photo

ചേർത്തല : സ്​റ്റുഡന്റ്‌സ് പൊലീസ് സംസ്ഥാന കലാമേളയിൽ ചെണ്ടയിൽ താള വിസ്മയം തീർത്ത് ഒന്നാം സ്ഥാനം ലഭിച്ച ആദർശിന് അഭിനന്ദന പ്രവാഹം.മുഹമ്മ എ.ബി.വി.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ആദർശ്.മുഹമ്മ സി. എം.എസ് എൽ.പി സ്‌കൂളിൽ എൽ.കെ.ജി യിൽ പഠിക്കുമ്പോൾ നാണയം കൊണ്ട് ബഞ്ചിൽ കൊട്ടിയ ആദർശിന്റെ താളബോധം കണ്ടെത്തിയത് അദ്ധ്യാപിക ജയാ സുജിയും പ്രധാനാദ്ധ്യാപിക ജോളി തോമസുമാണ്.കാവുങ്കലിൽ നടന്ന പരിപാടിയിൽ തന്റെ പാട്ടിന് സ്​റ്റേജിൽ കയറി ചെണ്ടയിൽ താളം പിടിച്ച രണ്ടാം ക്ലാസുകാരൻ ആദർശിനെ കലാഭവൻ മണി അഭിനന്ദിക്കുകയും ഗുരുവിന്റെ കീഴിൽ ചെണ്ട പഠിക്കാൻ പതിനായിരം രൂപ നൽകി സഹായിക്കുകയും ചെയ്തിരുന്നു.തുടർന്ന് മുഹമ്മ മുരളി ആശാന്റെ ശിക്ഷണത്തിൽ ചെണ്ട പഠിച്ച് അരങ്ങേ​റ്റം നടത്തി.ഇടയ്ക്ക, സോപാന സംഗീതം,പഞ്ചവാദ്യം, കുറുങ്കുഴൽ,ഡ്രംസ് തുടങ്ങിയവയും അഭ്യസിക്കുന്നുണ്ട് ഈ പതിനാലുകാരൻ.ഇപ്പോൾ ആർ.എൽ.വി വിജയ് കൃഷ്ണനും ചേർത്തല ശൈലേഷുമാണ് ഗുരുക്കൻമാർ.ഓട്ടോ ഡ്രൈവറായ മണ്ണഞ്ചേരി കാവുങ്കൽ കുന്നേവെളി സുനിലിന്റെയും ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്‌സൺ ടി.എ.സുയമോളുടെയും ഏക മകനാണ്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ആദർശിനെ വീട്ടിലെത്തി അഭിനന്ദിച്ചു.അദ്ധ്യാപികയും സി.പി.ഒ യുമായ പി.ആർ.അശ്വതിയും പങ്കെടുത്തു.