vilaveduppu
വിളവെടുപ്പുത്സവം

പൂച്ചാക്കൽ : ഉളവയ്പിലെ നെല്ലിശ്ശേരി - മൂവേലി പാടശേഖരത്തിലെ മുപ്പത് ഏക്കറിൽ അഡാക്ക് പദ്ധതിയനുസരിച്ച് നടത്തിയ നെൽകൃഷിയിൽ നൂറുമേനി വിളവ്. കടുത്ത മഴക്കെടുതിയിലും കൊവിഡിലും പ്രതിസന്ധിയിലായ ഉളവയ്പ്പിലെ നെൽകൃഷിയെ പുനരുജ്ജീവിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ പത്ത് കർഷകരുടെ കൂട്ടായ്മയാണ് പാടത്ത് പൊന്നുവിളയിച്ചത്.

പുറംബണ്ടും , നീർച്ചാലും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ പാടശേഖരത്തിലെ കൃഷി പലപ്പോഴും നഷ്ടത്തിലാകുന്നതും പതിവായിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകി പാടശേഖരത്തെ അഡാക്ക് പദ്ധതിയിൽ ഉൾപ്പെടുത്തിയത് കർഷകർക്ക് ആശ്വാസമായി.

പൊക്കാളി നിലങ്ങളിലെ സംയോജിത മത്സ്യ -നെൽകൃഷി പദ്ധതിയാണ് അഡാക്ക് വിഭാവനം ചെയ്യുന്നത്. കേന്ദ്ര സർക്കാരിന്റെ വനം പരിസ്ഥിതി മന്ത്രാലയത്തിനു കീഴിൽ നാഷണൽ അഡാപ്റ്റേഷൻ ഫണ്ട് ഫോർ ക്ലൈമറ്റ് ചെയ്ഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തി നബാർഡിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

പാടശേഖരത്തിന് പുതിയ പുറംബണ്ടും നീർച്ചാലുകളും ഒരുക്കി അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തിയാണ് ഇത്തവണ നെൽകൃഷി ഇറക്കിയത്. കർഷകർക്ക് ചെലവ് വരുന്ന തുകയുടെ 80ശതമാനംശതമാനം സബ്സിഡിയായി ലഭിക്കും .

നെൽകൃഷി കൂടുതൽ വ്യാപിപ്പിക്കുന്നതിനും ലാഭകരമാക്കുന്നതിനും

ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും , ഉൾനാടൻ മത്സ്യകൃഷി കാര്യക്ഷമമാക്കുന്നതിനും അഡാക്കിലൂടെ സാധിച്ചുവെന്ന് പാടശേഖര സമിതി സെക്രട്ടറി കെ.എം.മനോജ് പറഞ്ഞു . കൊയ്ത്തുത്സവം പഞ്ചായത്തംഗം വി ജയമ്മ ലാലു ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് അംഗം വിമൽ രവീന്ദ്രൻ, അഡാക്ക് ഡെപ്യൂട്ടി ഡയറക്ടർ ബേബിഷീജ കോഹൂർ, അഡാക്ക് ആലപ്പുഴ റീജിയണൽ എക്സിക്യൂട്ടിവ് എ.പി സതീഷ് കുമാർ, അഡാക്ക് ഫാം ടെക്നീഷ്യ അനുജ, അഡാക്ക് പ്രൊജക്ട് അസിസ്റ്റൻ്റ് നെസിയ നസറുദ്ധീൻ , കൃഷി ഓഫീസർ പിൻ്റു റോയി, നെല്ലിശ്ശേരി - മൂവേലി പാടശേഖര സമിതി സെക്രട്ടറി കെ.എം മനോജ് , പ്രസിഡൻ്റ് ഔസേഫ് കുരിശുങ്കൽ തുടങ്ങിയവർ നേതൃത്വം നൽകി