s

ജില്ലയിൽ എത്തിയത് 22460 ഡോസ് പ്രതിരോധ വാക്‌സിൻ

ആലപ്പുഴ : നാളെ മുതൽ ജില്ലയിലെ 9 കേന്ദ്രങ്ങളിൽ കൊവിഡ് വാക്സിൻ വിതരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.

ആലപ്പുഴ മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി ചെങ്ങന്നൂർ, ജില്ലാ ആശുപത്രി മാവേലിക്കര, കായംകുളം താലൂക്ക് ആശുപത്രി, ചെട്ടികാട് ആർ.എച്ച്.റ്റി.സി, പുറക്കാട് പ്രാഥമികാരോഗ്യകേന്ദ്രം, സാമൂഹികാരോഗ്യകേന്ദ്രം ചെമ്പുംപുറം, ചേർത്തല സേക്രട്ട് ഹാർട്ട് ആശുപത്രി എന്നിവിടങ്ങളാണ് ജില്ലയിലെ വാക്‌സിനേഷൻ കേന്ദ്രങ്ങൾ.

രാവിലെ 9 മുതൽ 5 വരെയാണ് വാക്‌സിൻ വിതരണം. വിതരണത്തിനായി എത്തിച്ചിട്ടുള്ള പ്രതിരോധ വാക്‌സിൻ ഇന്ന് എല്ലാ കേന്ദ്രങ്ങളിലും പൂർണമായും എത്തിക്കും. ജനറൽ ഹോസ്പിറ്റലിൽ നിന്നാണ് വാക്‌സിൻ വിതരണത്തിനുള്ള വാഹനം പുറപ്പെടുന്നത്. വാക്‌സിൻ വിതരണം ചെയ്യുന്നതുവരെയും അത് സൂക്ഷിക്കുന്ന കേന്ദ്രങ്ങളിലും പൊലീസ് സുരക്ഷ ഉണ്ടായിരിക്കും.

വാക്‌സിലേറ്റർക്കു പുറമെ സഹായത്തിനായി രണ്ടു ജീവനക്കാരെ കൂടാതെ സ്റ്റാൻഡ് ബൈ സ്റ്റാഫുകളും ഉൾപ്പെടുന്നതാണ് വാക്‌സിൻ വിതരണത്തിനായി പരിശീലനം ലഭിച്ചിട്ടുള്ള സംഘം. വണ്ടാനം മെഡിക്കൽ കോളേജിൽ ഇന്ന് രാവിലെ ട്രയൽ റൺ നടത്തും. പുറക്കാട്, ചെട്ടിക്കാട്, ചെമ്പുംപുറം ആശുപത്രികൾക്ക് എ.എൽ.എസ് ആംബുലൻസ് അടിയന്തര ആവശ്യത്തിനായി സജ്ജമാക്കിയിട്ടുണ്ട്. ജില്ലയിൽ 22460 ഡോസ് പ്രതിരോധ വാക്‌സിൻ ആണ് വിതരണത്തിനായി എത്തിയിട്ടുള്ളത്.