അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 100 കോടി, ലൈഫിന് പുതിയ ഉണർവ്
ആലപ്പുഴ: അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് ബഡ്ജറ്റിൽ 100 കോടി രൂപ വകയിരുത്തിയതോടെ ജില്ലയിലെ ലൈഫ് പദ്ധതി പ്രകാരമുള്ള വീട് നിർമാണം കൂടുതൽ ഉഷാറാകും. നിലവിൽ ലൈഫ് പദ്ധതിയിലെ വീടുകൾ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി നടപ്പിലാക്കുന്നുവെന്നത് കൊണ്ടാണിത്.
കുടുംബശ്രീ വഴി നടപ്പിലാക്കുന്ന പദ്ധതിയിൽ കായംകുളം നഗരസഭ മാത്രമാണ് ഇപ്പോൾ സജീവ പങ്കാളികൾ.
കൂടുതൽ ഫണ്ട് കുടുംബശ്രീയ്ക്ക് കിട്ടുന്നത് വഴി കൂടുതൽ തൊഴിൽ ദിനങ്ങൾ അംഗങ്ങൾക്ക് ലഭ്യമാകും. ലൈഫ് പദ്ധതി ഗുണഭോക്താക്കളായ ഓരോ കുടുംബത്തിലെയും ഒരാൾക്ക് വീതമാണ് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിൽ ഉറപ്പ് നൽകുന്നത്. നഗരപ്രദേശങ്ങളിൽ സ്ഥിരതാമസക്കാരായ അവിദഗ്ധ കായികാദ്ധ്വാനത്തിന് തയ്യാറുളള പ്രായപൂർത്തിയായ അംഗങ്ങൾ ഉൾപ്പെടുന്ന കുടുംബത്തിന് ഈ സംയോജന പദ്ധതി വഴി തൊഴിൽ ദിനങ്ങൾ ലഭ്യമാകുന്നുണ്ട്.
പി.എം.എ.വൈ (നഗരം) - ലൈഫ് പദ്ധതിയുടെ ഭാഗമായി ഇതുവരെ ജില്ലയിൽ 4,579 തൊഴിൽകാർഡുകൾ ലഭ്യമാക്കി. 81,844 തൊഴിൽദിനങ്ങളാണ് ഇതുവഴി നൽകിയത്.ജില്ലയിൽ ആലപ്പുഴ നഗരസഭയിലാണ് ഏറ്റവും കൂടുതൽ തൊഴിൽകാർഡുള്ളത്. ഇത്തരത്തിൽ വിവിധ സംയോജനങ്ങളിലൂടെ ഈ പദ്ധതിയെ മികച്ച മാതൃകയാക്കി മാറ്റാനുള്ള ശ്രമങ്ങളുമായി കുടുംബശ്രീ മുന്നോട്ട് പോകുകയാണ്. കേരളത്തിലെ നഗരങ്ങളിലുള്ള ഭവന നിർമ്മാണ പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന (നഗരം) - ലൈഫ് കുടുംബശ്രീ മുഖേനയാണ് നടപ്പാക്കുന്നത്. 2018 ജൂലായിലാണ് ഇരുപദ്ധതികളും തമ്മിലുള്ള സംയോജന പ്രവർത്തനങ്ങൾ ആരംഭിച്ചത്. ജില്ലയിൽ തൊഴിലുറപ്പ് പദ്ധതിയിൽ 93 ശതമാനം പേരും സ്ത്രീ തൊഴിലാളികളാണ്. ഗ്രാമങ്ങളിൽ തൊഴിലുറപ്പ് പദ്ധതി വഴി സ്ത്രീകൾ വരുമാനം കണ്ടെത്തുന്നുണ്ടെങ്കിലും നഗരപ്രദേശങ്ങളിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പലയിടത്തും സജീവമല്ല.
..........
സ്വന്തം വീടുനിർമ്മാണത്തിൽ
പങ്കാളികളാകാം
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി വീടുകൾ അനുവദിക്കപ്പെട്ട ഗുണഭോക്താക്കളെക്കൊണ്ട് തൊഴിൽ കാർഡ് എടുപ്പിച്ചവർക്ക് തൊഴിൽ ദിനങ്ങൾ ലഭ്യമാക്കുക എന്നതാണ് ഇത് വഴി കുടുംബശ്രീ പ്രാവർത്തികമാക്കുന്നത്. കൊവിഡിൽ ജോലി നഷ്ടപ്പെട്ട യുവാക്കൾക്ക് ഉൾപ്പടെ ഈ പദ്ധതിയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭ്യമാകും. നഗരങ്ങളിലെ ലൈഫ് പദ്ധതി പ്രകാരം വീടുകൾ നിർമിക്കുമ്പോൾ തൊഴിൽ കാർഡ് ലഭ്യമായ കുടുംബങ്ങളിൽ ഒരാൾക്ക് ഭവന നിർമാണത്തിൽ പങ്കാളിയായി 90 തൊഴിൽ ദിനങ്ങൾ ഉറപ്പു നൽകുന്നുണ്ട്. ഇതനുസരിച്ച് ഒരാൾക്ക് കൂലിയിനത്തിൽ പ്രതിദിനം 271 രൂപ വീതം ലഭ്യമാകും. ഇങ്ങനെ 90 ദിവസങ്ങളിൽ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതു വഴി ഒരു ഗുണഭോക്താവിന് 24390 രൂപ ലഭിക്കും. ലൈഫ് പദ്ധതി പ്രകാരം ഭവന നിർമാണത്തിനായി ലഭിക്കുന്ന നാല് ലക്ഷം രൂപയ്ക്ക് പുറമേയാണിത്. വീട് വയ്ക്കുവാൻ ലൈഫിൽ അനുമതി ലഭ്യമാകുമ്പോൾ തൊഴിൽ കാർഡും അപേക്ഷയും അതാത് നഗരസഭയിൽ സാക്ഷ്യപ്പെടുത്തിയാൽ മതി.
" കുടുംബശ്രീയ്ക്ക് കൂടുതൽ തുക ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് സംരംഭക മേഖലയ്ക്ക് കൂടുതൽ ഉണർവിലേക്ക് എത്തും. അയ്യങ്കാളി പദ്ധതിനഗരസഭയിലാണ് നടപ്പാക്കുന്നത്. പദ്ധതിയിൽ കൂടുതൽ ആളുകൾക്ക് തൊഴിൽ സാദ്ധ്യതയേറും. ലൈഫ് പദ്ധതിയിൽ വീട് വയ്ക്കുന്ന അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി അവരുടെ വീടുപണിയിൽ ശമ്പളത്തോടെ പങ്കാളികളാകാം.
(അജയകുമാർ,കുടുംബശ്രീ അസി.കോ ഓഡിനേറ്റർ)
...........................
81,844
ലൈഫ് പദ്ധതി വഴി ലഭിച്ച തൊഴിൽ ദിനങ്ങൾ
81,844
4,579
വിതരണം ചെയ്ത തൊഴിൽകാർഡുകൾ
4,579
...........................