ചേർത്തല: ചേർത്തലതെക്ക് ഗ്രാമപഞ്ചായത്തിൽ ബി.ജെ.പിയുമായി പരസ്യമായി കോൺഗ്രസ് ചങ്ങാത്തത്തിൽ ഏർപ്പെട്ട സംഭവം പരിഹരിക്കാൻ നേതൃത്വം ഇടപെടുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗങ്ങൾ ബി.ജെ.പിയുമായി പരസ്യമായി സഹകരിച്ചിരുന്നു.കെ.പി.സി.സി നിർദ്ദേശങ്ങൾക്കു വിരുദ്ധമായ നടപടിയാണുണ്ടായതെന്നാണ് വിമർശനം.ഇതേ തുടർന്ന് വിവാദ സ്ഥാനങ്ങൾ രാജിവെക്കാൻ ജില്ലാ നേതൃത്വം നിർദ്ദേശം നൽകിയെങ്കിലും പാലിച്ചിരുന്നില്ല.ഇതേ തുടർന്നാണ് ഡി.സി.സി പ്രസിഡന്റ് എം.ലിജുവിന്റെസാന്നിദ്ധ്യത്തിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടിയോഗം വിളിക്കാൻ തീരുമാനമായത്. അടുത്തദിവസം യോഗം വിളിച്ച് തുടർനടപടികൾ സ്വീകരിക്കും. ഇതിനിടെ,
ബി.ജെ.പി -കോൺഗ്രസ് കൂട്ടുകെട്ട് സി.പി.എം ശക്തമായ പ്രചരണ ആയുധമാക്കി.നടപടിക്കെതിരെ കോൺഗ്രസിലെ ഒരു വിഭാഗവും ശക്തമായി രംഗത്തു വന്നിട്ടുണ്ട്.അടിയന്തര ഇടപെടലുണ്ടായില്ലെങ്കിൽ അതു വലിയ തിരിച്ചടികൾക്കുവഴിവെക്കുമെന്നുകാട്ടി ഒരു വിഭാഗം കെ.പി.സി.സിക്കു പരാതിനൽകി. എന്നാൽ സി.പി.എമ്മിനെ സഹായിക്കുന്നവരാണ് അനാവശ്യ വിവാദങ്ങൾക്ക് പിന്നിലെന്നാണ് മറുഭാഗത്തിന്റെ വാദം.
22 അംഗപഞ്ചായത്തിൽ 11 സീറ്റുകളുള്ള എൽ.ഡി.എഫാണ് ഭരിക്കുന്നത്.കോൺഗ്രസിന് ഒമ്പതും ബി.ജെ.പിക്ക് ഒന്നും ഒരുസ്വതന്ത്റ അംഗവുമാണുള്ളത്.
ചേർത്തലതെക്കു ഗ്രാമപഞ്ചായത്തിലെ വിഷയത്തിൽ ശക്തമായ ഇടപെടലുണ്ടാകും.ഇതിനായി നേരിട്ടെത്തി പാർലമെന്ററിപാർട്ടിയോഗം വിളിച്ച് വേണ്ട നടപടികൾ സ്വീകരിക്കും.
എം.ലിജു
ഡി.സി.സി പ്രസിഡന്റ്
സി.പി.എം നേതാക്കൾക്കെതിരെയും കൂട്ടപ്പരാതി
ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിൽ പാർട്ടി കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥികൾ തോൽക്കാൻ ഇടയായത് നേതൃത്വത്തിന്റെ ഏകപക്ഷിയ നിലപാടുകളാണെന്ന് കാട്ടി സി.പി.എം ജില്ലാ നേതൃത്വത്തിന് ഉൾപ്പെടെ കൂട്ടപ്പരാതി.വലിയ വിജയ സാദ്ധ്യതയുണ്ടായിരുന്ന പഞ്ചായത്തിൽ കുത്തകയായിരുന്ന സീറ്റുകളടക്കം നഷ്ടപെട്ടത് സംഘടനാ വിഷയങ്ങളും ഏകപക്ഷീയമായ നിലപാടും മൂലമാണെന്നാണ് ആക്ഷേപം.
ഭൂരിപക്ഷമില്ലാതെ അധികാരത്തെലെത്തിയപ്പോഴും കൂട്ടായ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കാതെ ഏകപക്ഷീയ നിലപാടുകളുണ്ടാകുന്നതായാണ് പരാതികൾ.