ആലപ്പുഴ: ന്യൂനപക്ഷ യുവജനങ്ങളുടെ വിവിധ തൊഴിൽ പരിശീലനങ്ങൾക്കുള്ള പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം ജനറൽ ആശുപത്രി ജംഗ്ഷന് സമീപം നിസ ബിൽഡിംഗ്സിന്റെ മൂന്നാം നിലയിൽ മന്ത്റി ജി. സുധാകരൻ ഇന്നു നിർവഹിക്കും. നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി മുഖ്യപ്രഭാഷണം നടത്തും. കളക്ടർ എ.അലക്‌സാണ്ടർ മുഖ്യാതിഥിയാകും. വകുപ്പ് ഡയറക്ടർ എ.ബി.മൊയ്തീൻ കുട്ടി, വാർഡ് കൗൺസിലർ എ.എസ്. കവിത, പരിശീലനകേന്ദ്രം പ്രിൻസിപ്പൽ കെ.നസീറ എന്നിവർ സംസാരിക്കും.
ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയും തൊഴിൽക്ഷമതയും ലഭ്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി സർക്കാർ നിയോഗിച്ച പാലോളി കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം നിലവിൽ വന്ന പരിശീലന കേന്ദ്രം വഴി നൂറുകണക്കിന് യുവതി യുവാക്കൾക്ക് സർക്കാർ ജോലി എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞിട്ടുണ്ട്. കൂടുതൽ പ്രയോജന പ്രദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലയുടെ ഹൃദയ ഭാഗത്തേക്ക് സെന്റർ മാറ്റി സ്ഥാപിക്കുന്നത്.