s

ആലപ്പുഴ : ജില്ലയിൽ ആദ്യഘട്ടം രജിസ്‌ട്രേഷൻ പൂർത്തിയായവർക്ക് 16 മുതൽ ഒൻപത് കേന്ദ്രങ്ങളിൽ കൊവിഡ് പ്രതിരോധ വാക്‌സിൻ നല്കുമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, ചെങ്ങന്നൂർ, മാവേലിക്കര ജില്ലാ ആശുപത്രികൾ, കായംകുളം താലൂക്ക് ആശുപത്രി, ചെട്ടികാട് ആർ.എച്ച്.റ്റി.സി, പുറക്കാട് പ്രാഥമികാരോഗ്യകേന്ദ്രം, ചെമ്പുംപുറം സാമൂഹികാരോഗ്യകേന്ദ്രം, ചേർത്തല സേക്രട്ട് ഹാർട്ട് ആശുപത്രി എന്നിവിടങ്ങളാണ് വാക്‌സിനേഷൻ കേന്ദ്രങ്ങൾ. രജിസ്റ്റർ ചെയ്തവർ രജിസ്‌ട്രേഷന് സമർപ്പിച്ച മൊബൈൽ ഫോണിലെ എസ്.എം.എസ്. ശ്രദ്ധിക്കേണ്ടതാണ്. വാക്‌സിൻ എടുക്കേണ്ട തീയതി, എത്തിച്ചേരേണ്ട വാക്‌സിനേഷൻ കേന്ദ്രം, സമയം എന്നിവ എസ്.എം.എസിലൂടെ ലഭ്യമാക്കും. സന്ദേശം ലഭിച്ചവർ കൃത്യമായി കേന്ദ്രത്തിൽ എത്തിച്ചേരണം. കൊവിഡ് രോഗം സ്ഥിരീകരിച്ചതോ നിരീക്ഷണത്തിൽ കഴിയുന്നവരോ പനി, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവരോ വാക്‌സിനേഷൻ കേന്ദ്രത്തിൽ എത്തേണ്ട. ഇവർക്ക് പിന്നീട് തീയതിഅറിയിച്ചുള്ള സന്ദേശം ലഭിക്കും.