ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ചുമതലയേറ്റ ജനപ്രതിനിധികൾക്കുള്ള പരിശീലനം കിലയുടെ നേതൃത്വത്തിൽ ഇന്നു മുതൽ 16 വരെ സംഘടിപ്പിക്കും. കൊവിഡ് സാഹചര്യത്തിൽ ഓൺലൈൻ പരിശീലനമാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്തുകൾക്കും നഗരസഭകൾക്കും ബ്ലോക്ക് പഞ്ചായത്തുകൾക്കും പ്രത്യേക സമയം നിശ്ചയിച്ച് കേന്ദ്രീകൃതമായ വീഡിയോ സെഷനുകൾ അവതരിപ്പിച്ചാണ് പരിശീലനം. ഈ സമയത്ത് ഓരോ തദ്ദേശഭരണ സ്ഥാപനങ്ങളിലും കില ചുമതലപ്പെടുത്തിയ റിസോഴ്‌സ് ടീമും ഉണ്ടാകും. ലൈവ് സ്ട്രീം ചെയ്യുന്ന വീഡിയോ സെഷനുകൾക്കുശേഷം ചോദ്യോത്തരങ്ങൾക്കും ചർച്ചകൾക്കുമുള്ള സമയമുണ്ടാകും.
പരിശീലനത്തിൽ പൊതുഭരണം, ആസൂത്രണം, ധനകാര്യ പരിപാലനം, പൊതുമരാമത്ത്, സാമൂഹ്യ ക്ഷേമ പദ്ധതികൾ, സാമൂഹ്യ നീതി, സ്ത്രീ ശാക്തീകരണം, മാലിന്യ പരിപാലനം തുടങ്ങിയ വിഷയങ്ങളിലുള്ള ക്ലാസുകളാണ് ഉണ്ടാകും.

പരിശീലനത്തിന് എട്ട് കൈപ്പുസ്തകങ്ങൾ അടങ്ങിയ പുസ്തക സഞ്ചയമാണ് കില തയ്യാറാക്കിയിരിക്കുന്നത്.