മക്കളുടെ പഠനത്തെ ബാധിക്കുമെന്ന് ജീവനക്കാർ
ആലപ്പുഴ: കൊവിഡിന്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിലും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലും നിറുത്തിവച്ചിരുന്ന സ്ഥലംമാറ്റ നടപടികൾ പുനരാരംഭിച്ചതോടെ, ജീവനക്കാർ കടുത്ത അതൃപ്തിയിൽ. സ്കൂൾ അദ്ധ്യയനവർഷം അവസാനിക്കാൻ മൂന്ന് മാസം മാത്രം ശേഷിക്കെ, പൊടുന്നനെയുള്ള സ്ഥലംമാറ്റം മക്കളുടെ ഭാവിയെ ബാധിക്കുമെന്നാണ് രക്ഷിതാക്കളായ ഉദ്യോഗസ്ഥരുടെ പ്രധാന ആശങ്ക.
ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ചൊവ്വാഴ്ചയാണ് സ്ഥലംമാറ്റ ഉത്തരവിറക്കിയത്. ഭരണകക്ഷി യൂണിയനുകളുടെ സമ്മർദ്ദത്തെ തുടർന്നാണിതെന്നാണ് ആക്ഷേപം. ശനിയാഴ്ച ആരംഭിക്കുന്ന കൊവിഡ് വാക്സിൻ വിതരണം ഉൾപ്പെടെയുള്ള ജോലികളിൽ ഏർപ്പെട്ടിരിക്കുകയാണ് ആരോഗ്യപ്രവർത്തകർ.സ്ഥലം മാറ്റം ജനുവരി 31ന് മുൻപ് പൂർത്തിയാക്കണമെന്ന് ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. മാറ്റമുള്ളവർക്ക് അവധി പോലും ലഭിക്കില്ല. കൊവിഡ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഡോക്ടർമാരുടെ സ്ഥലംമാറ്റം പ്രതിരോധ, വാക്സിനേഷൻ പ്രവർത്തനങ്ങളെ തകിടം മറിക്കുമെന്നാണ് പരാതി. ആരോഗ്യവകുപ്പിലെ ബഹുഭൂരിപക്ഷം ജീവനക്കാരും ഡോക്ടർമാരും ആശങ്കയിലാണ്. പത്താംക്ലാസിലും പന്ത്രണ്ടാം ക്ലാസിലും പഠിക്കുന്ന മക്കളുണ്ടെന്നും, ഈ സാഹചര്യത്തിൽ സ്ഥലംമാറ്റം കുട്ടികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നും അവർ പറയുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ഒരു സ്ഥലത്ത് പ്രവർത്തിച്ചുവരുന്നവരെ പെട്ടെന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നത് പ്രതിരോധ പ്രവർത്തനങ്ങളെയും ബാധിക്കും.
തിടുക്കം
എന്തിന്?
വരുന്ന അദ്ധ്യയന വർഷത്തിന് മുൻപ് അടുത്ത പൊതു സ്ഥലംമാറ്റം നടപ്പാക്കാമെന്നിരിക്കെ, ഒരു വർഷത്തോളം പഴക്കമുള്ള അപേക്ഷകൾ പൊടിതട്ടിയെടുക്കുന്നുവെന്നാണ് ആരോപണം. ഭരണമാറ്റമുണ്ടായാൽ അതിന് മുമ്പ് ഇഷ്ട സ്ഥലത്തേക്ക് ചിലരെ എത്തിക്കാനാണ് തിടുക്കപ്പെട്ട നീക്കമെന്നും പരാതിയുണ്ട്.