ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കും


ആലപ്പുഴ :ചരിത്രപ്രസിദ്ധമായ മുപ്പാലം നാല്പാലമാക്കുന്നതിനുള്ള ജോലികൾ പുരോഗമിക്കുന്നു. പുതിയ പാലവും മുപ്പാലത്തിന്റെ വടക്കുഭാഗത്തെ പാലത്തിന്റെ നിർമ്മാണവും ഏപ്രിൽ മാസത്തോടെ പൂർത്തീകരിക്കും. 60 മീറ്റർ താഴ്ചയിൽ നിർമ്മിക്കുന്ന 38 പൈലുകളിൽ 11 എണ്ണം പൂർത്തിയായി.

നിലവിലെ മുപ്പാലത്തിന് 5.5 മീറ്റർ വീതിയും 23 മീറ്റർ നീളവുമാണുള്ളത്. 11 മീറ്റർ വീതിയിൽ പുർനിർമ്മിക്കുന്ന മൂന്ന് പാലങ്ങളെ ബന്ധിപ്പിച്ച് 26 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് മറ്റൊരുപാലം കൂടി നിർമ്മിക്കുന്നത്. മന്ത്രി ജി.സുധാകരൻ മുൻകൈയെടുത്താണ് പൊതുമരാമത്ത് പാലം വിഭാഗത്തെ കൊണ്ട് പാലം വികസനത്തിന് പദ്ധതി തയ്യാറാക്കിയത്. കേരള റോഡ് ഫണ്ട് ബോർഡിന്റെ 17.7 കോടിയാണ് നിർമ്മാണത്തിന് ചെലവഴിക്കുന്നത്. ഒരു വർഷംകൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും കൊവിഡ് വ്യാപനം നിർമ്മാണ പ്രവർത്തനങ്ങളിൽ കാലതാമസമുണ്ടാക്കി. ആറ് മാസം മുമ്പ് പുനർനിർമ്മാണ ജോലികൾ ആരംഭിച്ചെങ്കിലും തമിഴ്‌നാട്ടിൽ നിന്നെത്തിയ ഒരു തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നിറുത്തിവച്ച ജോലികൾ കഴിഞ്ഞ മാസം ആദ്യമാണ് പുനരാരംഭിച്ചത്. അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും നിർമ്മാണത്തിൽ കാലതാമസം ഉണ്ടാക്കുന്നു. വേഗത്തിൽ നിർമ്മാണം പൂർത്തികരിക്കാൻ കരാർ ഏറ്റെടുത്ത സകാര്യ കമ്പനിയോട് പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

വാടക്കനാലിനെയും കോമേഴ്‌സ്യൽ കനാലിനെയും ബന്ധിപ്പിക്കുന്ന തോട്ടിൽ, മൂന്ന് കരകളെ യോജിപ്പിക്കാനാണ് ആലപ്പുഴയുടെ ചരിത്രത്തിൽ ഇടം പിടിച്ച മുപ്പാലം രാജാ കേശവദാസ് നിർമ്മിച്ചത്.

പഴയ മുപ്പാലം

5.5 മീറ്റർ വീതി, 23 മീറ്റർ നീളം

നാല്പാലമാകുമ്പോൾ

 വീതി 11 മീറ്ററാക്കും

 മൂന്ന് പാലങ്ങളെ ബന്ധിപ്പിച്ച് 26 മീറ്റർ നീളത്തിലും വീതിയിലും മറ്റൊരു പാലം

 ഓവൽ മാതൃകയിലുള്ള പാലങ്ങളുടെ മദ്ധ്യഭാഗത്ത് ലാൻഡ്‌സ്‌കേപ്പ്

"മുപ്പാലത്തിന്റെ വടക്കേക്കരയിലെ പാലത്തിന്റെ പൈലിംഗ് പൂർത്തീകരിച്ചു. മൂന്ന് പാലങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ പൈലിംഗ് ആരംഭിച്ചു. ഏപ്രിൽ മാസത്തോടെ പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ്.

രാധാകൃഷ്ണൻ, അസി.എൻജിനിയർ, പൊതുമരാമത്ത് വകുപ്പ്