ഹരിപ്പാട്: നഗരസഭയിൽ സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് തി​രഞ്ഞെടുപ്പ് നടത്തിയത് ചട്ടവിരുദ്ധമായിട്ടാണെന്ന് ബി.ജെ.പി ആരോപിച്ചു. ഒരാൾക്ക് എല്ലാ കമ്മിറ്റിയിലേക്കും നാമനിർദ്ദേശം നൽകാം. ഏതെങ്കിലും കമ്മിറ്റിയിലേക്ക് തി​രഞ്ഞെടുക്കപ്പെട്ടാൽ തുടർന്നുള്ള കമ്മിറ്റികളിലേക്കുള്ള സ്ഥാനാർത്ഥിത്വം അസാധുവാകും എന്നതാണ് നിയമം. എന്നാൽ ഹരിപ്പാട് ഒരാൾക്ക് ഒരു സ്റ്റാൻ്റിംഗ് കമ്മിറ്റിലേക്ക് മാത്രമേ മത്സരിക്കാൻ പറ്റുകയുള്ളു എന്ന നിർദ്ദേശം അസി. റിട്ടേണിംഗ് ഓഫീസർ കൗൺസിലർമാർക്ക് നൽകിയാണ് നാമനിർദ്ദേശ പത്രിക സ്വീകരിച്ചത്. ഇതു മൂലം മുൻകൂട്ടി നിശ്ചയിച്ച രീതിയിൽ കൗൺസിലറന്മാർക്ക് മത്സരിക്കാൻ കഴിയാതെ വരികയായിരുന്നു. ബോധപൂർവ്വം ചട്ടവിരുദ്ധമായി തി​രഞ്ഞെടുപ്പ് നടത്തിയ റിട്ടേണിംഗ് ഓഫീസർക്കും അസി.റിട്ടേണിംഗ് ഓഫീസർക്കും എതിരെ ഇലക്ഷൻ കമ്മി​ഷനും കളക്ടർക്കും രേഖാമൂലം പരാതി നൽകുമെന്ന് പാർലമെന്ററി പാർട്ടി നേതാവ് പി.എസ്.നോബിൾ അറിയിച്ചു. സന്തോഷ്, ലതാ കണ്ണന്താനം, സുഭാഷിണി, മഞ്ജുഷ എന്നീ കൗൺസിലിന്മാരും തിരഞ്ഞെടുപ്പ് യോഗം ബഹിഷ്ക്കരിച്ചു.