s

അന്യസംസ്ഥാനത്തു നിന്നുള്ള ചെമ്മീൻ വരവ് കുറഞ്ഞു


ആലപ്പുഴ: കൊവിഡും കടലിലെ ചെമ്മീൻ ലഭ്യതക്കുറവും മൂലം ജില്ലയിലെ പീലിംഗ് മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. ചേർത്തല, അമ്പലപ്പുഴ, കാർത്തികപ്പള്ളി താലൂക്കുകളിലെ പീലിംഗ് ഷെഡുകളിൽ പണിയെടുക്കുന്ന ഒരു ലക്ഷത്തോളം തൊഴിലാളികളും 800 ചെമ്മീൻ ഷെഡുടമകളുമാണ് വഴിയാധാരമാകുന്നത്. തമിഴ്‌നാട്, ഒറീസ, ആന്ധ്ര എന്നിവിടങ്ങളിലെ ഫാമുകളിൽ നിന്നുള്ള ചെമ്മീൻ വരവ് ഗണ്യമായി കുറഞ്ഞതും കാരണങ്ങളിലൊന്നായി.

70 ശതമാനം തൊഴിലാളികളും അരൂർ, അമ്പലപ്പുഴ മേഖലയിലുള്ളവരാണ്. 90 ശതമാനവും സ്ത്രീകൾ. രാജ്യത്ത് പ്രതിവർഷം 60,000 കോടി വിദേശനാണ്യം നേടിത്തരുന്ന മത്സ്യ കയറ്റുമതി വ്യവസായത്തിന്റെ നട്ടെല്ലാണ് പീലിംഗ് മേഖല. പരിമിതമായ സാഹചര്യങ്ങളിലാണ് ഭൂരിഭാഗം പേരും തൊഴിലെടുക്കുന്നത്. ചെമ്മീൻ ക്ഷാമം മൂലം ഷെഡുകൾ അടച്ചു പൂട്ടൽ ഭീഷണിയിലാണ്. അന്യസംസ്ഥാനങ്ങളിൽ നിന്ന് മുമ്പ് ലഭിച്ചിരുന്നതിന്റെ 20 ശതമാനം പോലും എത്തുന്നില്ല. കുറവ് പരിഹരിക്കാൻ അന്യസംസ്ഥാനത്ത് നിരവധി ചെമ്മീൻ ഫാമുകളുണ്ട്. സംസ്ഥാനത്ത് ഫാമുകളുടെ എണ്ണം വളരെ കുറവാണ്.

പ്രതിദിനം 500 മുതൽ 800 രൂപ വരെ വേതനം വാങ്ങുന്ന തൊഴിലാളികളുണ്ട്. കൂനിൻമേൽ കുരുപോലെ കൊവിഡ് വന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടി. അന്യസംസ്ഥാനത്തെ ചെമ്മീൻ ഫാമുകളോട് ചേർന്ന് പീലിംഗ് ഷെഡുകൾ ഉള്ളതും വരവ് കുറയാൻ കാരണമായി. ആറു മുതൽ 10 ടൺ വരെ അന്യസംസ്ഥാനത്തു നിന്ന് ജില്ലയിൽ എത്തിക്കണമെങ്കിൽ 70,000- 1.5 ലക്ഷം രൂപവരെ വാഹന വാടക കൊടുക്കേണ്ടി വരും. പൊലീസിന്റെ പരിശോധനയും പിഴയീടാക്കലും മൂലം പലരും അന്യസംസ്ഥാനത്ത് നിന്ന് ചെമ്മീൻ കൊണ്ടുവരാൻ താത്പര്യം കാണിക്കുന്നില്ല.

 പരിഹാരമുണ്ടോ?

കടലിലെ ക്ഷാമം പരിഹരിക്കാൻ സംസ്ഥാനത്ത് കൂടുതൽ ചെമ്മീൻ ഫാമുകൾ (വനാമി കൃഷി) തുടങ്ങാൻ സർക്കാർ സഹായം നൽകണമെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആവശ്യം. തമിഴ്‌നാട്ടിൽ വനാമി കൃഷി നടത്തുന്നവർക്ക് ഒരു യൂണിറ്റ് വൈദ്യുതിയുടെ നിരക്ക് രണ്ട് രൂപയിൽ താഴെയാണെങ്കിൽ സംസ്ഥാനത്ത് 19 രൂപയാണ്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ നിലവിലുള്ള ഫാമുകളിലെ ഉത്പാദനം വർദ്ധിപ്പിക്കാനും കഴിയണം.

 വേതനം

ഒരു ബെയ്സണിലെ (മൂന്നു കിലോ) ചെമ്മീൻ പൊളിക്കാനുള്ള കൂലി 2018ൽ 10ൽ നിന്ന് 17 രൂപയാക്കിയിരുന്നു. ഇപ്പോൾ 24 രൂപ വരെയുണ്ട്. മിനിമം കൂലിയോടൊപ്പം ഇ.എസ്‌.ഐ, പ്രോവിഡന്റ്ഫണ്ട്, ബോണസ്, വർക്കർമാരുടെ വേതനവർദ്ധനവ് എന്നീ വിഷയങ്ങൾ പരിഹരിക്കാൻ കളക്ടർ അദ്ധ്യക്ഷനായ ജില്ലാതല മോണിറ്ററിംഗ് സമിതിയും നിലവിലുണ്ട്. തൊഴിലാളികൾക്ക് ഇപ്പോഴും മുഴുവൻ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല.

.............................

ഷെഡുകൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ ചെമ്മീൻ ഉത്പാദിപ്പിക്കാൻ വനാമി കൃഷിയെ പ്രോത്സാഹിപ്പിക്കണം. പീലിംഗ് ഷെഡുകളുടെ ക്‌ളസ്റ്റർ പഞ്ചായത്ത് തലത്തിൽ രൂപീകരിക്കണം. ചന്തിരൂരിൽ പൊതു ട്രീറ്റ്‌മെന്റ് പ്‌ളാന്റ് സ്ഥാപിക്കണം

ജെ.ആർ.അജിത്, സംസ്ഥാന പ്രസിഡന്റ്, ചേംബർ ഒഫ് കേരള സീഫുഡ് ഇൻഡസ്ട്രി