ആലപ്പുഴ : വികസനത്തെ മുന്നോട്ട് വച്ച് വർഗീയതയെ ചെറുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. ആലപ്പുഴ ജനറൽ അശുപത്രിക്ക് സമീപം ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഏത് മേഖലയിൽ നോക്കിയാലും കഴിഞ്ഞ നാലര വർഷകാലം കൊണ്ട് സംസ്ഥാന സർക്കാർ നടത്തിയ വികസനം അറിയാൻ സാധിക്കും. റോഡുകൾ അടക്കം എല്ലാ മേഖലയിലുമുള്ള വികസനമാണ് സർക്കാർ നടപ്പാക്കിയത്. അഴിമതി രഹിത വികസനമാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി മുഖ്യപ്രഭാഷണം നടത്തി. കളക്ടർ എ.അലക്സാണ്ടർ മുഖ്യാതിഥിയായി. നഗരസഭ കൗൺസിലർ എ.എസ്.കവിത, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. എ.ബി.മൊയ്തീൻകുട്ടി, പരിശീലന കേന്ദ്രം പ്രിൻസിപ്പൽ കെ.നസീറ എന്നിവർ സംസാരിച്ചു.