മാവേലിക്കര: കൊവിഡ് സമയത്തെ ഡ്രൈവിംഗ് ടെസ്റ്റ് സംബന്ധിച്ച് പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറങ്ങി. കൊവിഡ് സർട്ടിഫിക്കറ്റിന് പകരം സ്വയം സാക്ഷ്യപ്പെടുത്തിയ ഡിക്ലറേഷൻ ലൈസൻസ് ടെസ്റ്റിൽ നൽകണം. ഡ്രൈവിംഗ് ടെസ്റ്റിൽ ഹാജരാകുന്നവരുടെയും മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെയും അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി കേരള സ്റ്റേറ്റ് മോട്ടോർ ഡ്രൈവിംഗ് സ്കൂൾ സംസ്ഥാന കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് എം.ബാഹുലേയൻ നൽകിയ പരാതിയെ തുടർന്നാണ് ഉത്തരവ്.

ഡ്രൈവിംഗ് ടെസ്റ്റിൽ പരാജയപ്പെടുന്നവർക്ക് മോട്ടോർ വാഹന നിയമ പ്രകാരം 7 ദിവസത്തിന് ശേഷം മാത്രമേ റീ ടെസ്റ്റിന് തിയതി നൽകാനാവൂ. ഇപ്പോൾ പല ആർ.ടി ഓഫീസുകളിലും റീ ടെസ്റ്റ് ആവശ്യമായി വരുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. റീ ടെസ്റ്റ് ആവശ്യമുള്ളവർക്ക് 7 ദിവസത്തിനു ശേഷം വരുന്ന ശനിയാഴ്ചകളിൽ സ്പെഷ്യൽ റീ ടെസ്റ്റ് നിലവിലെ തിരക്ക് തീരുംവരെയോ മാർച്ച് 31 വരെയോ നടത്താം. ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ ഒരു സമയം പരമാവധി 20 പേരിൽ കൂടാൻ പാടില്ലെന്നും സർക്കാരിന്റെ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്നും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ ഉറപ്പുവരുത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.