അമ്പലപ്പുഴ: കാറിൽ നിന്ന്, 18 ഗ്രാം സ്വർണ്ണ വളകൾ അടങ്ങിയ ബാഗും തിരിച്ചറിയൽ രേഖകളും ഉൾപ്പെടെയുള്ള ബാഗ് കവർന്നയാളുടെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു.
തകഴി ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് കൊടിയേഴം വീട്ടിൽ അനീഷിന്റെ ഭാര്യ വാണിയുടെ ബാഗ് കാറിൽ നിന്നു മോഷ്ടിച്ചയാളുടെ ദൃശ്യങ്ങളാണ് അമ്പലപ്പുഴ പൊലീസ് പുറത്തുവിട്ടത്. കഴിഞ്ഞ 9ന് ഉച്ചയ്ക്ക് അമ്പലപ്പുഴ കച്ചേരി മുക്കിന് കിഴക്ക് ഭാഗത്തുള്ള സ്വർണക്കടയുടെ മുന്നിൽ നിറുത്തിയിരുന്ന കാറിൽ നിന്നാണ് ബാഗ് കവർന്നത്. അനീഷും, വേണിയും കൂടി കടയിലേക്ക് കയറിയ സമയത്താണ് ബാഗ് നഷ്ടപ്പെട്ടത്. ആറ് ഗ്രാം വീതം തൂക്കമുള്ള മൂന്ന് വളകൾ, 500 രൂപ, മറ്റ് തിരിച്ചറിയൽ രേഖകൾ തുടങ്ങിയവ ബാഗിലുണ്ടായിരുന്നു. അമ്പലപ്പുഴ പൊലീസ് അന്വേഷണം തുടരുകയാണ്.