ഹരിപ്പാട്: സംസ്ഥാന ബഡ്ജറ്റിൽ ഹരിപ്പാട് നിയോജകമണ്ഡലത്തെ പൂർണ്ണമായും അവഗണിച്ചെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
ഹരിപ്പാടിനോടുള്ള അവഗണയുടെ തനിയാവർത്തനാണ് ഇത്തവണത്തെ സംസ്ഥാന ബഡ്ജറ്റിലും സംഭവിച്ചത്. ഹരിപ്പാട് മണ്ഡലത്തിന്റെ വികസനക്കുതിപ്പിന് കടിഞ്ഞാടുന്നതിനുള്ള ബോധപൂർവ്വമായ നീക്കമാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. ഹരിപ്പാട് ചെക്കിടിക്കാട് റോഡ്, പാണ്ടിവെട്ടുകുളഞ്ഞി പാലത്തിന്റെ നിർമ്മാണം, തൃക്കുന്നപ്പുഴ വലിയഴീക്കൽ റോഡിൽ ആവശ്യമായ സ്ഥലങ്ങളിൽ കോൺക്രീറ്റ് ബീമോടുകൂടിയുള്ള നിർമ്മാണം, വലിയഴീക്കൽ ഫിഷിംഗ് ഹാർബറിൽ ഡ്രഡ്ജിംഗ് ഉൾപ്പടെയുളള നിർമ്മാണ പ്രവൃത്തികൾ, തൃക്കുന്നപ്പുഴ ആത്മവിദ്യാസംഘം ഗവ.എൽ.പി സ്‌കൂൾ പുതിയ കെട്ടിടം, ചേപ്പാട് പഞ്ചായത്തിലെ കണിച്ചനല്ലൂർ ഗവ.എൽ.പി.എസ് പുതിയ ബ്ലോക്ക് നിർമ്മാണം, ഖാദി ഗ്രാമോദ്യോഗ് ഭവൻ, ഹരിപ്പാട് പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സ്ഥലം വാങ്ങലും കെട്ടിട നിർമ്മാണവും, പളളിപ്പാട് ഗവ.ഐ.ടി.ഐയിൽ പുതിയ കോഴ്‌സ് ആരംഭിക്കുന്നതിന് സ്ഥലം വാങ്ങലും കെട്ടിട നിർമ്മാണവും, മഹാകവി കുമാരനാശാൻ സ്മാരക സമുച്ചയത്തിലെ ശേഷിക്കുന്ന നിർമ്മാണ പ്രവൃത്തി, മഹാകവി കുമാരനാശാൻ സ്മാരക ജലോത്സവ പവലിയൻ, വലിയഴീക്കൽ ബീച്ച് സൗന്ദര്യവത്ക്കരണവും ടൂറിസം പദ്ധതിയും തുടങ്ങി നിരവധി ശുപാർശകളാണ് നൽകിയിരുന്നത്. പക്ഷേ ഇതെല്ലാം പാടേ അവഗണിച്ചു.
ഹരിപ്പാടിന്റെ വികസനത്തെ തകർക്കാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാരിന്റെ നടപടിയിൽ ശക്തമായ പ്രതിഷേധവും, അമർഷവും രേഖപ്പെടുത്തുന്നുവെന്നും ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.