ഹരിപ്പാട്:കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തന്നെ മുഖ്യപങ്ക് വഹിച്ച ഹരിപ്പാട് താലൂക്ക് ആശുപത്രിയെ കൊവിഡ് പ്രതിരോധ വാക്സിൻ കുത്തിവയ്പ് കേന്ദ്രങ്ങൾ സർക്കാർ പ്രഖ്യാപിച്ചപ്പോൾ ഹരിപ്പാടിനെ മാത്രം ഒഴിവാക്കിയത് രാഷ്ട്രീയ പ്രേരിതമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ജില്ലയിൽ കൊവിഡ് വ്യാപനം ഉണ്ടായ സന്ദർഭത്തിൽ ഹരിപ്പാട് ആശുപത്രിയെ കൊവിഡ് ചികിത്സാ കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു. ജില്ലയിലെ മിക്ക കൊവിഡ് രോഗികൾക്കും ചികിത്സ ഒരുക്കിയത് ഹരിപ്പാട്ടാണ്. വാക്സി​ൻ സെന്ററി​ൽ നി​ന്ന് ഒഴിവാക്കിയ സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കൊവിഡ് പ്രതിരോധ വാക്സിൻ സെൻറർ ഹരിപ്പാട് അനുവദിക്കാൻ അടിയന്തിര നടപടിയുണ്ടാവണമെന്ന് ഡി.എം.ഒ, ജില്ലാ കളക്ടർ എന്നിവരോട് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് ആരോഗ്യ മന്ത്രിക്ക് കത്ത് നല്കുമെന്നും അദ്ദേഹം അറിയിച്ചു.