അമ്പലപ്പുഴ: പുനർഗേഹം പദ്ധതി ഗുണഭോക്താക്കളായ മത്സ്യ തൊഴിലാളികളുടെ ഭവന നിർമ്മാണം തടയാൻ അനുവദിക്കില്ലെന്ന് സി.പി.എം അമ്പലപ്പുഴ ഏരിയ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. കടൽത്തീരത്ത് പ്രയാസകരമായ ജീവിതം നയിക്കുന്ന കുടുംബങ്ങൾക്ക് സുരക്ഷിത ഭവന മൊരുക്കാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പുനർഗേഹം പദ്ധതിയുടെ ഭാഗമായി, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പതിനൊന്നാം വാർഡിൽ തീരവാസികൾ താമസത്തിനെത്തിയതാണ് ബി.ജെ.പി ക്കാരെ ചൊടുപ്പിച്ചത്. എൽ .ഡി .എഫ് സർക്കാർ 6 ലക്ഷം രൂപ വീതം നൽകി ആ തുക കൊണ്ട് ഏഴ് കുടുംബങ്ങളാണ് ഇവിടെ ഭൂമി വാങ്ങിയത്.ഈ ഘട്ടത്തിൽ ആരുടെ ഭാഗത്തു നിന്നും ഒരെതിർപ്പുമുണ്ടായില്ല. പഞ്ചായത്തിൽ രേഖപ്പെടുത്തിയ മൂന്ന് മീറ്റർ റോഡ് എല്ലാവർക്കും സഞ്ചാരയോഗ്യമായ പൊതുവഴിയായി തിട്ടപ്പെടുത്തിയിട്ടുണ്ട്. ഈ റോഡിലൂടെ നിർമ്മാണ സാമഗ്രികൾ എത്തിയപ്പോഴാണ് ഒരു കരാറുകാരന്റെ നേതൃത്വത്തിൽ വാഹനം തടഞ്ഞത്. ഇയാളുടെ സഹായിയെപ്പോലെയാണ് അമ്പലപ്പുഴ പൊലീസ് പെരുമാറിയത്. കുതന്ത്രങ്ങൾ മെനഞ്ഞ് ജാതിവിവേചനം സൃഷ്ടിച്ച് പാവങ്ങളുടെ ഭവന പദ്ധതി തകർക്കാൻ ശ്രമിക്കുന്ന സംഘപരിവാർ രാഷ്ട്രീയ നീക്കത്തെ എന്തു വില കൊടുത്തും എതിർക്കുമെന്ന് ഏരിയ ആക്ടിംഗ് സെക്രട്ടറി സി. ഷാംജി പ്രസ്താവനയിൽ പറഞ്ഞു