ആലപ്പുഴ: തുടർച്ചയായി പെയ്യുന്ന മഴയിൽ നെഞ്ചിടിപ്പോടെ കരപ്പുറത്തെ കർഷകർ . സാധാരണ നവംബർ മാസത്തോടെ വറ്റിവരളുന്ന പാടശേഖരങ്ങളിലാണ് കരപ്പുറത്തെ കർഷകർ പ്രധാനമായും പച്ചക്കറി കൃഷി ചെയ്യുന്നത്. എന്നാൽ ഇത്തവണ ജനുവരിയായിട്ടും മിക്കപാടശേഖരങ്ങളിലും വെള്ളം വറ്റിയിട്ടില്ല. തുടർച്ചയായി പെയ്യുന്ന മഴ പാടത്തെ ജലനിരപ്പ് ഉയർത്തുന്നു. മഴയിൽ പച്ചക്കറികൾ ചീയുവാൻ തുടങ്ങിയിട്ടുമുണ്ട്. പച്ചക്കറികൾ വിളവെടുക്കാൻ പ്രായമാകാത്തതിനാൽ കർഷകർക്ക് കനത്ത നഷ്ടമായിരിക്കും ഉണ്ടാകുക. ഉത്സവകാല വിളവെടുപ്പും വിഷുക്കാല വിളവെടുപ്പും കർഷകർക്ക് ഇത്തവണ അന്യമാകുമെന്ന നിലയിലാണ് മഴയുടെ പെയ്ത്ത്. കുട്ടനാട്ടിലും ഓണാട്ടുകരയിലും ഉണ്ടെങ്കിലും ചേർത്തലയിലാണ് ജില്ലയിൽ കരപ്പുറം കൃഷി വ്യാപകം. ചീര,വെളളരി,മത്തൻ,ഇളവൻ,കുമ്പളം,വെണ്ട,പയർ,വഴുതന,കുക്കുംബർ, ക്വാളിഫ്‌ളവർ,കാബേജ്, തണ്ണിമത്തൻ തുടങ്ങിയവാണ് ഇടവിള കൃഷിയിൽ പ്രധാനം. എന്നാൽ ഇത്തവണ ഇടവിളകൃഷി സാദ്ധ്യമല്ലെന്നാണ് കർഷകർ പറയുന്നത്. ഡിസംബർ മുതൽ മേയ് മാസം വരെയാണ് ഇടവിള കൃഷി കർഷകർ ചെയ്യുന്നത്. ഇത്തവണ മഴ കഴിഞ്ഞ് കൃഷി ആരംഭിച്ചാലും കർഷകന് വിഷുക്കാല വിളവെടുപ്പ് നഷ്ടമാകും. കാലാവസ്ഥ വ്യതിയാനം മൂലം ഇടവിള കൃഷി വെളളത്തിലാകുമെന്ന മുന്നറിയിപ്പ് ഉണ്ടായിട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ കൃഷി വകുപ്പോ മുൻകരുതലുകളൊന്നും സ്വീകരിക്കാത്തത് കർഷകരുടെ പ്രതിസന്ധിക്ക് ആക്കം കൂട്ടി. കഞ്ഞിക്കുഴി,മാരാരിക്കുളം വടക്ക്,മുഹമ്മ,ചേർത്തല തെക്ക്,കടക്കരപ്പളളി ,പള്ളിപ്പുറം പ്രദേശത്തുള്ള ആയിരത്തോളം കർഷകരുടെ പ്രധാന വരുമാനമാർഗം ഇടവിളകൃഷിയാണ്. മുടക്കുമുതൽ 20 ലക്ഷം വരെ ഇടവേള കൃഷിക്ക് ഒരു ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ കർഷകർ മുടക്കിയിട്ടുണ്ട്. എന്നാൽ മഴയിൽ കൃഷി മുങ്ങിയതോടെ പല കർഷകരും കടക്കെണിയിലായ അവസ്ഥയിലാണ്. കൊവിഡിൽ ജോലി നഷ്ടപ്പെട്ടവരിൽ പലരും കൃഷിയിലേക്ക് തിരിഞ്ഞിരുന്നു. ഭൂമി കുറവുള്ളവർ ഭൂമി പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. കരകൃഷിക്ക് ഇൻഷ്വറൻസ് ഇല്ലാത്തതും കർഷകർക്ക് തിരിച്ചടിയാണ്. " ഇത്തവണ കരപ്പുറം കൃഷിയെ മഴ ചതിച്ചു. ഡിസംബറിൽ ആരംഭിക്കേണ്ട കൃഷി ഇതുവരെ തുടങ്ങാനായിട്ടില്ല. ഇറക്കിയ കൃഷി വെള്ളത്തിലുമായി. കനത്ത നഷ്ടമാണ് കർഷകർക്ക് ഉണ്ടാകാൻ പോകുന്നത്. (രവി,കരപ്പുറം കർഷകൻ,മാരാരിക്കുളം)