മാവേലിക്കര: ധനകാര്യ സ്റ്റാന്റിംഗ് കമ്മി​റ്റിയിലേക്ക് വനിതകളാരും പത്രിക നൽകാതിരുന്നത് കാരണം മാറ്റിവച്ച നഗരസഭയിലെ സ്റ്റാന്റിംഗ് കമ്മി​റ്റി തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. വനിതാ സംവരണം പൂർത്തീകരിക്കാതെ പൊതുവിഭാഗം തിരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന ചട്ടം കാരണമാണ് കഴിഞ്ഞ ദിവസം സ്റ്റാന്റിംഗ് കമ്മി​റ്റി തിരഞ്ഞെടുപ്പ് മാറ്റിവച്ചത്. ഇന്നും വനിതകളാരും ധനകാര്യ സ്റ്റാന്റിംഗ് കമ്മി​റ്റിയിലേക്ക് പത്രിക നൽകിയില്ലെങ്കിൽ തിരഞ്ഞെടുപ്പ് നടപടികൾ വീണ്ടും പ്രതിസന്ധിയിലാകും.

ഏഴ് വനിതകൾ വീതമുള്ള എൽ.ഡി.എഫും ബി.ജെ.പിയും ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയിലെ വനിതാ സംവരണത്തിലേക്ക് നാമനിർദേശം നൽകാതെ വിട്ടുനിന്നതാണ് പ്രതിസന്ധിക്ക് കാരണമായത്. നാല് വനിതകൾ മാത്രമുള്ള കോൺഗ്രസിൽ നിന്ന് ലളിത രവീന്ദ്രനാഥ് വൈസ് ചെയർപേഴ്‌സണാകുകയും മറ്റ് മൂന്ന് പേർ വിവിധ സ്റ്റാന്റിംഗ് കമ്മറ്റികളിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തത് കാരണം ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയിലേക്ക് നിർദ്ദേശിക്കാൻ കോൺഗ്രസിന് ഇനി വനിതാ അംഗങ്ങളില്ല. ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയിലേക്ക് പത്രിക നൽകില്ലെന്ന നിലപാടിലാണ് എൽ.ഡി.എഫും ബി.ജെ.പിയും.