s

27000ഹെക്ടർ നെൽകൃഷിയും നൂറ് കണക്കിന് വീടുകളും വേലിയേറ്റ ഭീതി​യി​ൽ

ആലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേ, തണ്ണീർമുക്കം ബണ്ട് എന്നിവി​ടങ്ങളിലെ ഷട്ടറുകൾ ഉയർത്തിയിട്ടും കുട്ടനാട്, അപ്പർകുട്ടനാടൻ മേഖലയിലെ ജലനിരപ്പ് താഴാത്തത് കർഷകരെ ആശങ്കയിലാഴ്ത്തുന്നു. അപ്രതീക്ഷിതമായ വേലിയേറ്റത്തിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതും കടലിലേക്ക് വെള്ളം ഒഴുകാത്തതും സ്ഥി​തി​ഗതി​കൾ രൂക്ഷമാക്കി.

മേഖലയിലെ 27,000 ഹെക്ടർ പാടശേഖരങ്ങളിലെ പുഞ്ചക്കൃഷിയെ ഇത് ദോഷകരമായി​ ബാധി​ക്കും. മുൻകാലങ്ങളിലെ പോലെ ഇറിഗേഷൻ വകുപ്പിന്റെ മേൽനോട്ടത്തിൽ ചെറുതും വലുതുമായ 564 ഓരുമുട്ടുകളുടെ നിർമാണം പൂർത്തീകരിച്ചു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇന്നലെ കരിമുളയ്ക്കൽ ഭാഗത്ത് നിർമ്മിച്ച ഓരുമുട്ട് തകർന്നു. വേലിയേറ്റത്തിൽ വേമ്പനാട്, കായംകുളം കായലുകൾ വഴിയാണ് ഓരുജലം കയറുന്നത്. വേലിയേറ്റം മൂലമുള്ള മടവീഴ്ചയും കൃഷി നാശവും തടയാൻ തണ്ണീർമുക്കം ബണ്ടിലെയും തോട്ടപ്പള്ളി സ്പിൽവേയിലെയും ഷട്ടറുകൾ ഉയർത്താനും തൃക്കുന്നപ്പുഴ നാവിഗേഷൻ ലോക്ക് റെഗുലേറ്റ് ചെയ്യാനും കഴിഞ്ഞ എട്ടിന് മന്ത്രി വി.എസ്.സുനിൽകുമാർ നിർദേശം നൽകിയിരുന്നു. ഷട്ടറുകൾ ഉയർത്തിയിട്ടും കടലിലേക്ക് നീരൊഴുക്ക് ശക്തമാകാത്തതും കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതും നെൽകൃഷിക്കും കായൽ തീരങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾക്കും ഭീഷണിയായി. ഷട്ടറുകൾ ഉയർത്തിയതിന് പുറമേ, നീരൊഴുക്ക് തടസപ്പെടും വിധം തോട്ടപ്പള്ളി പൊഴിമുഖത്തുണ്ടായിരുന്ന മണൽത്തിട്ട മുറിച്ചു നീക്കി. സമുദ്രത്തിലെ ജലനിരപ്പ് കായലിലേതി​നേക്കാൾ ഉയർന്ന നിലയിലായതിനാലാണ് ഓരുജല ഭീഷണിയും വെള്ളപ്പൊക്ക ഭീഷണിയും അനുഭവപ്പെടുന്നത്. തിരഞ്ഞെടുപ്പ് മൂലം ഇത്തവണ ഓരുമുട്ട് നിർമ്മാണം വൈകിയിരുന്നു. നെൽകൃഷിയെപ്പോലെ തന്നെ ഇടവിളക്കൃഷി, മരച്ചീനി, ജാതി കൃഷി, വാഴത്തോട്ടം, പച്ചക്കറിക്കൃഷി എന്നിവയ്ക്കും ഭീഷണിയാണ് ഉപ്പുവെള്ളം.

നൂറ് കണക്കിന് വീടുകൾ വെള്ളക്കെട്ടിൽ

അരൂർ മേഖലയി​ൽ കഴിഞ്ഞ രണ്ടാഴ്ചയായി അനുഭവപ്പെടുന്ന വേലിയേറ്റത്തിൽ നൂറ് കണക്കിന് കർഷക-മത്സ്യത്തൊഴിലാളികളുടെ വീടുകൾ വെള്ളക്കെട്ടിലായി. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കായലിൽനിന്ന് ജലം കരയിലേക്ക് ശക്തമായി ഒഴുകിയാണ് വെള്ളക്കെട്ടുണ്ടായതെന്ന് നാട്ടുകാർ പറയുന്നു. മുൻകാലയളവി​ലെ പോലെ ഡിസംബറിൽ പൂർത്തീകരിക്കേണ്ടിയിരുന്ന ഓരുജലമുട്ടുകൾ ഇത്തവണ ജനുവരിയിലാണ് നിർമ്മിച്ചത്.

നെൽകൃഷിക്ക് ഭീഷണി

തോട്ടപ്പള്ളി സ്പിൽവേയിലെ ഷട്ടറുകളുടെ കേബിൾ മോഷ്ടിച്ചതോടെ, ഉയർത്തിയ ഷട്ടറുകൾ താഴ്ത്താൻ പറ്റാത്ത അവസ്ഥയുണ്ടായിരുന്നു. ഇതോടെ പാടശേഖരങ്ങളിലെ പുറംതോടുകളിലെ വെള്ളത്തിൽ ഓരിന്റെ അളവ് ക്രമാതീതമായി വർദ്ധിച്ചു. കഴി​ഞ്ഞ ദി​വസം മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിലെ കൃഷി അസി.ഡയറക്ടർ സ്മിതയുടെ നേതൃത്വത്തിൽ തൃക്കുന്നപ്പുഴ മുതൽ കുട്ടനാട്, അപ്പർകുട്ടനാട് പ്രദേശത്തെ തോടുകളിൽ നിന്ന് ഉപ്പു വെള്ളം എടുത്തു പരിശോധന നടത്തി.

വെള്ളത്തിൽ രണ്ട് യൂണിറ്റിൽ കൂടുതൽ ഉപ്പിന്റെ അളവ് കൂടിയാൽ നെൽകൃഷിയുടെ വിളവിനെ ബാധിക്കും. കുട്ടനാട്ടിലെ പല പ്രദേശത്തും നടത്തിയ പരിശോധനയിൽ 9മുതൽ 20 യൂണിറ്റിന് മേലാണ് ഉപ്പിന്റെ അളവ്.

 ഷട്ടറുകൾ താഴ്ത്തി

ഉപ്പ് വെള്ളം കയറുന്നതിനെ തുടർന്ന് തോട്ടപ്പളളി പൊഴിമുഖത്തെ മുഴുവൻ ഷട്ടറുകളും താഴ്ത്തി. കഴിഞ്ഞ ദിവസം 28ഷട്ടറുകളുടെ കേബിൾ മോഷണം പോയിരുന്നു. ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ താൽക്കാലിക സംവിധാനം ഏർപ്പെടുത്തിയാണ് ഷട്ടറുകൾ താഴ്ത്തിയത്.

'തിരഞ്ഞെടുപ്പ് കഴിഞ്ഞ് ജില്ലയിലെ മുഴുവൻ ഓരുമുട്ടുകളുടെയും നിർമ്മാണം പൂർത്തീകരിച്ചു. ഇന്നലെ കരിമുളക്കൽ ഭാഗത്തെ മുട്ട് തകർന്നിരുന്നു.

എക്‌സിക്യൂട്ടിവ് എൻജിനിയർ, മൈനർ ഇറിഗേഷൻ, ചെങ്ങന്നൂർ