ആലപ്പുഴ: എപ്പോഴോക്കെയോ കേട്ട ചില പ്രഖ്യാപനങ്ങൾ ആവർത്തിച്ചതായി തോന്നിയെങ്കിലും ജില്ലയ്ക്ക് ആശ്വസിക്കാൻ വകനൽകുന്ന വിഭവങ്ങളാണ് ജില്ലക്കാരനായ ധനമന്ത്രി ഡോ. തോമസ് ഐസക് ബഡ്ജറ്റിൽ പ്രഖ്യാപിച്ചത്. കുട്ടനാട് പാക്കേജ്. എ-സി റോഡ് നവീകരണം, കാപ്പിത്തോട് ശുചീകരണം തുടങ്ങിയവ ബഡ്ജറ്റുകളിൽ പതിവുള്ളതാണെങ്കിലും നെല്ലിന്റെ സംഭരണവില ഉയർത്തിയത് കുട്ടനാടൻ കർഷകർക്ക് ആശ്വാസമാവും. തീര സംരക്ഷണത്തിന് 100 കോടി നീക്കി വച്ചതും ആലപ്പുഴയ്ക്ക് സന്തോഷം പകരുന്നതാണ്.
പ്രഖ്യാപനങ്ങൾ
നെല്ലിന്റെ സംഭരണ വില കിലോയ്ക്ക് 28 രൂപയാക്കും, നിലവിൽ 27.48 രൂപ
കയർപിരി തൊഴിലാളികളുടെ പ്രതിദിന വരുമാനം 500 രൂപയാക്കും
വിനോദസഞ്ചാര തൊഴിലാളി ക്ഷേമനിധി ബോർഡ് ആരംഭിക്കും
പി.കെ. കാളൻ പദ്ധതി പ്രകാരം ആലപ്പുഴയിലെ ഉള്ളാടർ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് വേണ്ടി മെക്രോ പ്ലാനുകൾ തയ്യാറാക്കും
ചേർത്തല- ചെല്ലാനം തീരദേശ സംരക്ഷണത്തിന് 100 കോടി
ഇ.എം.എസ് സ്റ്റേഡിയം നിർമ്മാണം ഉടൻ പൂർത്തിയാക്കും
കെ.പി.എ.സിയുടെ നാടക ചരിത്ര പ്രദർശനത്തിന്റെ സ്ഥിരം വേദിക്ക് ഒരു കോടി
ആലപ്പുഴ- ചങ്ങനാശേരി സെമി എലിവേറ്റഡ് ഹൈവേ
സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രോഗ്രാം
കായംകുളം ബസ് സ്റ്റാൻഡ് പുനരുദ്ധരിക്കും
ജല ഗതാഗത വകുപ്പിന് 28 കോടി
കിഫ്ബി, അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കാക്കാഴം കാപ്പിത്തോട് ശുചീകരണം
കൊച്ചി ബിനാലെയുടെ ആലപ്പുഴ ആഗോള ചിത്രപ്രദർശനത്തിന് 2 കോടി
........................
കെ.എസ്.ഡി.പിയിൽ കാൻസർ മരുന്ന് പാർക്ക്
കലവൂരിലെ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിൽ (കെ.എസ്.ഡി.പി) കിഫ്ബിയിൽ നിന്നുള്ള 150 കോടി സഹായത്തോടെ കാൻസർ മരുന്നുകൾക്കുള്ള പ്രത്യേക പാർക്ക് യാഥാർത്ഥ്യമാക്കും. കൂടാതെ കെ.എസ്.ഡി.പിയുടെ നിലവിലെ പദ്ധതികൾ പൂർത്തീകരിക്കാൻ അധികമായി 15 കോടിയും വകയിരുത്തിയിട്ടുണ്ട്. നിലവിൽ 115 കോടിയുടെ ഉത്പാദനമാണ് സ്ഥാപനത്തിലുള്ളത്. ഈ വർഷം ബീറ്റാ ലാക്ടം ഇൻജക്ടബിൾ യൂണിറ്റ് ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ഉത്പാദന ശേഷി 250 കോടിയായി ഉയരുമെന്നാണ് കണക്കാക്കുന്നത്.
കഞ്ഞിക്കുഴിയും ആലപ്പുഴ നഗരസഭയും
ഓരോ വികസന മേഖലയിലും നൂതന സാങ്കേതിക പ്രൊജക്ടുകൾക്ക് തദ്ദേശാടിസ്ഥാനത്തിൽ രൂപം നൽകാനുള്ള പദ്ധതിയിൽ പേരെടുത്ത് മന്ത്രി ഉദാഹരണമായി പറഞ്ഞത് കഞ്ഞിക്കുഴി പഞ്ചായത്തിന്റെ ജനകീയ കൃഷിയും, ആലപ്പുഴ നഗരസഭയുടെ കമ്മ്യൂണിറ്റി കമ്പോസ്റ്റിംഗും. തദ്ദേശാടിസ്ഥാനത്തിൽ രൂപം നൽകിയ പദ്ധതികളാണ് പിന്നീട് രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടത്. തദ്ദേശ സ്ഥാപനങ്ങളുടെ നൂതന പദ്ധതികൾക്ക് വേണ്ടി വികസന ഫണ്ടിൽ നിന്ന് 35 കോടി മാറ്റിവെയ്ക്കുമെന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.
കൊവിഡ് മൂലം മുടങ്ങിപ്പോയ ചാമ്പ്യൻസ് ബോട്ട് ലീഗിനെ മടക്കിക്കൊണ്ടുവരാൻ 20 കോടിയാണ് വകയിരുത്തിയിരിക്കുന്നത്.
...............................
ഡിജിറ്റൽ കയർ മേള
രാജ്യത്ത് കൊവിഡ് കാലത്ത് നടക്കുന്ന പ്രഥമ ഡിജിറ്റൽ മേളകളിലൊന്ന് ഫെബ്രുവരിയിൽ ആലപ്പുഴയിൽ നടക്കുന്ന ഡിജിറ്റൽ കയർ മേളയാവും. കയർ മേഖലയ്ക്ക് വേണ്ടി 112 കോടിയാണ് വകയിരുത്തിയിരിക്കുന്നത്.
യന്ത്രവത്കരണത്തിന് 41 കോടി
പ്രൈസ് ഫംഗ്ച്വേഷൻ ഫണ്ട് 38 കോടി
കയർ ബോർഡ് ക്ലസ്റ്രർ രൂപീകരണം 50 കോടി
കയർ വ്യവസായത്തിന് എൻ.സി.ഡി.സിയിൽ നിന്ന് 100 കോടി
പള്ളിപ്പുറം ഗ്രോത്ത് സെന്ററിൽ കയർ ക്ലസ്റ്റർ
കണിച്ചുകുളങ്ങരയിൽ കയർ ബൈന്റർലെസ് ബോർഡ് സ്ഥാപിക്കും
10 യന്ത്രവത്കൃത സഹകരണ ഉത്പന്ന ഫാക്ടറികൾ
ചെറുകിട ഉത്പന്ന നിർമ്മാണ യൂണിറ്റ് നവീകരണം - 20 കോടി
കുട്ടനാട് പാക്കേജ്
കായൽ ശുചീകരണ ജനകീയ കാമ്പയിൻ: 10 കോടി
കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ച താറാവ് ഹാച്ചറി: 7 കോടി
താറാവ് കർഷകർക്ക് പകർച്ചവ്യാധി ഇൻഷ്വറൻസ്
കുട്ടനാട് കുടിവെള്ള പദ്ധതി: 291 കോടി
എ-സി റോഡ്: 450 കോടി
പുളിങ്കുന്ന് ആശുപത്രി: 150 കോടി
കെ.പി.എ.സിയിൽ 'ഒരു കോടി' ആഹ്ളാദം
നാടക ചരിത്ര പ്രദർശന സ്ഥിരം വേദിക്ക് ഒരു കോടി
കേരളത്തിൽ ഇടതുപക്ഷ പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച കായംകുളം കെ.പി.എ.സിയിൽ സ്ഥിരം നാടകവേദിക്ക് ബഡ്ജറ്റിൽ ഒരു കോടി അനുവദിച്ചത് സമിതി പ്രവർത്തകർക്ക് അഭിമാനമായി. 'നാടക ചരിത്ര പ്രദർശന സ്ഥിരം വേദി' ആണ് ഉദ്ദേശിക്കുന്നത്. 1853 മുതലുള്ള മലയാള നാടക ചരിത്രവും ജനകീയ നാടകങ്ങൾ വരെയുള്ള വികാസ പരിണാമങ്ങൾ സംബന്ധിച്ച രേഖകളും നാടക ഗ്രന്ഥങ്ങളും ഇവിടെ സജ്ജമാക്കും.നാടക ചരിത്ര പ്രദർശനത്തിനുള്ള സ്ഥിരം വേദിയാണ് ഒരുക്കുന്നത്. കേരളത്തിൽ ഇത്തരത്തിൽ ഒരു സംവിധാനം ആദ്യമാണ്. കെ.പി.എ.സിയുടെ നാടകങ്ങൾക്കായി പലപ്പോഴായി ശേഖരിച്ചിട്ടുള്ള 65 ഓളം സാമഗ്രികൾ പ്രദർശനത്തിന് ക്രമീകരിക്കും. കേരളത്തിന്റെ തനത് ശില്പഭംഗിയുള്ള നാലുകെട്ട്, എട്ടുകെട്ട്, ഓലമേച്ചിൽ തുടങ്ങിയവയും പുതു തലമുറയ്ക്ക് മനസിലാക്കാൻ കഴിയുംവിധം സ്ഥിരം വേദിയിൽ ഒരുക്കും. 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' അടക്കമുള്ള നാടകഗ്രന്ഥങ്ങളും തോപ്പിൽഭാസി ഉൾപ്പെടെ മലയാള നാടകവേദിക്ക് വലിയ സംഭാവനകൾ നൽകിയ മഹാരഥന്മാരുടെ ജീവചരിത്രങ്ങളും അടക്കം ഗവേഷണ സൗകര്യങ്ങൾ ലഭ്യമാവും വിധമാണ് ചരിത്ര പ്രദർശന സ്ഥിരം വേദി സജ്ജമാക്കുന്നത്. അഞ്ച് കോടിയോളം ചെലവ് വരുന്ന വിശദമായ പദ്ധതിയാണ് കെ.പി.എ.സി.സർക്കാരിന് സമർപ്പിച്ചിരുന്നത്. കെ.പി.എ.സി ആസ്ഥാന മന്ദിരം പുനർനിർമിച്ചാവും നാടക ചരിത്ര പ്രദർശ സ്ഥിരം വേദി തയ്യാറാക്കുക.
കാൻസർ രോഗികൾക്കുള്ള അവശ്യമരുന്നുകൾ ചിലവ് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിനാണ് 150 കോടി രൂപ സംസ്ഥാന ബഡ‌്ജറ്റിൽ കെ.എസ്.ഡി.പിക്ക് അനുവദിച്ചിരിക്കുന്നത്. ഇത് പൊതുമേഖലാ സ്ഥാപനങ്ങളുടെ വളർച്ചയിൽ ഒരു പുതിയ അദ്ധ്യായത്തിന് തുടക്കമിടുന്നതാണ്. രാജ്യത്തെ തന്നെ പ്രധാനപ്പെട്ട മരുന്ന് ഉത്പാദന കേന്ദ്രമായി കെ.എസ്.ഡി.പിയെ വളർത്തുന്നതിനുള്ള പുത്തൻ ചുവടുവയ്പ്പാണിത്. ബീറ്റാ ലാക്ടം ഇൻഞ്ചക്ടബിൾ യൂണിറ്റിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. രണ്ട് മാസത്തിനകം ഉദ്ഘാടനം ഉണ്ടാകും.
സി.ബി.ചന്ദ്രബാബു, കെ.എസ്.ഡി.പി ചെയർമാൻ
സംസ്ഥാന ബഡ്ജറ്റ് വ്യാപാരി സമൂഹത്തെ സംബന്ധിച്ചിടത്തോളം നിരാശാജനകമാണ്. 206 പേജുള്ള ഈ ബഡ്ജറ്റ് പ്രസംഗത്തിൽ, സംസ്ഥാനത്തെ ഏറ്റവും തൊഴിൽദായകരും, നികുതി ദായകരുമായ വ്യാപാരി സമൂഹത്തെ തീർത്തും ഒഴിവാക്കിയത് പ്രതിഷേധാർഹമാണ്. തുടർച്ചയായി ഉണ്ടായ വെള്ളപ്പൊക്കം, കൊവിഡ്-19, നോട്ട് നിരോധനം മുതലായവ മൂലം നട്ടം തിരിയുന്ന വ്യാപാരി സമൂഹത്തിന് ആശ്വാസജനകമായ ഒരു പ്രഖ്യാപനവും ഉണ്ടായില്ല. വ്യാപാരികൾക്ക് ലക്ഷക്കണക്കിനു രൂപയുടെ നികുതി ബാദ്ധ്യത ഉണ്ടാകുന്ന തരത്തിൽ നികുതി നിർണയം നടത്തുന്ന രീതി അവസാനിപ്പിക്കുന്നതിനുള്ള യാതൊരു നടപടിയും ബഡ്ജറ്റിൽ അവതരിപ്പിച്ചിട്ടില്ല. വിവിധ ക്ഷേമ പദ്ധതികൾക്കുള്ള ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചപ്പോൾ, വ്യാപാരി ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ചതായി കണ്ടില്ല.
രാജു അപ്സര, സംസ്ഥാന ജനറൽ സെക്രട്ടറി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
കയർ മേഖലയ്ക്ക് പുതു ജീവൻ പകരുന്നതാണ് സംസ്ഥാന ബഡ്ജറ്റിലെ പ്രഖ്യാപനങ്ങൾ. തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് വരുന്ന ബഡ്ജറ്റുകൾ പലപ്പോഴും ഗിമ്മിക്കുകളായി മാറിപ്പോകാറുണ്ട്. പക്ഷേ അതിൽ നിന്ന് വ്യത്യസ്തമായി ജനപക്ഷത്ത് നിൽക്കുന്ന ബഡ്ജറ്റാണ് ഇത്തവണത്തേത്. കഴിഞ്ഞ ബഡ്ജറ്റിലെ പ്രഖ്യാപനത്തെക്കാൾ 68 ശതമാനം അധികം കയർ മേഖലയിൽ ചിലവഴിച്ചു. പ്രത്യക്ഷമായും പരോക്ഷമായും കയർ മേഖലയുടെ വികസനം ഉറപ്പു വരുത്തുന്ന ബഡ്ജറ്റാണ് ഇത്തവണത്തേത്.
ടി.കെ.ദേവകുമാർ, കയർ കോർപ്പറേഷൻ ചെയർമാൻ
പുത്തൻ പദ്ധതികൾ വരും
ബഡ്ജറ്റിൽ പ്രഖ്യാപിക്കപ്പെട്ട 28 കോടി രൂപ നൂതന പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനാവും ഉപയോഗിക്കുക. ഇന്ത്യയിലെ ആദ്യ സോളാർ ഇലക്ട്രിക് റോറോ കേരളത്തിൽ നീറ്റിലിറക്കും. ചരക്ക് ഗതാഗതമാണ് മറ്റൊരു പദ്ധതി. നിലവിൽ റോഡ് മാർഗം കൊണ്ടുപോകുന്ന ഫർണസ് ഓയിൽ അടക്കമുള്ള ചരക്കുകൾ ടാങ്ക് ഉൾപ്പടെയുള്ള ബാർജുകളിൽ കൊണ്ടുപോകുന്ന പദ്ധതി ആലോചനയിലുണ്ട്. പഴയ യാത്രാ ബോട്ടുകൾ ടൂറിസം മോഡൽ പാസഞ്ചർ ബോട്ടുകളാക്കി മാറ്റും. വൈക്കം സ്റ്റേഷനിൽ എല്ലാ ബോട്ടുകളും സോളാർ സംവിധാനത്തിലാക്കി, സ്റ്റേഷനെ പൂർണമായും സോളാർ സ്റ്റേഷനാക്കാൻ പദ്ധതിയുണ്ട്. സീറോ ഇലക്ട്രിസിറ്റി - സീറോ പൊലൂഷൻ എന്നതാണ് ലക്ഷ്യം.
ഷാജി വി നായർ, എം.ഡി, കേരള വാട്ടർ ട്രാൻസ്പോർട്ട്