11 ടാക്സി ഡ്രൈവർമാർക്ക് കിട്ടാനുള്ളത് ആറ് ലക്ഷം രൂപ
ആലപ്പുഴ : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നാഷണൽ ഹെൽത്ത് മിഷന്റെ ആവശ്യപ്രകാരം മാസങ്ങളോളം സർവീസ് നടത്തിയയ ടാക്സി ഡ്രൈവർമാർ കൂലിക്കു വേണ്ടി ഓഫീസുകൾ കയറിയിറങ്ങുന്നു. ഒക്ടോബർ മുതൽ ഡിസംബർ വരെ ഓടിയതിന്റെ ആറ് ലക്ഷം രൂപയാണ് നഗരത്തിലെ 11 ടാക്സി ഡ്രൈവർമാർക്ക് ലഭിക്കാനുള്ളത്.
ചോദിച്ച് മടുത്തതിനെ തുടർന്ന് ഗത്യന്തരമില്ലാതെ ടാക്സി ഡ്രൈവർമാർ കഴിഞ്ഞ ദിവസം ഡി.എം.ഒ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. എത്രയും വേഗം കുടിശികയുടെ ആദ്യ ഗഡു വിതരണം ചെയ്യാമെന്ന ജില്ലാ കളക്ടറുടെ ഉറപ്പിൻമേലാണ് ഡ്രൈവർമാർ സമരം അവസാനിപ്പിച്ചത്.
കഴിഞ്ഞ ജൂൺ 30നാണ് എൻ.എച്ച്.എമ്മിന്റെ ആവശ്യപ്രകാരം കൊവിഡ് ഡ്യൂട്ടിക്ക് വേണ്ടി ജില്ലയിലാകെ 67 ടാക്സികൾ ഓടിത്തുടങ്ങിയത്. 16 എണ്ണമാണ് ആലപ്പുഴ നഗരത്തിൽ സർവീസ് നടത്തിയത്. വാഹനസൗകര്യമില്ലാത്തവരെ കൊവിഡ് പരിശോധനാകേന്ദ്രങ്ങളിലും, തിരിച്ച് താമസ സ്ഥലത്തും എത്തിക്കുകയായിരുന്നു ഇവരുടെ പ്രധാന ജോലി. കൂടാതെ മൊബൈൽ പരിശോധനാ വാഹനത്തിനൊപ്പം ഡോക്ടർ, നഴ്സ്, ലാബ് ടെക്നീഷ്യൻ എന്നിരവടങ്ങുന്ന ടീമിനെ കൊണ്ടുപോകണം. രാവിലെ 9 മുതൽ വൈകിട്ട് 6 മണിവരെയാണ് ഓട്ടത്തിന് സമയം നിശ്ചയിച്ചിരുന്നതെങ്കിലും പലദിവസവും ഇതിൽ കൂടുതൽ സമയം ഓടേണ്ടി വന്നിട്ടുണ്ടെന്നും ഡ്രൈവർമാർ പറയുന്നു.
ഇന്നോവ കാറിന് കിലോമീറ്ററിന് 17 രൂപയും, ചെറിയ ടാക്സി കാറിന് കിലോമീറ്ററിന് 12 രൂപയുമാണ് വേതനം നിശ്ചയിച്ചത്. കൂടാതെ 200 രൂപ വെയിറ്റിംഗ് ചാർജ് ഇനത്തിലും ലഭിക്കും. ആദ്യ മൂന്ന് മാസങ്ങളിൽ ഓടിയതിന്റെ പണം കാലതാമസമില്ലാതെ ലഭിച്ചിരുന്നതായി ഡ്രൈവർമാർ പറയുന്നു. എന്നാൽ ചാർജ് കൂടുതലാണെന്ന കാരണത്താൽ പിന്നീട് അധികൃതർ രോഗികളെ എത്തിക്കാൻ ഓട്ടോറിക്ഷകളെ ഏർപ്പാടാക്കി തുടങ്ങി. കഴിഞ്ഞ ഒക്ടോബർ 12 മുതൽ ഡിസംബർ 24 വരെ ഓടിയതിന്റെ പണമാണ് ന ടാക്സി ഡ്രൈവർമാർക്ക് ലഭിക്കാനുള്ളത്.
മാസ്ക്കും സാനിട്ടൈസറും
സ്വന്തം പണത്തിന്
ടാക്സി സർവീസ് തുടങ്ങിയ ആദ്യ ദിനങ്ങളിൽ ദിവസവും എൻ 95 മാസ്ക്, രണ്ട് ദിവസം കൂടുമ്പോൾ സാനിട്ടൈസർ എന്നിവ ഡ്രൈവർമാർക്ക് നൽകിയിരുന്നു. എന്നാൽ ദിവസങ്ങൾ മുന്നോട്ടു പോയതോടെ ഇതിൽ കുറവ് വന്നു. അവസാന മാസങ്ങളിൽ തങ്ങൾ കൈയിൽ നിന്ന് കാശ് മുടക്കിയാണ് മാസ്ക്കും സാനിട്ടൈസറും വാങ്ങിയിരുന്നതെന്ന് ഡ്രൈവർമാർ പറയുന്നു. വാഹനങ്ങൾക്ക് അഡ്വാൻസ് വാങ്ങാതെ, സ്വന്തം പണത്തിന് ഡീസൽ അടിച്ചാണ് ഇവർ സർവീസ് നടത്തിയിരുന്നത്.
മാസങ്ങളായി പണത്തിന് വേണ്ടി ഓഫീസുകൾ കയറിയിറങ്ങുകയാണ്. ഫണ്ട് ലഭ്യമല്ലെന്നാണ് ജില്ലാ പ്രോഗ്രാം ഓഫീസർ നൽകുന്ന മറുപടി. ആംബുലൻസുകൾ ലഭ്യമാകാത്ത സാഹചര്യത്തിൽ കൊവിഡ് പോസിറ്റീവ് രോഗികൾക്ക് പോലും ഞങ്ങൾ യാത്രാ സൗകര്യം നൽകിയിട്ടുണ്ട്. എല്ലാ വാഹനങ്ങളും സി.സി അടയ്ക്കുന്നവയാണ്.
- മോഹൻദാസ്, ടാക്സി ഡ്രൈവർ