മാവേലിക്കര: നഗരസഭാ ചെയർമാന്റെ കാറിന് ഡ്രൈവറെ നിയമിക്കുന്നതിന് കൗൺസിൽ അംഗീകാരം ലഭിക്കാതിരുന്നതിനെത്തുടർന്ന് ചെയർമാൻ ഇന്നലെ ഓഫീസിലെത്തിയത് സ്വന്തം സൈക്കിളിൽ.
കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗത്തിൽ ബി.ജെ.പി, സി.പി.എം അംഗങ്ങൾ ഒന്നിച്ച് നിന്നതോടെ ചെയർമാന്റെ കാറിന് ഡ്രൈവറെ നിയമിക്കുന്നതിനുള്ള അജണ്ട പാസാക്കിയെടുക്കാൻ കഴിഞ്ഞില്ല.
തുടർന്ന് ചെയർമാൻ നിയമിച്ച അനു എന്ന താത്കാലിക ജീവനക്കാരന്റെ നിയമനത്തിന് അംഗീകാരം ലഭിച്ചില്ല.
ഡ്രൈവറെ നൽകില്ലെങ്കിൽ വാഹനവും വേണ്ടെന്ന് വച്ച ചെയർമാൻ താക്കോൽ സെക്രട്ടറിക്ക് കൈമാറി. ചൊവ്വാഴ്ച വൈകിട്ട് സുഹൃത്തിന്റെ സ്കൂട്ടറിന്റെ പിന്നിലിരുന്നാണ് വീട്ടിലേക്ക് പോയത്.
വീട്ടിലെത്തിയ ചെയർമാൻ തന്റെ സന്തതസഹചാരിയായിരുന്ന സൈക്കിൾ പൊടിതട്ടിവെച്ചു. ഇന്നലെ രാവിലെ നഗരസഭയിലേക്ക് ആവശ്യമായ ഫയലുകളും പേപ്പറുകളും അടങ്ങിയ ബാഗ് സൈക്കിളിന്റെ പിന്നിലെ കാരിയറിൽ എടുത്ത് വച്ച് നഗരസഭയിലേക്ക് ചവിട്ടി നീങ്ങിയപ്പോൾ അതൊരു സൗമ്യമായ പ്രതിഷേധമായി.
കൗൺസിലിൽ ആശയക്കുഴപ്പം
ആറ് വാഹനങ്ങളുള്ള നഗരസഭയിൽ രണ്ട് സ്ഥിരം ഡ്രൈവർമാരും 4 താത്കാലിക ഡ്രൈവർമാരുമാണ് ഉള്ളത്. ഇതിൽ ഒരാളിന്റെ ഒഴിവുണ്ടായിരുന്നു. എന്നാൽ കൗൺസിൽ യോഗത്തിൽ സെക്രട്ടറി 6 ഡ്രൈവർമാർ നിലവിലുണ്ടെന്ന് പറഞ്ഞത് ചെയർമാൻ നിയമിച്ച ഡ്രൈവറെയും കൂട്ടിയായിരുന്നു. അധികം ആളിനെ എടുക്കേണ്ടതില്ലെന്ന നിലപാട് ബി.ജെ.പി, സി.പി.എം അംഗങ്ങൾ സ്വീകരിച്ചപ്പോൾ സെക്രട്ടറി തിരുത്തിയതുമില്ല.
എന്നാൽ ഇപ്പോഴും ആറാമത്തെ ഡ്രൈവറുടെ ഒഴിവ് നിലവിലുണ്ട്. ചെയർമാന് ഇനിയും കൗൺസിൽ അംഗീകാരത്തോടെ ഡ്രൈവറെ നിയമിക്കാവുന്നതേയുള്ളൂ. അധിക നിയമത്തെയാണ് ബി.ജെ.പി, സി.പി.എം അംഗങ്ങൾ എതിർത്തത്.