കൊല്ലം: കൊവിഡ് വന്നവരിൽ ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന അസുഖം ആസ്തമ ഉൾപ്പെടെയുള്ള ശ്വാസംമുട്ടലെന്ന് പഠനഫലം. ആലപ്പുഴ ജനറൽ ആശുപത്രി ശ്വാസകോശ രോഗ വിഭാഗത്തിലെ ഡോ. കെ. വേണുഗോപാലിന്റെ നേതൃത്വത്തിൽ കൊവിഡാനന്തര ചികിത്സാ കേന്ദ്രത്തിലാണ് പഠനം നടത്തിയത്. 2021 ജനുവരി 27 മുതൽ 31 വരെ നടക്കുന്ന ഇന്ത്യൻ ചെസ്റ്റ് സൊസൈറ്റിയുടെ 22-ാമത് വാർഷിക സമ്മേളനത്തിലെ അവാർഡ് വിഭാഗത്തിൽ അവതരിപ്പിക്കാൻ പഠനം തിരഞ്ഞെടുത്തു.
പഠനഫലം ലംഗ് ഇന്ത്യയിൽ പ്രസിദ്ധീകരിക്കും. കൊവിഡാനന്തര ചികിത്സാ കേന്ദ്രത്തോടനുബന്ധിച്ച് ആരംഭിച്ച ഗവേഷണ വിഭാഗത്തിന്റെ ആദ്യ പഠന ഫലമാണിത്. കൊവിഡ് നെഗറ്റീവായതിന് ശേഷം പത്ത് ദിവസം കഴിഞ്ഞവരെയാണ് പഠനത്തിലുൾപ്പെടുത്തിയത്. രണ്ട് രോഗികൾക്ക് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു.
കൊവിഡാനന്തരം മിക്ക രോഗങ്ങളും നിസാരമാണെങ്കിലും ഹൃദ്രോഗ സാദ്ധ്യത ഉള്ളതിനാൽ ചെറിയ ലക്ഷണങ്ങളും അവഗണിക്കാതെ ചികിത്സ തേടണമെന്ന് ഗവേഷണ വിഭാഗം തലവനും ചീഫ് കൺസൾട്ടന്റുമായ ഡോ. കെ. വേണുഗോപാൽ പറഞ്ഞു. ഡോ. രാധിൻ, ഡോ. ദീപു, ഡോ. ജലജാമണി എന്നിവരും പഠന സംഘത്തിലുണ്ടായിരുന്നു.
പഠനത്തിൽ കണ്ടെത്തിയത്
1. 65 % രോഗികളിലും ശ്വാസംമുട്ടൽ പ്രധാന ലക്ഷണം
2. ശ്വാസംമുട്ടൽ കൂടുതലും സ്ത്രീകളിൽ (38%)
3. ഇതിൽ 23 % പേർക്ക് മാത്രമേ കൊവിഡ് രോഗകാലത്ത് ശ്വാസം മുട്ടൽ ഉണ്ടായുള്ളു
മറ്റു രോഗങ്ങൾ
ചുമ 21%
ക്ഷീണം 48%
ശാരീരിക വേദനയും നടുവേദനയും 26%
മണമറിയാതിരിക്കൽ 5%
പനി 4%