സ്റ്റാന്റിംഗ് കമ്മിറ്റികളും നഷ്ടപ്പെടുത്തി എൽ.ഡി.എഫ്
കോൺഗ്രസ്- മൂന്ന്, ബി.ജെ.പി -ഒന്ന്, ടോസ്-1
മാവേലിക്കര: ഒടുവിൽ മാവേലിക്കര നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായി.
ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് മുൻ നഗരസഭ ചെയർപേഴ്‌സൺ സി.പി.എമ്മിലെ ലീലാ അഭിലാഷ് പത്രിക നൽകിയതോടെയാണ് പ്രതിസന്ധിയിലാരുന്ന സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് നടപടികൾക്ക് വിരാമമായത്. ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയിൽ പോലും ഭൂരിപക്ഷം നേടാനാകാതിരുന്നത് എൽ.ഡി.എഫിന് തിരിച്ചടിയായി.
ആദ്യ ദിവസം ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് വനിതകളാരും പത്രിക നൽകാതിരുന്നത് കാരണമാണ് നഗരസഭയിലെ സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് ഇന്നലെ വീണ്ടും നടത്തിയത്. സ്വതന്ത്രനായി വിജയിച്ച ചെയർമാൻ കെ.വി.ശ്രീകുമാർ അടക്കം 10 അംഗങ്ങളുള്ള യു.ഡി.എഫ് മൂന്ന് സ്റ്റാന്റിംഗ് കമ്മിറ്റികളിൽ ഭൂരിപക്ഷം നേടിയപ്പോൾ 9 അംഗങ്ങളുള്ള ബി.ജെ.പിക്ക് ഒരു സ്റ്റാന്റിംഗ് കമ്മിറ്റി ലഭിച്ചു. 9 അംഗങ്ങളുള്ള സി.പി.എമ്മിന് ഒരു കമ്മിറ്റിയിൽ പോലും ഭൂരിപക്ഷം നേടാൻ സാധിച്ചില്ല.
മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ചെയർമാൻ എൽ.ഡി.എഫിന് വോട്ട് ചെയ്തിട്ടും സ്വന്തം അംഗത്തിന് എൽ.ഡി.എഫ് ഒന്നാം വോട്ട് ചെയ്യാതിരുന്നതിനാൽ സി.പി.എം അംഗം ബിജി അനിൽകുമാർ പരാജയപ്പെട്ടു. ബിജി അനിൽകുമാറിന് ആകെ ലഭിച്ച ഒന്നാം വോട്ട് ചെയർമാന്റെ മാത്രമാണ്. ഇത് കാരണം മരാമത്തിൽ ബി.ജെ.പിക്ക് രണ്ട് അംഗങ്ങളെ വിജിയിപ്പിക്കാനും കമ്മിറ്റിയിൽ ഭൂരിപക്ഷം നേടാനും സാധിച്ചു.
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റിയിലേക്ക് മത്സരിച്ച എൽ.ഡി.എഫ് അംഗം യു.ഡി.എഫിന്റെ പത്ത് വോട്ടുകൾ നേടി വിജയിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിയിൽ എൽ.ഡി.എഫിനും ബി.ജെ.പിക്കും 2 അംഗങ്ങൾ വീതമാണ് ഉള്ളത്. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും.
സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ
വികസനകാര്യം: ടി.കൃഷ്ണകുമാരി (വനിതാ സംവരണം), അനി വർഗീസ്, നൈനാൻ.സി.കുറ്റിശേരി, (കോൺഗ്രസ്), മോനച്ചൻ, ചിത്രാ അശോക് (സി.പി.എം).
ക്ഷേമകാര്യം: ശാന്തി അജയൻ (വനിതാ സംവരണം), കെ.ഗോപൻ, രാജപ്പൻ മനസ് (കോൺഗ്രസ്), സുജാത ദേവി (ബി.ജെ.പി), കവിതാ ശ്രീജിത്ത് (സി.പി.എം).
ആരോഗ്യം: ലത മുരുകൻ (വനിതാ സംവരണം), സജീവ് പ്രായിക്കര, (കോൺഗ്രസ്), പുഷ്പാ സുരേഷ് (സി.പി.എം), സബിതാ അജിത്ത് (ബി.ജെ.പി).
മരാമത്ത്: ജയശ്രീ അജയകുമാർ (വനിതാ സംവരണം), ഉമയമ്മ വിജയകുമാർ, സി.കെ ഗോപകുമാർ (ബി.ജെ.പി), ശ്യാമളാദേവി (സി.പി.എം).
വിദ്യാഭ്യാസം:ആർ.രേഷ്മ (വനിതാ സംവരണം), എസ്.രാജേഷ് (ബി.ജെ.പി) വിമല കോമളൻ, ബിനു വർഗീസ് (എൽ.ഡി.എഫ്).
ധനകാര്യം: ലീലാ അഭിലാഷ്, ബിജി അനിൽകുമാർ(സി.പി. എം), മേഘാനാഥ്, വിജയമ്മ ഉണ്ണികൃഷ്ണൻ(ബി. ജെ.പി), ലളിതാരവീന്ദ്രനാഥ്.