സമാന്തര കമ്മറ്റികൾ രൂപീകരിച്ച് പ്രവർത്തിക്കാൻ വിമതവിഭാഗം തയ്യാറെടുക്കുന്നു

മാവേലിക്കര: തദ്ദേശ തിരഞ്ഞെടുപ്പിൽ കനത്തപരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ തെക്കേക്കര പഞ്ചായത്തിൽ കോൺഗ്രസ് പൊട്ടിത്തെറിയി​ലേയ്ക്ക് നീങ്ങുന്നുവെന്ന് സൂചന. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മണ്ഡലം പ്രസിഡന്റുമാർ രാജിവയ്ക്കണമെന്ന ആവശ്യം ഫലപ്രഖ്യാപനത്തിന് പിന്നാലെതന്നെ ഉണ്ടായിരുന്നു. മണ്ഡലം പ്രസിഡന്റുമാർക്കെതിരെ ഒരു വിഭാഗം പടയൊരുക്കം ആരംഭിച്ചിരിക്കുകയാണെന്നാണ് വി​വരം.

തിരഞ്ഞെടുപ്പിൽ 19 വാർഡുകളുള്ള പഞ്ചായത്തിൽ രണ്ടുവാർഡുകളിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്. പഞ്ചായത്തിൽ ആദ്യമായി അക്കൗണ്ട് തുറന്ന ബി.ജെ.പിക്കും രണ്ട് സീറ്റ് ലഭിച്ചു. മുഖ്യപ്രതിപക്ഷമാകാൻ പോലും അംഗങ്ങളില്ലാത്ത അവസ്ഥയാണ് കോൺഗ്രസിന്. ബ്ലോക്ക് പഞ്ചായത്ത് സീറ്റുകൾ എല്ലാ തന്നെ നഷ്ടപ്പെടുകയും ചെയ്തു.

തെക്കേക്കര കിഴക്ക് മണ്ഡലം പ്രസിഡന്റ് ബിജു വർഗീസ്, പടിഞ്ഞാറ് മണ്ഡലം പ്രസിഡന്റ് രാമദാസ് എന്നിവരുടെ നേതൃത്വത്തിന് കീഴിൽ വരാൻ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രവർത്തനം ഏകോപിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് നേതാക്കൾ ജില്ലാ നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ജില്ലാ നേതൃത്വം ഇടപെട്ട് തെക്കേക്കരയിൽ തിരഞ്ഞെടുപ്പ് അവലോകനയോഗം നടത്തി. കെ.പി.സി.സി സെക്രട്ടറി ബാബു പ്രസാദ്, ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.കെ ഷാജു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ഗോപൻ എന്നിവർ പങ്കെടുത്ത യോഗത്തിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികൾ അടക്കം പങ്കെടുത്തിരുന്നു. യോഗത്തിൽ മണ്ഡലം പ്രസിഡന്റുമാരെ മാറ്റണമെന്ന ആവശ്യം ശക്തമായിതന്നെ ഒരു വിഭാഗം മുന്നോട്ടുവച്ചു.

യോഗത്തിൽ പങ്കെടുത്ത നേതാക്കൾ നേതൃത്വമാറ്റമെന്ന ആവശ്യം നിരാകരിക്കുകയും പകരം മണ്ഡലത്തിലെ പ്രവർത്തനം നിയന്ത്രിക്കാൻ പത്തംഗ സ്റ്റിയറിംഗ് കമ്മറ്റിയെ തിരഞ്ഞെടുത്തു. എന്നാൽ ഈ തീരുമാനം അംഗീകരിക്കാൻ ഒരു വിഭാഗം തയ്യാറായില്ല. ഇതോടെ ചർച്ച വഴിമുട്ടുകയും തീരുമാനമാകാതെ യോഗം പിരിയുകയും ചെയ്യുകയായി​രുന്നു. അനുരഞ്ജനത്തിന് തയ്യാറല്ലെന്ന് നേതൃത്വത്തെ അറിയിച്ച വിമതവിഭാഗം പിന്നീട് യോഗം ചേർന്ന് സമാന്തര കമ്മി​റ്റികൾ രൂപീകരിക്കാൻ ധാരണയായിട്ടുണ്ടെന്നാണ് വി​വരം. മണ്ഡലത്തിലെ ഡി.സി.സി അംഗങ്ങളും ബ്ലോക്ക് ഭാരവാഹികളും മുൻ പഞ്ചായത്ത് അംഗങ്ങളും ബഹുഭൂരിപക്ഷം വാർഡ് പ്രസിഡന്റുമാരും കമ്മി​റ്റികളും തങ്ങളോടൊപ്പമാണെന്നാണ് വിമതവിഭാഗത്തി​ന്റെ അവകാശവാദം.