അമ്പലപ്പുഴ: തെരുവുനായ്ക്കളുടെ കടിയേറ്റ പശുക്കൾ പേവിഷബാധയെത്തുടർന്ന് ചത്തു. പുന്നപ്രവടക്ക്, പുന്നപ്രതെക്ക്, അമ്പലപ്പുഴവടക്ക് പഞ്ചായത്തുകളിലായി 12 പശുക്കളാണ് ദിവസങ്ങൾക്കുള്ളിൽ ചത്തത്. നിരവധിപശുക്കൾ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് ചികിത്സയിലാണ്.
പട്ടിയുടെ കടിയേറ്റാൽ ലക്ഷണങ്ങൾ കാണാൻ വൈകുന്നത് മൂലം കൃത്യമായി എത്രയെണ്ണത്തിന് പേവിഷബാധയേറ്റിട്ടുണ്ടെന്ന കാര്യത്തിൽ വ്യക്തതയുമില്ല. മൃഗാശുപത്രിയിൽ പേവിഷബാധയ്ക്കുള്ള വാക്‌സിനുകൾ ലഭ്യമല്ല. കർഷകർ തന്നെ മരുന്ന് വാങ്ങി നൽകണം. ഇത് ക്ഷീരകർഷകരെ കൂടുതൽ പ്രതിസന്ധിയിലാഴ്ത്തുന്നു. വാക്‌സിനും മരുന്നിനുമായി ഒരുപശുവിന് 1,300 രൂപയോളമാണ് കർഷകർക്ക് ചെലവ്.60000 രൂപയോളം വിലയുള്ള പശുക്കളാണ് ചത്തതെന്ന് ക്ഷീര കർഷകർ പറഞ്ഞു.വായിൽ നുരയും പതയും, നീട്ടിയുള്ള കരച്ചിൽ, വെപ്രാളപ്പെടുക തുടങ്ങിയ ലക്ഷണങ്ങളാണ് കാണപ്പെടുന്നത്. ലക്ഷണങ്ങൾ കണ്ടതിനെല്ലാം വാക്‌സിനേഷൻ നൽകിയതായി അധികൃതർ പറഞ്ഞു.