പൂച്ചാക്കൽ: പെരുമ്പളം പഞ്ചായത്തിലേക്കുള്ള ബോട്ട് സർവീസ് പതിവായി മുടങ്ങുന്നത് യാത്രക്കാർക്ക് പ്രതിസന്ധിയാകുന്നു. ഇന്നലെ പാണാവള്ളിയിൽ നിന്നും പൂത്തോട്ടക്ക് സർവ്വീസ് നടത്തിയ ബോട്ട് യന്ത്രത്തകരാർ മൂലം യാത്രാമദ്ധ്യേ മുടങ്ങിയത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി. പാണാവള്ളി - പെരുമ്പളം ഫെറിയും പാണാവള്ളി - പൂത്തോട്ട ബോട്ടുകളുമാണ് യന്ത്രത്തകരാർ മൂലം നിരന്തരം മുടങ്ങുന്നത്. ഇത് മൂലം മണിക്കൂറുകളോളം പാണാവള്ളി ജെട്ടിയിലും പൂത്തോട്ട ജെട്ടിയിലും യാത്രക്കാർ കാത്തു നിൽക്കേണ്ട സ്ഥിതിയാണ്. കാലപ്പഴക്കമുള്ള ബോട്ടുകളാണ് ഇവിടെ സർവ്വീസ് നടത്തുന്നത്.
ബോട്ടുകളെ മാത്രം ആശ്രയിച്ചാണ് പെരുമ്പളം ദ്വീപു നിവാസികൾ യാത്ര ചെയ്യുന്നത്. ബോട്ട് സർവ്വീസ് മുടക്കം കൂടാതെ നടത്താനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പെരുമ്പളം കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പരമേശ്വരൻ ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടു.