t

ആലപ്പുഴ: കുട്ടനാട്, അപ്പർകുട്ടനാട് നെൽകൃഷിയിടങ്ങളിൽ വരിനെല്ലിന്റെ (കള നെല്ല്) വ്യാപനം കർഷകരെ ആശങ്കയിലാക്കുന്നു. കൃഷി ഉപേക്ഷിക്കാൻ പോലും ആലോചിക്കുന്നതായി കർഷകർ പറയുന്നു.

വീയപുരം,നെടുമുടി,കൈനകരി,പുളിങ്കുന്ന്,നീലംപേരൂർ എന്നിവിടങ്ങളിലെ പാടങ്ങളിലാണ് വരിനെല്ല് വ്യാപകമായത്. അഞ്ഞൂറിലധികം കർഷകരാണ് ഇതോടെ ദുരിതത്തിലായിരിക്കുന്നത്. ഇവ നീക്കാൻ വലിയ തുക ചെലവഴിക്കേണ്ടിവരും. ജോലിക്കാർക്ക് ഒരു ദിവസം 1000 രൂപയാണ് കൂലി. ഇതിനാൽ ഭൂരിഭാഗം കർഷകരും കളനെല്ല് പറിച്ച് നീക്കാൻ തയ്യാറാകുന്നില്ല. ഒരേക്കർ പാടത്തെ കള പറിച്ച് നീക്കാൻ കുറഞ്ഞത് 10 തൊഴിലാളികൾ ആവശ്യമാണ്. അധിക പണം മുടക്കി തൊഴിലാളികളെ ഇറക്കിയാലും പൂർണ്ണമായും നീക്കാനാവില്ല. ജോലി ഏറെ ദുഷ്‌കരമായതിനാൽ തൊഴിലാളികൾക്കും വലിയ താത്പര്യമില്ല.

ഏക്കറിന് 25,000 രൂപ വരെ ചെലവിട്ട പാടങ്ങളിലാണ് വരിനെല്ല് ഭീഷണിയാകുന്നത്. വരിനെല്ലിന്റെ ഇടയിൽ പെട്ട് ഞാറുകൾ മൂടുകയും വളർച്ച മുരടിച്ച് വിളവ് കുറയുകയും ചെയ്യും. കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും മുൻകാലങ്ങളിൽ പുഞ്ചക്കൃഷിക്ക് മുമ്പ് വരിനെല്ല് കൃഷി ചെയ്തിരുന്നു. എന്നാൽ ഈ രീതി കർഷകർ ഉപേക്ഷിച്ചു. ഇത് കർഷകർക്ക് തിരച്ചടിയാകുകയാണ്. പരമ്പരാഗത രീതിയിലൂടെ കളപറിച്ച് കളയുന്നതാണ് ഫലപ്രദമായ മാർഗം.

 വരിനെല്ല്

നെല്ലിനൊപ്പം വളരുന്ന വരിനെല്ലിനെ ആദ്യ വളർച്ചാഘട്ടത്തിൽ തിരിച്ചറിയാൻ പ്രയാസമാണ്. പിന്നീട് ഞാറിനെക്കാൾ ഉയരത്തിൽ വളരുകയും മുമ്പേ കതിരിടുകയും ചെയ്യും. നീളംകൂടിയ വേരുപടലം ഉണ്ടാകും. പല വലിപ്പത്തിലും പല നിറത്തിലുമുള്ള നെന്മണികളാണുണ്ടാവുക. കതിരു വിരിഞ്ഞശേഷം തിരിച്ചറിയുംവരെ കാത്തിരിക്കേണ്ടിവരുമ്പോൾ ഞാറിന്റെ വളർച്ചയെ വരിനെല്ല് കീഴ്പ്പെടുത്തിയിരിക്കും. പണ്ട് കാലത്ത് പാവപ്പെട്ടവർ വരിനെല്ലും അരിയാക്കി മാറ്റിയിരുന്നു. നിലവാരം തീരെ കുറവാണ്.

പ്രതിസന്ധികൾ

 കളനെല്ല് പറിക്കാൻ വൈദഗ്ദ്ധ്യമുള്ള തൊഴിലാളികൾ കുറവ്

 പാടശേഖരങ്ങളുടെ നിലവാര വ്യത്യാസം

 വെള്ളം കയറ്റി ഇറക്കുന്ന നിലവിലെ രീതി

വിളവിൽ വൻ കുറവുണ്ടാകും

നെല്ലിന് ദോഷകരമായാണ് വരിനെല്ല് വളരുന്നത്. ഒരു കിലോ വരിക്ക് ആനുപാതികമായി നെല്ലിന്റെ വിളവ് കുറയും. പാടങ്ങളിൽ ഞാറിനെക്കാൾ ഒന്നരയടിയോളം ഉയർന്ന് വളരുന്ന വരിനെല്ല് ശാഖകളായി കതിരിട്ട് ഞാറുകൾക്ക് മീതെ അടിയുന്നതോടെയാണ് കൃഷി നശിക്കുന്നത്. ഞാറുകൾ മൂടി നശിക്കുന്ന സ്ഥിതിയായതിനാലാണ് പല പാടശേഖരങ്ങളിലും കർഷകരെ പുഞ്ചക്കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാക്കുന്നത്.നെല്ലിനേക്കാൾ കരുത്താണ് വരിനെല്ലിന്. ഇതുവളരുന്നത് കീടരോഗങ്ങൾക്ക് ഇടവരുത്തും. വരിനെല്ല് കൂടുതലായുള്ള പാടശേഖരങ്ങളിൽ കീടരോഗങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നെല്ലിന് ഇടുന്ന വളം വരിനെല്ലാണ് വലിച്ചെടുക്കുന്നത്. കഴിഞ്ഞ വർഷത്തെ വിളവിന്റെ പകുതി നെല്ല് മാത്രം കിട്ടുന്ന സ്ഥിതിയാണ് ഈ പാടങ്ങളിൽ ഇത്തവണ.

സീഡ് ബാങ്ക്

കൊയ്ത്തിന് മുമ്പേ വരിനെല്ല് മൂപ്പെത്തി പാടശേഖരങ്ങളിൽ വീഴും. ഇവ എട്ട് വർഷത്തോളം പാടശേഖരങ്ങളിൽ കിടന്ന് നെൽകൃഷിക്കൊപ്പം വളരും. രണ്ട് വർഷം വരിനെല്ലിന്റെ വളർച്ച കൂടുതലായിരുക്കും. ക്രമേണ ഇതിന്റെ വളർച്ച കുറയും. കർഷകർക്ക് ഫലപ്രദമായി കളനശിപ്പിക്കാനുള്ള മാർഗം ഇല്ല. കീടനാശിനികൾ തളിച്ചാലും ഫലമില്ലെന്നാണ് കർഷകർ പറയുന്നത്.

വരിനെല്ലിന്റെ വളർച്ച പാടശേഖരങ്ങളിൽ നെല്ലിന്റെ വളർച്ചയെ ദോഷകരമായി ബാധിക്കും.നെൽ കൃഷിക്ക് മുമ്പ് ശരിയായ രീതിയിൽ വെള്ളം കയറ്റി ഇറക്കിയാൽ കളയുടെ വളർച്ച തടയാം. പഞ്ചായത്ത് തലത്തിൽ പദ്ധതികൾ തയ്യാറാക്കുന്നത് കർഷകർക്ക് ഉപകാരമാകും

(സ്മിത ബാലൻ, മങ്കൊമ്പ് കേരള സെന്റർ ഫോർ പെസ്റ്റ് മാനേജ്മെന്റ് അസി.ഡയറക്ടർ)

ഇത്തവണ കൃഷിയെ പാടേ തകർക്കുന്ന രീതിയിലാണ് വരിനെല്ല് വളരുന്നത്. കള പറിക്കാൻ തൊഴിലാളികളെ നിറുത്തിയാലും ഫലമില്ല. ചെലവും കൂടുതലാണ്. എല്ലാ വർഷവും കൊയ്ത്ത് കഴിയുന്നതോടെ തണ്ണീർമുക്കം ബണ്ടും തോട്ടപ്പള്ളി സ്പിൽവേയും യഥാസമയം തുറന്ന് പാടങ്ങളിൽ ഓര് വെള്ളം കയറ്റാൻ സാഹചര്യം ഒരുക്കിയാൽ മാത്രമേ കള നെല്ലിൽ നിന്ന് കർഷകരെ രക്ഷിക്കാനാവൂ

(സുനിൽ,കർഷകൻ)