ആലപ്പുഴ: കോടിക്കണക്കിന് രൂപയുടെ കടം ബാക്കി നിൽക്കേ, സംസ്ഥാന ബഡ്‌ജറ്റിൽ കുടിശിക തീർപ്പാക്കലിനെ കുറിച്ച് യാതൊരു പരാമർശവുമില്ലാതെ പോയതിൽ കരാറുകാർക്ക് കടുത്ത അതൃപ്തി. നിലവിൽ 8500 കോടിയോളം രൂപ സംസ്ഥാന സർക്കാർ കരാറുകാർക്ക് നൽകാനുണ്ട്. ഒന്നരവർഷം വരെ പഴക്കമുള്ള ബില്ലുകൾ മാറിനൽകിയിട്ടില്ല.
നിർമാണ വസ്തുക്കളുടെ വിലക്കയറ്റവും കൊവിഡ് പ്രതിസന്ധി മൂലം അന്യ സംസ്ഥാന തൊഴിലാളികളെ കിട്ടാതായതും ഏറെക്കാലമായി നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇത്തവണത്തെ ബഡ്ജറ്റിൽ ആശ്വാസം പ്രതീക്ഷിച്ചിരുന്നുവെങ്കിലും പൂർണമായ നിരാശയാണ് തങ്ങൾക്കുണ്ടായതെന്ന് കേരള ഗവ കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ കുറ്റപ്പെടുത്തി. അസംഘടിത മേഖലയിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഇടമാണ് നിർമ്മാണ മേഖല.
അന്യ സംസ്ഥാനക്കാർ
എത്തിത്തുടങ്ങി
കൊവിഡ് രൂക്ഷമായതോടെ നാട്ടിലേക്ക് മടങ്ങിയ ഭൂരിഭാഗം അന്യ സംസ്ഥാന തൊഴിലാളികളും കേരളത്തിലേക്ക് മടങ്ങിയെത്തി തുടങ്ങി. കേരളത്തിൽ വിദഗ്ദ്ധ തൊഴിൽ അറിയുന്ന തൊഴിലാളികൾ കുറവാണ്. അതിനാൽ ഭൂരിഭാഗം കരാറുകാരും അന്യ സംസ്ഥാനക്കാരെയാണ് ആശ്രയിക്കുന്നത്. ഇവരുടെ മടങ്ങി വരവ് മേഖലയ്ക്ക് ചെറുതല്ലാത്ത ആശ്വാസമാണ് നൽകുന്നത്.
പിടിവിട്ട് വിലക്കയറ്റം
നിർമാണ മേഖലയിലെ അവശ്യവസ്തുക്കൾക്ക് മാസം തോറും വില വർദ്ധിക്കുന്ന നിലയാണുള്ളത്. പി.വി.സി പൈപ്പുകൾ, ടാർ, സിമന്റ്, സ്റ്റീൽ, പ്ലംബിംഗ് - ഇലക്ട്രിക്കൽ സാധനങ്ങൾ എന്നിവയ്ക്ക് കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 40 മുതൽ 60 ശതമാനം വരെ വിലവർദ്ധനവുണ്ടായി.
കരാറുകാർക്ക് എം.എസ്.എം.ഇ ആനൂകൂല്യങ്ങൾ നൽകണം. കുടിശിക രഹിത സ്ഥിതി സൃഷ്ടിക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി ത്രിതല എഗ്രിമെന്റ് ഉണ്ടാക്കണം
- വർഗീസ് കണ്ണമ്പള്ളി, കേരള ഗവ കോൺട്രാക്റ്റേഴ്സ് അസോസിയേഷൻ