ജല ഗുണനിലവാര ലാബുകൾ ഹയർ സെക്കൻഡറി സ്കൂളുകളിൽ
ആലപ്പുഴ: വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ഹയർസെക്കൻഡറി സ്‌കൂളുകളിലെ രസതന്ത്ര ലാബുകളോടനുബന്ധിച്ച് ജല ഗുണനിലവാര ലാബുകൾ സ്ഥാപിക്കുന്നു. ഹരിതകേരളം മിഷനാണ് നേതൃത്വം നൽകുന്നത്. എം.എൽ.എ ഫണ്ട്, ജില്ലാപഞ്ചായത്ത് ഫണ്ട് എന്നിവ ഉപയോഗിക്കാം. ഫണ്ടിനു വേണ്ടിയുള്ള നടപടി ക്രമത്തിലാണ് ഹരിതകേരളം മിഷൻ.
ലാബ് സ്ഥാപിക്കാൻ സ്കൂളുകളിൽ മുറി സജ്ജീകരിക്കണം. ആദ്യഘട്ടത്തിൽ ഗവ. സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. മഴക്കാലത്തും വേനൽകാലത്തും ശുദ്ധജല ലഭ്യത കുറയുകയും ജലമലിനീകരണം കൂടുകയും അതുവഴി പകർച്ചവ്യാധി സാദ്ധ്യത വർദ്ധിക്കുകയും ചെയ്യും. ജില്ലയിൽ ജല മലിനീകരണ രോഗങ്ങൾ വ്യാപകമാണ്. ഇത് ഒരുപരിധിവരെ നിയന്ത്രിക്കാൻ ലാബുകൾക്ക് സാദ്ധ്യമാകുമെന്നാണ് പ്രതീക്ഷ. കിണറുകളിലെ ജലം കുടിക്കാൻ യോഗ്യമാണോയെന്ന് നിശ്ചയിക്കലാണ് പ്രധാന ലക്ഷ്യം. വിദ്യാർത്ഥികളിൽ നിരീക്ഷണപാടവം ഉയർത്തുകയെന്ന ഉദ്ദേശവുമുണ്ട്. നിലവിൽ സ്‌കൂളുകൾ പ്രവർത്തിക്കാത്തതുമൂലം ഹരിതകേരളം മിഷന്റെ വോളണ്ടിയർമാരെ ഉപയോഗിച്ച് പദ്ധതി ആരംഭിക്കാൻ ശ്രമിക്കും. ഒരുലക്ഷം രൂപയാണ് ലാബ് സജ്ജീകരിക്കാനുള്ള ചെലവ്.
ഹെൽത്ത് കാർഡ്
ഈ ലാബുകളിൽ കുറഞ്ഞ ചെലവിൽ കുടിവെള്ളം പരിശോധിക്കാനാകും. കോളിഫോം ബാക്ടീരിയയുടെയും ഫ്ലൂറൈഡിന്റെയും പി.എച്ച് മൂല്യം നിർണയിച്ച് ഹെൽത്ത് കാർഡ് നൽകും. അനുവദനീയമായ അളവിൽ കൂടുതലാണെങ്കിൽ വിദഗ്ദ്ധ പരിശോധനയ്ക്കായി വാട്ടർ അതോറിട്ടിയുടെ ലാബുകളിലേക്ക് റഫർ ചെയ്യും. ജല ശുദ്ധീകരണത്തിനായി പരമ്പരാഗത രീതിയിലെ മാർഗനിർദേശങ്ങളും നൽകും. ഓരോ പഞ്ചായത്തിലും ഒരു സ്‌കൂളിലെങ്കിലും ലാബ് ഒരുക്കും.
കറുത്താൽ സാന്നിദ്ധ്യം
ലാബിൽ എത്തിക്കുന്ന വെള്ളത്തിന്റെ സാമ്പിളിന് നമ്പരും ഡേറ്റും നൽകും. അണുവിമുക്തമായ ബോട്ടിലിൽ ശേഖരിച്ച ജലം എച്ച് 2എസ് സ്ട്രിപ്പ് ബോട്ടിലിൽ ചേർത്ത് 18 മുതൽ 24 മണിക്കൂർ വരെ സൂക്ഷിക്കും. കറുത്തനിറം ദൃശ്യമായാൽ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം മനസിലാക്കാം.
എല്ലാ ജില്ലയിലും ലാബിന്റെ പ്രവർത്തനത്തിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. സ്‌കൂളുകൾ പ്രവർത്തിക്കാത്തിനാലും പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോണിൽ വരുന്നതുമാണ് നടപടി ക്രമങ്ങൾക്ക് താമസം നേരിട്ടത്. ആലപ്പുഴയിൽ എം.എൽ.എ ഫണ്ടിനായി അപേക്ഷിച്ചിട്ടുണ്ട്
(ടി.എൻ.സീമ, ഹരിത കേരളം മിഷൻ എക്സിക്യുട്ടീവ് വൈസ് ചെയർപേഴ്‌സൺ)
എം.എൽ.എമാരുടെ ആസ്തിവികസന ഫണ്ടിൽ നിന്നു പണം വിനിയോഗിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇത് കൂടാതെ ജില്ലാപഞ്ചായത്തിനെയും പദ്ധതിക്ക് വേണ്ടി സമീപിച്ചിട്ടുണ്ട്. ജില്ലയിൽ ഗവ.ഹയർസെക്കൻഡറി സ്കൂളുകളിലാണ് ആദ്യഘട്ടം പദ്ധതി നടപ്പാക്കുന്നത്. ലാബുകൾ സ്ഥാപിക്കുന്നതിനുള്ള ചുമതല കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ടർ ഡവലപ്പ്‌മെന്റ് കോർപ്പറേഷനാണ്
(രാജേഷ്, ഹരിത കേരളം മിഷൻ ജില്ല കോ ഓർഡിനേറ്റർ)