ആലപ്പുഴ : പുതിയ റോഡ് വന്നപ്പോൾ കുടിവെള്ളം മുട്ടിയ അവസ്ഥയിലാണ് കളർകോട് നിവാസികൾ. ദേശീയപാതയ്ക്ക് സമാന്തരമായുള്ള കളർകോട് പഴയ നടക്കാവ് റോഡിനരികിൽ താമസിക്കുന്നവർക്കാണ് ഈ ദുർഗതി. ഇവിടെ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകാൻ തുടങ്ങിയിട്ട് ഒരു മാസത്തോളമായി.
പൈപ്പ് പൊട്ടിയ ഭാഗത്ത് ആഴത്തിലുള്ള കുഴിയും രൂപം കൊണ്ടിട്ടുണ്ട്. അടുത്തിടെയാണ് പുനർനിർമ്മാണം പൂർത്തിയായ റോഡിന്റെ ഉദ്ഘാടനം നടന്നത്. തിരഞ്ഞെടുപ്പ് സമയത്താണ് റോഡിൽ പൈപ്പ് പൊട്ടൽ ശ്രദ്ധയിൽപ്പെട്ടതെന്ന് പ്രദേശവാസികൾ പറയുന്നു. നിരവധി തവണ പരാതി പറഞ്ഞെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. കുഴിയിൽ കെട്ടിനിൽക്കുന്ന വെള്ളം, വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്രികരുടെ ദേഹത്ത് തെറിച്ചുവീഴുന്നതും പതിവാണ്. റോഡിലെ കുഴി ബൈക്ക് യാത്രക്കാർക്കും ഭീഷണിയാണ്.
കളർകോടിന്റെ വിവിധഭാഗങ്ങളിൽ പകൽസമയം പൈപ്പിൽ വെള്ളംകിട്ടാറില്ല. അധികൃതരെ വിവരമറിയിച്ചിട്ടും നടപടിയുണ്ടായിട്ടില്ല. പ്രശ്നത്തിന് അടിയന്തര പരിഹാരം വേണം
- പ്രദേശവാസികൾ
പഴയനടക്കാവ് റോഡിലെ പൈപ്പ് ചോർച്ച ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. റോഡ് ടാർ ചെയ്ത സമയത്ത് വന്ന പിശക് മൂലം പൈപ്പ് പൊട്ടിയതെന്നാണ് മനസിലാക്കുന്നത്. ചോർച്ച പരിഹരിക്കാൻ റോഡ് വെട്ടിപ്പൊളിക്കണം. ഇതിനായി പി.ഡബ്യു.ഡിക്ക് ഓൺലൈൻ അപേക്ഷ നൽകി. അനുമതി ലഭിക്കുന്ന മുറയ്ക്ക് പ്രവൃത്തി ആരംഭിക്കും
- വാട്ടർ അതോറിട്ടി അധികൃതർ