e-auto

സ്റ്റാൻഡുകളിൽ നിന്ന് ആട്ടിയോടിക്കുന്നു

ആലപ്പുഴ: ഉപജീവനത്തിന് പുതിയൊരു വഴി എന്നു കണക്കുകൂട്ടിയാണ് ആലപ്പുഴ സ്വദേശി ഷിബുരാജ് ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങിയത്. പക്ഷേ, കണക്കു തെറ്റി! വണ്ടിയിടാൻ സ്റ്റാൻഡ് കിട്ടുന്നില്ല. 'പരമ്പരാഗത' ഇന്ധനങ്ങൾ ഉപയോഗിച്ച് ഓടുന്ന ഓട്ടോ ഡ്രൈവർമാർക്ക് ഇലക്ട്രിക് ഓട്ടോ കാണുന്നതു തന്നെ ചതുർത്ഥി. പരിസ്ഥിതി സൗഹൃദമായതിനാൽ പ്രത്യേക പരിഗണനകൾ ലഭിക്കുന്ന ഈ വിഭാഗം ഓട്ടോറിക്ഷകൾക്ക് ഇടം അന്വേഷിച്ച് അലയുകയാണ് ഉടമകൾ.

ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ പദ്ധതികളിലും സബ്ഡിസി വായ്പകളിലും വിശ്വസിച്ച യുവാക്കൾ ഇന്ന് ഇ- ഓട്ടോ എന്ന സ്വപ്നം മനസിൽ തന്നെ ഒതുക്കുകയാണ്. പരിസ്ഥിതിയെ നശിപ്പിക്കാത്ത വാഹനം എന്ന നിലയിൽ പ്രത്യേക പെർമിറ്റ് ഇല്ലാതെ സംസ്ഥാനത്ത് എവിടെ വേണമെങ്കിലും ഇ - ഓട്ടോ ഓടിക്കാം. എവിടെ നിന്നും യാത്രക്കാരെ എടുക്കാം, ഏത് സ്റ്റാൻഡിലും പാർക്ക് ചെയ്യാം. ഡ്രൈവർക്ക് കാക്കി യൂണിഫോം വേണ്ട. നാലുചക്ര വാഹനം ഓടിക്കാനുള്ള ലൈസൻസ് മാത്രം മതി. ഗുണം പ്രതീക്ഷിച്ച് നൽകിയ ഇത്തരം ഇളവുകളാണ് ഇ- ഓട്ടോറിക്ഷകൾക്ക് പൊല്ലാപ്പായിരിക്കുന്നത്.

ജില്ലയിൽ പത്തിൽ താഴെ ഇ- ഓട്ടോറിക്ഷകൾ മാത്രമാണുള്ളത്. ഇവ പഞ്ചായത്ത് പരിധികളിലാണ് പാത്തും പതുങ്ങിയും ഓടുന്നത്. പ്രകൃതി സൗഹൃദമെന്ന നിലയ്ക്ക് സർക്കാർ വായ്പ നൽകിയും സബ്സിഡി നൽകിയും ഇറക്കിയ, വായു - ശബ്ദ മലിനീകരണങ്ങൾ ഉണ്ടാക്കാത്ത വാഹനങ്ങളാണിവ. ഊർജ ഉപഭോഗം തീരെ കുറവാണ്. വാഹനത്തിൽ നിന്ന് പുകയോ, വലിയ ശബ്ദമോ ഉണ്ടാവില്ല. നഗരത്തിൽ ഓടണമെങ്കിൽ സ്റ്റാൻഡ് പെർമിറ്റ് വേണമെന്ന് മേഖലയിലെ മറ്റ് തൊഴിലാളികൾ സൃഷ്ടിച്ച അലിഖിത ചട്ടമാണ് വെല്ലുവിളി. ഏതെങ്കിലും സ്റ്റാൻഡിൽ നിറുത്തിയിടാനും അനുമതി ലഭിക്കില്ല. 2019 ആഗസ്റ്റിൽ സംസ്ഥാന ട്രാൻസ്പോർട്ട് കമ്മിഷണർ ഇറക്കിയ ഉത്തരവിൽ ഇ- ഓട്ടോകൾക്ക് ഇടം ഒരുക്കണമെന്ന് അതത് ആർ.ടി.ഒമാർക്ക് നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ സ്വസ്ഥതയില്ലാതെ അലയുകയാണ് ഹരിത ഓട്ടോറിക്ഷകൾ.

കടക്കെണിയിലേക്ക്

2.85 ലക്ഷം വരെയാണ് മഹീന്ദ്ര ഇ- ഓട്ടോയുടെ വില. രണ്ടായിരം വാട്സ് ശേഷിയുള്ള ഒരു ലക്ഷത്തിലധികം രൂപയുടെ ബാറ്ററി അടക്കമുള്ള തുകയാണിത്. മുഴുവൻ ഇടപാടും തീർത്ത് നിരത്തിലിറക്കാൻ മൂന്നരലക്ഷം രൂപ ചിലവാകും. ലോണെടുത്ത് വാഹനം വാങ്ങിയിട്ട് ഓടാൻ അവസരം ലഭിച്ചില്ലെങ്കിൽ കടക്കെണിയാവും മിച്ചം.

ചാർജിംഗ് പ്രതിസന്ധി

നാല് മണിക്കൂർ ചാർ‌ജ് ചെയ്താൽ 130 കിലോമീറ്റർ ഓടാം. കിലോമീറ്ററിന് 50 പൈസ എന്ന നിരക്കിൽ 130 കിലോമീറ്ററിന് 65 രൂപയേ ചിലവാകൂ. എന്നാൽ ജില്ലയിൽ ചാർജിംഗ് സ്റ്റേഷനുകൾ ഇല്ലാത്തതാണ് പ്രതിസന്ധി. ദീർഘദൂര യാത്രയ്ക്ക് ചാർജിംഗ് സ്റ്റേഷനുകളുടെ അഭാവം വെല്ലുവിളിയാണ്.

.........................................

പെർമിറ്റില്ലാതെ നഗരപ്രദേശത്ത് ഇ- ഓട്ടോ ഓടിക്കാനോ, സ്റ്റാൻഡിൽ കിടക്കാനോ അനുവദിക്കില്ലെന്നാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഇലക്ട്രിക് ഓട്ടോറിക്ഷകൾക്കും നഗരത്തിൽ ഓടാനുള്ള പെർമിറ്റ് അനുവദിച്ച് കിട്ടിയാൽ പ്രശ്നത്തിന് പരിഹാരമാകും

ഷിബുരാജ്, ആലപ്പുഴ

............................

ഇ- വെഹിക്കിൾ പോളിസിയുടെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് പ്രത്യേക പെർമിറ്റ് ആവശ്യമില്ലാത്ത തരത്തിൽ ഇ- ഓട്ടോകൾ നിരത്തിലിറക്കുന്നത്. അവയുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കാനാവില്ല

മോട്ടോർ വാഹന വകുപ്പ് അധികൃതർ