s

ആലപ്പുഴ: കൊവിഡ് പ്രതിരോധ വാക്‌സിൻ വിതരണത്തിന് ജില്ലയിൽ ഇന്നലെ തുടക്കമായി. 9 കേന്ദ്രങ്ങളിലാണ് വാക്‌സിൻ വിതരണം. ആദ്യ ദിനത്തിൽ വാക്സിനേഷൻ സ്വീകരിക്കുന്നതിന് ആരോഗ്യപ്രവർത്തകരിലെ എല്ലാ മേഖലകളിൽ നിന്നുമുള്ള പ്രതിനിധികളെയാണ് തിരഞ്ഞെടുത്തിരുന്നത്. ജനറൽ ആശുപത്രിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ.അനിതകുമാരി ആദ്യമായി വാക്‌സിൻ സ്വീകരിച്ചു. തുടർന്ന് ഡോ. വേണുഗോപാൽ, ആർ.സി.എച്ച് ഓഫീസർ ഡോ. മോഹൻദാസ്, ഡി.എം.ഒയുടെ ഡ്രൈവർ എം.സന്തോഷ്, മാസ് മീഡിയ ഓഫീസർ സുജ, ഫാർമസിസ്റ്റ് രാജൻ എന്നിവരും വാക്‌സിൻ സ്വീകരിച്ചു. മന്ത്രി ജി.സുധാകരൻ വാക്‌സിൻ വിതരണ കേന്ദ്രങ്ങളായ വണ്ടാനം മെഡിക്കൽ കോളേജിലും ആലപ്പുഴ ജനറൽ ആശുപത്രിയിലും എത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. അഡ്വ. എ.എം.ആരിഫ് എം.പി വണ്ടാനം മെഡിക്കൽ കോളേജ് സന്ദർശിച്ചു.

വാക്‌സിൻ വിതരണം ആരംഭിച്ചതോടെ കൊവിഡ് പ്രതിരോധ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം പകരുമെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. ആരോഗ്യ മേഖലയിലെ ഡോക്ടർമാർ, നഴ്സുമാർ മറ്റ് ആരോഗ്യപ്രവർത്തകർ തുടങ്ങിയവരും ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളാണ് കൊവിഡ് കാലത്ത് നടത്തിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു. മുനിസിപ്പൽ ചെയർപേഴ്സൺ സൗമ്യരാജ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി തുടങ്ങിയവരും ജനറൽ ആശുപത്രി സന്ദർശിച്ചു

ആദ്യഘട്ട വാക്സിൻ വിതരണ കേന്ദ്രങ്ങൾ

വണ്ടാനം മെഡിക്കൽ കോളേജ്, ആലപ്പുഴ ജനറൽ ആശുപത്രി, ചെങ്ങന്നൂർ, മാവേലിക്കര, ജില്ലാ ആശുപത്രികൾ, കായംകുളം താലൂക്ക് ആശുപത്രി, ചെട്ടികാട് ആർ.എച്ച്.റ്റി.സി, പുറക്കാട് പ്രാഥമികാരോഗ്യകേന്ദ്രം, ചെമ്പുംപുറം സാമൂഹികാരോഗ്യകേന്ദ്രം, ചേർത്തല സേക്രട്ട് ഹാർട്ട് ആശുപത്രി