s

"മുഖ്യമന്ത്രി പിണറായി അപ്പൂപ്പാ ഞങ്ങളുടെ സങ്കടത്തിന് പരിഹാരം കാണണം"

ആലപ്പുഴ: നാല് തലമുറകളായി സഞ്ചരിച്ചിരുന്ന വഴി അയൽവാസി കെട്ടിയടച്ചത് തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് കളക്ടറേറ്റിനു മുന്നിൽ പ്ളക്കാർഡുകളുമായെത്തിയ സാധുകുടുംബത്തിന് കളക്ടറുടെ ഇടപെടലിൽ അനുകൂലതീരുമാനം. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഏഴാം വാർഡ് മണപ്പുറം കണിയാംവെളി രാജുവാണ് ഭാര്യ സുലത, മക്കളും ആറാക്ളാസ് വിദ്യാർത്ഥിനികളുമായ ദേവനന്ദ, ഗൗരിനന്ദ എന്നിവരുമായി ഇന്നലെ രാവിലെ 11മണിയോടെ "മുഖ്യമന്ത്രി പിണറായി അപ്പൂപ്പാ ഞങ്ങളുടെ സങ്കടത്തിന് പരിഹാരം കാണണം" എന്ന് എഴുതിയ

പ്ളക്കാർഡുമായി കളക്ടറേറ്റിനു മുന്നിലെത്തിയത്. ഇവർ സഞ്ചരിച്ചിരുന്ന വഴി ഒൻപത് മാസം മുമ്പാണ് അയൽവാസി കെട്ടിയടച്ചത്. വഴി തുറന്ന് കിട്ടുന്നതിനായി ആദ്യം ആലപ്പുഴ ആർ.ഡി.ഒയ്ക്ക് പരാതി നൽകി. അപേക്ഷ തൈക്കാട്ടുശ്ശേരി വില്ലേജ് ഓഫീസർക്ക് കൈമാറിയെങ്കിലും വില്ലേജ് ഓഫീസർ സ്ഥലത്ത് എത്തിയില്ല. തുടർന്ന് രാജു കളക്ടർക്ക് പരാതി നൽകി. റിപ്പോർട്ടിനായി ചേർത്തല തഹസിൽദാരെ ചുമതലപ്പെടുത്തി. തഹസിൽദാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാജുവിനെയും എതിർ കക്ഷിയെയും വിളിച്ചു ഹിയറിംഗ് നടത്തിയെങ്കിലും അനുകൂല നടപടിയുണ്ടായില്ലെന്ന് രാജു പറയുന്നു. രാജുവിന് ലൈഫ് പദ്ധതിയിൽ അനുവദിച്ച വീടിന്റെ കോൺക്രീറ്റ് ജോലി പൂർത്തിയായപ്പോഴാണ് വഴി തടസപ്പെടുത്തിയത്. വഴി തുറന്ന് കിട്ടുന്നതിനായി ആർ.ഡി.ഒ, തഹസിൽദാർ ഓഫീസുകളിൽ പലവട്ടം കയറിയിറങ്ങിയിട്ടും ഫലം ലഭിക്കാതെ വന്നതിനെ തുടർന്നാണ് കളക്ടറേറ്റിനു മുന്നിൽ പ്രതിഷേധവുമായെത്തിയത്.

ഇന്നലെ ഇവർ കളക്ടറേറ്റിനു മുന്നിലെത്തിയപ്പോൾ കളക്ടർ കൊവിഡ് വാക്സിൻ വിതരണ കേന്ദ്രങ്ങളിൽ പോയിരിക്കുകയായിരുന്നുന്നു. ഉച്ചക്ക് രണ്ട് മണിയോടെ മടങ്ങിയെത്തിയ കളക്ടർ എ.അലക്സാണ്ടർ രാജുവിനെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ച ശേഷം ഇവർക്ക് വഴിയൊരുക്കാൻ തഹസിൽദാർക്ക് നിർദ്ദേശം നൽകി. രാജുവും കുടുംബവും തിരികെ വീട്ടിൽ എത്തുമ്പോൾ സുഗമമായ സഞ്ചാരത്തിനുള്ള വഴിയൊരുക്കിയിരിക്കണമെന്നാണ് കളക്ടർ നിർദ്ദേശം നൽകിയത്.

"പരാതിക്കാരനായ രാജുവിന് അയൽവാസി യാത്രാ തടസം സൃഷ്ടിച്ചിട്ടില്ല. എതിർകക്ഷിയുമായി രണ്ടു വർഷത്തോളമായി വഴിയെ സംബന്ധിച്ച് തർക്കമുണ്ട്. തർക്കം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് രാജു സമീപിച്ചിരുന്നു. എതിർകക്ഷി വിട്ടുവീഴ്ചയ്ക്ക് സമ്മതിച്ചിരുന്നു. ഇപ്പോൾ കളക്ടറേറ്റിൽ സമരം നടത്തിയെത് എന്തിനാണെന്ന് മനസിലാകുന്നില്ല.

ആശാ സുരേഷ്, ഏഴാം വാർഡ് മെമ്പർ, തൈക്കാട്ടുശേരി പഞ്ചായത്ത്