ആലപ്പുഴ: മിനി സിവിൽസ്റ്റേഷനിലെ മാലിന്യ പ്രശ്നം പരിഹരിക്കാൻ നഗരസഭ എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിക്കും. ഇന്നലെ മിനി സിവിൽ സ്റ്റേഷൻ സന്ദർശിച്ച നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജും വൈസ് ചെയർമാൻ പി.എസ്. എം ഹുസൈനുമാണ് ഇതിനാവശ്യമായ നടപടി സ്വീകരിക്കാമെന്ന് സർവ്വീസ് സംഘടന നേതാക്കൾക്ക് ഉറപ്പ് നൽകിയത്.
ജൈവ , അജൈവ മാലിന്യങ്ങളെ വേർതിരിക്കുന്ന മെറ്റീരിയൽ റീസൈക്ലിംഗ് ഫെസിലിറ്റിയെപ്പറ്റിയും നഗരസഭ ആലോചിക്കുമെന്നും ഇവർ പറഞ്ഞു. കൂടാതെ മിനി സിവിൽസ്റ്റേഷൻ പരിസരത്ത് ഇപ്പോൾ ഉള്ള മാലിന്യങ്ങൾ നീക്കം ചെയ്യാൻ ചെയർപേഴ്‌സൺ നഗരസഭ ആരോഗ്യ വിഭാഗത്തിന് നിർദ്ദേശവും നൽകി . ഭക്ഷണാവശിഷ്ടങ്ങളും അറവുമാലിന്യങ്ങളുമടക്കം പുറത്തുനിന്ന് ഉൾപ്പെടെ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് തള്ളുന്നത് പതിവാണ്. ആയിരക്കണക്കിന് ജനങ്ങൾ ദിവസേന എത്തുന്ന ഇവിടെ മാലിന്യകൂമ്പാരമായി മാറി. രൂക്ഷമായ ദുർഗന്ധവുമുണ്ട്. മിനി സിവിൽ സ്റ്റേഷനിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യം വിവിധ സർവ്വീസ് സംഘടനകളും ഉന്നയിച്ചിട്ടുണ്ട്. നഗരസഭ കൗൺസിലർമാരായ എം.ആർ.പ്രേം, വി.വിനീത, ശ്വേത.എസ്. കുമാർ, പൊതുമരാമത്ത് ബിൽഡിംഗ് സബ്ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ജെ .എൽ .ഏബിൾമോൻ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
ജോയിന്റ് കൗൺസിലിന്റെ നിവേദനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി .എസ്. സന്തോഷ് കുമാർ ചെയർപേഴ്‌സണ് കൈമാറി. ജില്ലാ സെക്രട്ടറി വി .എസ്. സൂരജ്, സംസ്ഥാന കമ്മിറ്റിയംഗം സി. സുരേഷ്, ടൗൺ മേഖലാ പ്രസിഡന്റ് ധന്യ പൊന്നപ്പൻ, സെക്രട്ടറി സഹീർ ഷെരീഫ്, എൻ. ജി. ഒ .യൂണിയൻ ടൗൺ ഏരിയാ സെക്രട്ടറി പി. എസ്. സൈറസ്, നേതാക്കളായ ജി .ആനന്ദ്, സന്തോഷ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.