ചേർത്തല: മുസ്ളിംലീഗും കേരള കോൺഗ്രസും ചേർന്ന് കോൺഗ്രസിനെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കണിച്ചുകുളങ്ങരയിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലബാറിൽ ലീഗും കിഴക്കൻ മേഖലയിൽ കേരള കോൺഗ്രസും പിടിമുറുക്കുകയും മദ്ധ്യകേരളത്തിൽ എൻ.എസ്.എസിനെ പരിഗണിക്കുകയും ചെയ്യേണ്ടതിനാൽ ഈഴവർ നിയമസഭ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിക്കാനുള്ള സാദ്ധ്യത മങ്ങി. നിലവിൽ ഒരു എം.എൽ.എപോലും ഇല്ലാത്ത സാഹചര്യത്തിൽ കോൺഗ്രസിൽ ഈഴവർ അന്യം നിന്നുപോയ സ്ഥിതിയായി. ഇടതു വലതു വ്യത്യാസമില്ലാതെ നല്ലത് ചെയ്യുന്നവരെ അംഗീകരിക്കുകയാണ് എസ്.എൻ.ഡി.പി യോഗത്തിന്റെ നയം.ഇത് യോഗത്തിന്റെ നിലപാടില്ലായ്മയായി വരുത്തിത്തീർക്കാനാണ് ചിലരുടെ ശ്രമം.അധികാരം ലഭിക്കാതെ മോഹഭംഗം വന്നവരാണ് യോഗത്തെയേും നേതൃത്വത്തെയും എതിർക്കാൻ മുൻപന്തിയിൽ. ശരിയുടെ പാതയിലൂടെയാണ് യോഗ നേതൃത്വം സഞ്ചരിക്കുന്നത്. അധികാര സ്ഥാനങ്ങളിൽ എത്തിയാൽ ഈഴവരെ കടന്നാക്രമിക്കുന്ന നിലപാടാണ് സവർണ വിഭാഗം സ്വീകരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഗുരുവിനെ ഒഴിവാക്കി ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി ലോഗോ പ്രസിദ്ധീകരിച്ചതിനെതിരെ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ശ്രീനാരായണ പെൻഷൻ കൗൺസിലിനെ വെള്ളാപ്പള്ളി അഭിനന്ദിച്ചു.
ഹൈക്കോടതിയുടെയും കമ്പനി നാഷണൽ ട്രിബ്യൂണലിന്റെയും തീരുമാനങ്ങൾക്ക് വിധേയമായി മാർച്ച് അവസാന വാരം വാർഷിക പൊതുയോഗം നടത്താനും യോഗം തീരുമാനിച്ചു.പ്രസിഡന്റ് ഡോ.എം.എൻ.സോമൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി,ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് എന്നിവർ സംസാരിച്ചു.
ലോഗോ മരവിപ്പിച്ചത് സ്വാഗതാർഹം
ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ലോഗോ മരവിപ്പിച്ച തീരുമാനം എസ്.എൻ.ഡി.പി ഡയറക്ടർ ബോർഡ് സ്വാഗതം ചെയ്തു. തുടക്കം മുതൽ വിവാദത്തിലായ ഓപ്പൺ യൂണിവേഴ്സിറ്റി ഒരു ലോഗോ ഉണ്ടാക്കുന്ന കാര്യത്തിലും ഗുരുനിന്ദയുടെ വഴിയിലാണ്.
ശ്രീനാരായണ ഗുരുവിന്റെ രേഖാചിത്രമില്ലാതെ ഒരു സാമ്പത്തിക സ്ഥാപനത്തിന്റെ ലോഗോ കോപ്പിയടിച്ച് ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ലോഗോയായി പ്രസിദ്ധീകരിച്ച നടപടി ശ്രീനാരായണ വിശ്വാസികൾ ഒരിക്കലും പൊറുക്കില്ല. ഗുരുവിന്റെ പേരിൽ യൂണിവേഴ്സിറ്റി സ്ഥാപിക്കാൻ മുൻകൈയെടുത്ത സർക്കാരിന് പോലും നാണക്കേട് ഉണ്ടാകുന്ന രീതിയിലാണ് വൈസ് ചാൻസലർ ഉൾപ്പെടെയുള്ള യൂണിവേഴ്സിറ്റി അധികൃതരുടെ ഇതുവരെയുള്ള നടപടികൾ.
വിദഗ്ദ്ധ സമിതിയുടെ തീരുമാനം എന്തായാലും ശ്രീനാരായണ ഗുരുവിന്റെ രേഖാചിത്രമില്ലാത്ത യൂണിവേഴ്സിറ്റി ലോഗോ അംഗീകരിക്കേണ്ടതില്ലെന്നും വിഷയം ഏറെ ഗൗരവത്തോടെ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനും യോഗം തീരുമാനിച്ചു.