവുകൾ ചത്തു തുടങ്ങിയത്. ന്യൂ ഇയർ വിപണി ലക്ഷ്യമിട്ട് ഇറച്ചിയ്‌ക്കായി വളർത്തിയ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന ഹൃദയ ഭേദകമായ കാഴ്ചയ്‌ക്കാണ് കുട്ടനാട് പിന്നീട് സാക്ഷ്യം വഹിച്ചത്. കൊന്നൊടുക്കിയതുൾപ്പടെ 75,000 ത്തോളം താറാവുകളാണ് കർഷകർക്ക് നഷ്ടമായത്. മുട്ടവില്പന വഴി ലഭിക്കേണ്ട ലക്ഷങ്ങളുടെ നഷ്ടം ഇതിന് പുറമേയും.

ഏതായാലും മൃഗസംരക്ഷണ വകുപ്പ് ഫലപ്രദമായി ഇടപെട്ടതു മൂലം പക്ഷിപ്പനിക്ക് ശമനമുണ്ടാക്കാൻ കഴിഞ്ഞതാണ് ഇപ്പോഴത്തെ ആശ്വാസം. എങ്കിലും തങ്ങൾക്കുണ്ടായ നഷ്ടം പരിഹരിക്കാൻ സർക്കാർ നടത്തിയ ഇടപെടലാണ് താറാവ് കർഷകരെ ഒരു വിധത്തിൽ കരകയറ്റിയത്.

കേന്ദ്രസംഘമെത്തി

കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്റാലയത്തിലെ ജോയിന്റ് സെക്രട്ടറി മിൻഹാജ് ആലം, ന്യൂഡൽഹിയിലെ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്റോൾ ഡയറക്ടർ ഡോ. എസ്.കെ. സിംഗ് എന്നിവരാണ് ജില്ലയിലെ പക്ഷിപ്പനി ബാധിത പ്രദേശങ്ങൾ സന്ദർശിച്ചത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്റാലയത്തിലെ പബ്ലിക് ഹെൽത്ത് സ്‌പെഷലിസ്​റ്റ് ഡോ. രുചി ജയ്ൻ, പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി സയന്റിസ്​റ്റ് ഡോ. ശൈലേഷ് പവാർ, ഡൽഹി ആർ എം എൽ ആശുപത്രി ഫിസിഷ്യൻ അനിത് ജിൻഡാൽ എന്നിവരും സംഘത്തിലുൾപ്പെട്ടിരുന്നു. ഇപ്പോൾ ദുരിതത്തിന് ശമനമായെങ്കിലും അടുത്ത മൂന്ന് മാസം കർശന ജാഗ്രത പാലിച്ചില്ലെങ്കിൽ വീണ്ടും ദുരിതം ആവർത്തിക്കുമെന്നാണ് വിദഗ്ദ്ധസംഘത്തിന്റെ മുന്നറിയിപ്പ്. രോഗം കണ്ടെത്തിയ പ്രദേശങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് ലാബിലേക്ക് അയയ്ക്കുന്നതിനുള്ള നടപടികൾ തുടർന്നും വേണ്ടിവരും. നെടുമുടി, പള്ളിപ്പാട്, തകഴി, കരുവാ​റ്റ പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തിന് ഒരു കിലോമീ​റ്റർ ചു​റ്റളവിലാണ് താറാവുകളെ കൊന്നൊടുക്കുന്ന 'കള്ളിംഗ് ' നടത്തിയത്. പക്ഷികളെ കൊന്നു നശിപ്പിച്ച പ്രദേശം മൂന്നുമാസത്തേക്ക് 15 ദിവസം ഇടവിട്ട് അണുനശീകരണത്തിന് വിധേയമാക്കും.

ടൂറിസം മേഖലയിൽ കൂടുതൽ ശ്രദ്ധ വേണം.

വിനോദസഞ്ചാരമേഖല തുറന്നു കൊടുക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കേന്ദ്രസംഘം മുന്നറിയിപ്പ് നൽകി. വിനോദസഞ്ചാരികൾ, ടാക്‌സി ഡ്രൈവർമാർ, ഓട്ടോ ഡ്രൈവർമാർ എന്നിങ്ങനെ കൊവിഡ് ബാധയ്‌ക്ക് സാദ്ധ്യതയുള്ള പലതരം ഗ്രൂപ്പുകൾ കണ്ടെത്തി അവരിൽ ബോധവത്കരണവും ടെസ്​റ്റുകളും നടത്തണം തുടങ്ങിയവയാണ് നിർദ്ദേശങ്ങൾ.

നഷ്‌ടത്തിന്റെ കണക്ക്

പക്ഷിപ്പനി മൂലം ചത്തത് - 25,000

കൊന്നൊടുക്കിയത് - 50,000

നശിപ്പിച്ച മുട്ടകൾ - 32,550

സർക്കാരിന്റെ കൈത്താങ്ങ്

പക്ഷിപ്പനി ബാധിച്ച് താറാവുകൾ നഷ്ടമായ കർഷകർക്ക് ഉടൻ കൈത്താങ്ങുമായി സർക്കാരെത്തി. ബാങ്ക് അക്കൗണ്ടുകൾ വഴി നഷ്ടപരിഹാരം നൽകാനാണ് തീരുമാനം. ഒരു മുട്ടയ്‌ക്ക് അഞ്ചുരൂപയും അറുപത് ദിവസത്തിൽ താഴെ പ്രായമായ താറാവ് /കോഴിക്ക് 100 രൂപയും അറുപത് ദിവസത്തിന് മുകളിൽ പ്രായമുള്ളവയ്‌ക്ക് 200 രൂപയുമാണ് നഷ്‌ടപരിഹാരമായി നൽകുക. പക്ഷികളിൽ സ്ഥിരീകരിച്ച വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്നതാണ് വലിയ ആശ്വാസം. വൈറസിന് രൂപമാ​റ്റ സാദ്ധ്യത യുള്ളതിനാൽ ആരോഗ്യ പ്രവർത്തകർ പത്ത് ദിവസം സമീപ പ്രദേശങ്ങളിൽ നിരീക്ഷണം നടത്തും.

ഇതുകൂടി കേൾക്കണേ

കഷ്ടകാലങ്ങളുടെ ജില്ലയാണ് ആലപ്പുഴ. ഏത് മഹാമാരി വന്നാലും ആലപ്പുഴയെ ഒന്നു വലംവയ്ക്കാതെ അവ പോകില്ല. ചിക്കുൻഗുനിയ, എലിപ്പനി, ഡെങ്കിപ്പനി,എച്ച്‌വൺ എൻവൺ തുടങ്ങി ഇടവിട്ട് ഇടവിട്ട് ഓരോന്നു വരും. എങ്കിലും ഇവയോടെല്ലാം പൊരുതി നിൽക്കാൻ ജില്ലയിലെ സാധാരണക്കാർ ശീലിച്ചു കഴിഞ്ഞു.