തിയേറ്ററുകൾ നിറച്ച് മാസ്റ്ററെത്തി
ആലപ്പുഴ: നീണ്ട 308 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ബിഗ് സ്ക്രീനിൽ ആദ്യമായി തെളിഞ്ഞ വിജയ് ചിത്രം 'മാസ്റ്ററി'നെ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. രാവിലെ 8.30ന് ആരംഭിച്ച ഫാൻസ് ഷോ മുതൽ തിയേറ്റർ സീറ്റുകൾ സാമൂഹിക അകലം പാലിച്ച് ഹൗസ് ഫുള്ളായിരുന്നു.
ഓൺലൈൻ റിസർവേഷൻ വഴി ഇന്നത്തെ ടിക്കറ്റുകളും വിറ്റഴിഞ്ഞു. ഫാൻസ് ഷോ പ്രമാണിച്ച് ചെണ്ടമേളവും കൊട്ടും പാട്ടുമൊക്കെ ഉണ്ടാകാറുണ്ട്. എന്നാൽ ഇത്തവണ പുറം കാഴ്ചകൾ വ്യത്യസ്തമായിരുന്നു. എന്നാൽ പടം ആരംഭിച്ച ആദ്യ മിനുട്ട് മുതൽ തിയേറ്ററുകളിൽ ആവേശാരവങ്ങൾ ഉയർന്നു. കൊവിഡിന് പിന്നാലെയെത്തുന്ന ആദ്യ ബിഗ് റിലീസ് എന്ന അധിക പബ്ലിസിറ്റി ലഭിച്ചതോടെ വിജയ് പടം പ്രേക്ഷകരെ വീണ്ടും തീയേറ്ററുകളിലേക്ക് അടുപ്പിക്കുകയാണ്. രാവിലെ 9 മുതലാണ്, ഷോ നടത്താൻ സർക്കാർ അനുമതി നൽകിയതെങ്കിലും അതിരാവിലെ തന്നെ എല്ലാ തിയേറ്ററുകൾക്ക് മുന്നിലും തിരക്കുണ്ടായിരുന്നു. മാസ്ക് നിർബന്ധമാക്കി, പ്രവേശന കവാടത്തിൽ സാനിട്ടൈസർ നൽകി, ഒന്നിട വിട്ട് സീറ്റുകളിൽ മാത്രം അനുമതി നൽകിയായിരുന്നു പ്രദർശനം.
ലേഡീസ് ഷോ
വിജയ് ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ വനിത ആരാധകർക്ക് വേണ്ടി പ്രത്യേക ഷോ നടത്തി. ആലപ്പുഴ പങ്കജ് തിയേറ്ററിലായിരുന്നു ലേഡീസ് ഷോ നടത്തിയത്. പുരുഷ ആരാധകർക്കൊപ്പം തന്നെ ആവേശത്തിലും ആഹ്ലാദത്തിലുമായിരുന്നു സ്ത്രീ പ്രേക്ഷകരും.
പ്രതീക്ഷയോടെ
കാത്തിരുന്നെത്തിയ മാസ് പടത്തിന് പ്രതീക്ഷിച്ചതു പോലെ പ്രേക്ഷകരെ ലഭിച്ചതിന്റെ ആശ്വാസത്തിലാണ് തിയേറ്റർ ഉടമകൾ. 50 ശതമാനം ആളുകളെ മാത്രമേ കയറ്റാൻ സാധിക്കൂ എന്നതാണ് പ്രതിസന്ധി. വരുമാനം നേർ പകുതിയായി ചുരുങ്ങും. ഷോകളുടെ എണ്ണം കൂട്ടാൻ അനുവാദവുമില്ല. വരും ദിവസങ്ങളിൽ മലയാളം റിലീസുകൾ തുടങ്ങുന്നതോടെ സ്ഥിതിഗതികൾക്ക് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് തിയേറ്റർ മേഖല.
അകലം മറന്നു
തിയേറ്ററിൽ സാമൂഹിക അകലം നിർബന്ധമാണെങ്കിലും പുറത്ത് ഈ അകലമില്ലായിരുന്നു. നിയന്ത്രിക്കാൻ സെക്യൂരിറ്റി ജീവനർക്കാർക്കും കഴിഞ്ഞില്ല. ടിക്കറ്റ് കൗണ്ടറിന് മുന്നിൽ വൃത്തംൾ വരച്ചിട്ടുണ്ടെങ്കിലും, ഓൺലൈനും, റിസർവേഷനും വഴി ടിക്കറ്റ് നേടിയവർ ഇതൊന്നും പാലിക്കാതെ തടിച്ചുകൂടി.