ആലപ്പുഴ: പൊള്ളയായ വാഗ്ദാനങ്ങളുടെ പെരുമഴ മാത്രമാണ് ബഡ്ജറ്റെന്ന് ഡി.സി.സി പ്രസിഡന്റ് എം ലിജു ആരോപിച്ചു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തുന്ന പ്രഖ്യാപനങ്ങൾക്കപ്പുറം ആലപ്പുഴയുടെ സമഗ്ര വികസനം ഉറപ്പുവരുത്തുന്ന ഒരു പദ്ധതിയും ബഡ്ജറ്റിൽ ഇല്ല. മുൻ ബഡ്ജറ്റുകളിലെ പ്രഖ്യാപനങ്ങൾ ആവർത്തിക്കുകയായിരുന്നു.
തീരദേശ മേഖലയിലും ജില്ലയുടെ പരമ്പരാഗത വ്യവസായ മേഖലയിലും കാർഷിക മേഖലയിലും ധനമന്ത്രിയുടെ സ്ഥിരം ബഡ്ജറ്റ് പ്രഖ്യാപങ്ങൾക്കപ്പുറം ഒന്നും തന്നെ പുതുതായിട്ടില്ല. ഒന്നും രണ്ടും കുട്ടനാട് പാക്കേജുകളിലായി പ്രഖ്യാപിച്ച 3000 കോടി രൂപയുടെ പദ്ധതികളിൽ ഒന്നുപോലും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. പദ്ധതികൾ നടപ്പാക്കുന്നതിലല്ല, കോടികളുടെ കണക്കുകൾ കാട്ടി ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട മുൻ ബഡ്ജറ്റുകളിലെ തന്ത്രമാണ് ഇക്കുറിയും നടത്തിയിരിക്കുന്നതെന്നും ലിജു പ്രസ്താവനയിൽ പറഞ്ഞു.