ആലപ്പുഴ : സിനിമാ തിയംറ്ററുകളിൽ മാസങ്ങൾ നീണ്ടു നിന്ന നിശബ്ദതയ്ക്ക് വിരാമമാകുന്നു. ആട്ടവും പാട്ടും സ്റ്റണ്ടുമായി കളം നിറയാൻ വിജയ് ചിത്രം 'മാസ്റ്റർ' എത്തിയതോടെ ഇന്ന് മുതൽ സിനിമാശാലകളിൽ ആരവങ്ങൾ ഉയരും. ജില്ലയിലെ തിയേറ്ററുകളിൽ ആദ്യ ഘട്ടത്തിൽ മൂന്ന് ഷോകളാണ് ഉണ്ടാവുക. രാവിലെ 9നും രാത്രി 9നും ഇടയിലാവും ഷോകൾ . ഇന്നലെ ഉച്ച മുതലാണ് തിയേറ്ററുകളിൽ ടിക്കറ്റിന്റെ ഓൺലൈൻ വിൽപ്പന ആരംഭിച്ചത്.
ബാൽക്കണി ടിക്കറ്റുകൾ പൂർണമായും ഓൺലൈനിലും, ഫസ്റ്റ് ക്ലാസ് ടിക്കറ്റുകൾ നേരിട്ടുമാണ് മിക്ക സിനിമാശാലകളിലും വിൽപ്പന നടത്തുന്നത്. 50 ശതമാനം മാത്രം കാണികൾ എന്ന കൊവിഡ് പ്രൊട്ടോക്കോൾ പാലിച്ചാണ് ടിക്കറ്റുവിതരണം. എല്ലാ തിയേറ്ററുകളിലും ഇന്നലെ ഉച്ചയോടെ തന്നെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. കാണികളുടെയും ജീവനക്കാരുടെയും ശരീരതാപനില പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങളും ആവശ്യത്തിന് സാനിട്ടൈസറുകളും തിയേറ്ററുകളിൽ സജ്ജമാക്കിയിട്ടുണ്ട്. കാണികൾ തമ്മിൽ ഒരു സീറ്റ് അകലം വേണമെന്നാണ് ചട്ടം. കുടുംബങ്ങൾ എത്തുമ്പോൾ മാത്രം നേരിയ ഇളവ് ലഭിച്ചേക്കാം. ഇടവേളകളിൽ ഫുഡ് കോർട്ട് ഉപയോഗിക്കാമെങ്കിലും തിയേറ്ററിനുള്ളിൽ ഭക്ഷണസാമഗ്രികൾ അനുവദിക്കില്ല. പ്രധാന പോയിന്റുകളിൽ ദിശാ സൂചനകളും വിവരങ്ങളും പ്രദർശിപ്പിക്കും. ആരോഗ്യ സന്ദേശങ്ങളും അറിയിപ്പുകളും നിർദ്ദേശങ്ങളും അനൗൺസ് ചെയ്യും. തിയേറ്ററുകളിലെ പ്രായമേറിയ ജീവനക്കാരെ സുരക്ഷിത കേന്ദ്രങ്ങളിൽ ഡ്യൂട്ടിക്കിടണമെന്ന് ആരോഗ്യവകുപ്പ് മുൻകൂട്ടി നിർദേശം നൽകിയിട്ടുണ്ട്.
ആഘോഷമില്ലെങ്കിലും ആരവം കുറയില്ല
വലിയൊരു ഇടവേളയ്ക്ക് ശേഷം സിനിമാശാലകൾ തുറക്കുമ്പോൾ കന്നിച്ചിത്രമായി എത്തുന്നത് 'മാസ്റ്റർ' ആയതിനാൽ വലിയ ആവേശത്തിലാണ് വിജയ് ഫാൻസ് അസോസിയേഷൻ. ജില്ലയിൽ റെയ്ബാൻ സിനിഹൗസിലാണ് കൊവിഡ് മാനദണ്ഡം പാലിച്ചുള്ള ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. ഫാൻസ് അസോസിയേഷൻ പ്രവർത്തകർ ആദ്യ ടിക്കറ്റുകൾ പൂർണമായും സ്വന്തമാക്കിയിട്ടുണ്ട്. അസോസിയേഷന്റെ യൂണിറ്റുകൾ ഓരോ ഏരിയ കേന്ദ്രീകരിച്ചാണ് ഒത്തുകൂടുക.
ഓരോ ഷോയ്ക്ക് മുമ്പും ശേഷവും തിയേറ്റർ മുഴുവൻ ശുചീകരിക്കും. കൂടാതെ സാനിട്ടൈസറുകൾ പുറത്ത് സ്ഥാപിച്ചിരിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് പ്രവർത്തനം.
- വി.എ.മാത്യു, പങ്കജ് തിയേറ്റർ
ആദ്യം എത്തുന്നത് വിജയ് ചിത്രം ആയതിനാൽ ഞങ്ങൾ വലിയ ആവേശത്തിലാണ്. കൊവിഡ് പ്രൊട്ടോക്കോൾ ഉള്ളതിനാൽ പ്രകടമായ ആഘോഷങ്ങൾ തൽക്കാലം ഒഴിവാക്കി. എല്ലാ യൂണിറ്റ് അംഗങ്ങൾക്കും ഇന്നലെ വൈകിട്ട് ടിക്കറ്റുകൾ നൽകി
- പ്രണവ് കുമാർ, വിജയ് ഫാൻസ് അസോസിയേഷൻ