ആലപ്പുഴ: ജോലിക്കുള്ള കൂടിക്കാഴ്ചക്ക് ശേഷം എറണാകുളത്ത് നിന്നും വീട്ടിലേക്ക് മടങ്ങിയ യുവാവ് കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട കലഞ്ഞൂർ സ്വദേശി അലൻ(24) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. യാത്രക്കിടെ കലവൂർ ഭാഗത്ത് വച്ച് തളർച്ചയും ഛർദ്ദിയും അനുഭവപ്പെട്ട അലനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മണ്ണഞ്ചേരി പൊലീസ് മേൽ നടപടി സ്വീകരിച്ചു.