ചെങ്ങന്നൂർ: കത്തികാട്ടി ഭീഷണിപ്പെടുത്തി വാഹനം തട്ടികൊണ്ടുപോയെന്ന് പരാതി. കിടങ്ങൂരിൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന വള്ളികുന്നം മുളക്കവിളയിൽ ഭാസ്ക്കരൻ മകൻ ശ്രീപതിയുടെ മാരുതി സെലേരിയോ കാർ ആണ് ബൈക്കിലെത്തിയ 30 വയസിൽ താഴെ പ്രായം തോന്നിക്കുന്ന യുവാവ് തട്ടിക്കൊണ്ട് പോയത്. ചൊവ്വാഴ്ച പുലർച്ചെ 12.30 ഓടെയാണ് സംഭവം. വീഡിയോ ഗ്രാഫറായ യുവാവിനെ ചങ്ങനാശേരി മുതൽ ബൈക്കിൽ ഒരാൾ പിൻതുടർന്നിരുന്നു. ചെങ്ങന്നൂർ എൻജിനിയറിംഗ് കോളേജ് ജംഗ്ഷൻ കഴിഞ്ഞതോടെ ഇയാൾ മുൻപിൽ കയറുകയും കൈവീശി കാർനിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. കാര്യം തിരക്കാൻ ഗ്ലാസ് താഴ്ത്തിയപ്പോൾ ബൈക്കിൽ എത്തിയ യുവാവ് ബൈക്കിൽ നിന്നിറങ്ങി
കത്തി എടുത്ത് കഴുത്തിന് നേരെ വെച്ചതിന് ശേഷം ഡോർതുറന്ന് തന്നോട് അടുത്ത സീറ്റിലേക്ക് നീങ്ങിയിരിക്കാൻ ആവശ്യപ്പെടുകയും യുവാവ് വാഹനത്തിൽ കയറി ടൗൺചുറ്റി കറങ്ങിയ ശേഷം
ശ്രീപതിയെ പുളിക്കീഴ് സ്റ്റേഷൻ അതിർത്തിയിലെ നിരണത്ത് ഇറക്കിവിട്ട് കാറുമായി കടന്നു കളയുകയായിരുന്നു.ഇതിനിടെ ശ്രീപതിയുടെ സ്വർണമാല,മോതിരം, മൊബൈൽ ഫോൺ, കാമറ എന്നിവയും അപഹരിച്ചുവെന്ന് ശ്രീപതി പൊലീസിനു നൽകിയ പരാതിയിൽ പറഞ്ഞു.
ക്യാമറലൻസ്, ഹാർഡ് ഡിസ്ക്, പേഴ്സ്, എറ്റിഎം കാർഡ്, ലൈസൻസ്, മറ്റ് രേഖകൾ എന്നിവയും വാഹനത്തിൽ ഉണ്ടായിരുന്നു. ഇയാൾ എത്തിയ ബൈക്ക് മോഷണം പോയതാണന്ന് കാട്ടി മാമ്പുഴക്കരി സ്വദേശി റിജേഷ് ദാസ് സ്റ്റേഷനിൽ ഇന്നലെ രാവിലെ പരാതി നൽകിയതായി രാമങ്കരി
പൊലീസ് അറിയിച്ചു. തട്ടിക്കൊണ്ട് പോയ വാഹനം കൊല്ലം ഈസ്റ്റ് പോലീസ്റ്റേഷൻ അതിർത്തിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പ്രതിയെപ്പറ്റി സൂചന ലഭിച്ചതായും ഉടൻ പിടിയിലാകുമെന്നും കേസ് അന്വേഷിക്കുന്നതിനായി സ്പെഷ്യൽ ടീം രൂപീകരിച്ചുവെന്നും ഡിവൈ.എസ്. പി എം.കെ ബിനുകുമാർ പറഞ്ഞു.