കോട്ടയത്തെ ആധാരമെഴുത്തുകാർക്ക് മുദ്രപ്പത്രം നൽകി ആലപ്പുഴ
ആലപ്പുഴ: മുദ്രപ്പത്ര ക്ഷാമം ജില്ലയിൽ അത്ര രൂക്ഷമല്ലാത്തതിനാൽ ആശ്വസിക്കുന്നത് കോട്ടയം ജില്ലയിലെ ആധാരമെഴുത്തുകാർ. 500 രൂപ മൂല്യമുള്ള മുദ്രപ്പത്രങ്ങളാണ് കോട്ടയത്തേക്ക് 'കയറ്റുമതി' ചെയ്തത്.
കോട്ടയം ജില്ലയിൽ ചെറിയ മുദ്രപ്പത്രങ്ങൾക്ക് ക്ഷാമം തുടങ്ങിയതോടെ 1000 രൂപയുടെ പത്രത്തിലായിരുന്നു കരാറുകൾ എഴുതിയിരുന്നത്. ജില്ലയിൽ ഒരുമാസം മുമ്പ് വരെ 50,100, 200 രൂപയുടെ പത്രങ്ങൾക്ക് ക്ഷാമമുണ്ടായിരുന്നു. 50,100 രൂപയുടെ പത്രങ്ങൾക്ക് പകരം സ്റ്റോക്കിരിക്കുന്ന 5 രൂപ പത്രം റീവാല്യുവേറ്റഡ് എന്ന സീൽ പതിച്ച് ഒപ്പിട്ടാണ് ട്രഷറി, സബ്ട്രഷറി എന്നിവിടങ്ങൾ വഴി വില്പന നടത്തിയത്. പത്രങ്ങൾ അച്ചടിക്കുന്ന മഹാരാഷ്ട്ര നാസിക്കിലെ പ്രസിന്റെ പ്രവർത്തനം കൊവിഡിനെത്തുടർന്ന് അവതാളത്തിലായതാണ് പ്രധാന കാരണം. കോട്ടയത്തെ വെണ്ടർമാരുടെ കൈവശമുണ്ടായിരുന്ന 1000 രൂപയിൽ താഴെയുള്ള പത്രങ്ങൾ വിറ്റുപോയതോടെയാണ് ഇവർ ആലപ്പുഴയിലെത്തിയത്.
ജനന, മരണ സർട്ടിഫിക്കറ്റുകൾ, വിവിധ കരാറുകൾ, സമ്മതപത്രങ്ങൾ, സത്യവാങ്മൂലം എന്നിവ തയ്യാറാക്കാൻ 50,100 രൂപയുടെ മുദ്രപ്പത്രങ്ങളാണു വേണ്ടത്. ഇവ കിട്ടാതായതോടെ 1000 രൂപയുടെ പത്രം ഉപയോഗിക്കേണ്ട അവസ്ഥയാണ്. എന്നാൽ ജില്ലയിൽ 10, 20 രൂപയുടെ പത്രങ്ങൾക്ക് ക്ഷാമമുണ്ട്. ട്രഷറികളിലും സബ് ട്രഷറികളിലും ആധാരമെഴുത്ത് ഓഫീസുകളിലും 1000 മുതൽ 25,000 രൂപയുടെ വരെയുള്ള പത്രങ്ങൾക്ക് ക്ഷാമം ഉണ്ടാകാറില്ല.
ഓൺലൈനാണോ തടസം?
സംസ്ഥാനത്ത് മുദ്രപ്പത്രങ്ങൾ ഓൺലൈൻ ആക്കുന്നതിന്റെ മുന്നൊരുക്കമാണു ക്ഷാമത്തിനു കാരണമെന്ന് ആധാരമെഴുത്ത് അസോസിയേഷൻ ആരോപിക്കുന്നു. നിലവിൽ ഒരു ലക്ഷം മുതലുള്ള മുദ്രപ്പത്രങ്ങൾ ഓൺലൈനിലാണു ലഭിക്കുന്നത്. അടുത്ത മാസത്തോടെ പത്രങ്ങളെല്ലാം ഓൺലൈൻ വഴിയാക്കാൻ നീക്കം നടത്തുന്നതായി അസോസിയേഷൻ ആരോപിക്കുന്നു. എന്നാൽ തീരുമാനം ആയിട്ടില്ലെന്നാണ് ജില്ലാ ട്രഷറി ഓഫീസ് അധികൃതർ പറയുന്നത്. നോട്ട് നിരോധന സമയത്ത് പുതിയ നോട്ടുകളുടെ അച്ചടി നടന്നപ്പോഴും മുദ്രപ്പത്രത്തിന് പ്രതിസന്ധി അനുഭവപ്പെട്ടിരുന്നു. ഈ സമയം ഓൺലൈൻ പ്രിന്റ് എടുത്ത് 100 രൂപ സ്റ്റാമ്പൊട്ടിച്ചാണ് ട്രഷറി അധികൃതർ ക്ഷാമം പരിഹരിച്ചത്. എന്നാൽ ആധാരമെഴുത്തുകാരുടെ എതിർപ്പിനെ തുടർന്ന് നടപടി പിൻവലിച്ചു.
ഇ-സ്റ്റാമ്പിംഗ്
ഒരുലക്ഷം രൂപയ്ക്കു മുകളിലുള്ള മുദ്രപ്പത്രങ്ങൾക്കാണ് ഇ-സ്റ്റാമ്പിംഗ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ വ്യാജ മുദ്രപ്പത്രങ്ങൾ പൂർണമായും തടയാൻ കഴിയും. ഇടപാടുകാർക്ക് ഓൺലൈനായി പണമടച്ച് മുദ്രപ്പത്രം ഡൗൺലോഡ് ചെയ്യാം എന്നതാണ് ഇ-സ്റ്റാമ്പിംഗിന്റെ പ്രത്യേകത. ഇടനിലക്കാരില്ലാതെ നേരിട്ട് പത്രങ്ങൾ ലഭിക്കുന്നുവെന്നതും മറ്റൊരു പ്രത്യേകതയാണ്.
.......................
ജില്ലയിൽ നിന്ന് മറ്റൊരു ജില്ലയിലേക്ക് മുദ്രപ്പത്രം കൊടുക്കാൻ പ്രത്യേക ഓർഡറും നിർദ്ദേശവും വേണം. ജില്ലാ ട്രഷറിൽ നിന്നും സബ്ട്രഷറി ഓഫീസിൽ നിന്നും ആധാരമെഴുത്തുകാർക്കും വെണ്ടർമാർക്കും പത്രം നൽകുന്നതിന് കണക്കുണ്ട്
ജില്ലാ ട്രഷറി ഉദ്യോഗസ്ഥർ
...................................
ജില്ലയിൽ നിലവിൽ മുദ്രപ്പത്ര ക്ഷാമം ഇല്ല. സാധാരണക്കാർ കൂടുതലും എത്തുന്നത് 500ൽ താഴെയുള്ള പത്രത്തിനാണ്. ചെറിയ രൂപയുടെ മുദ്രപ്പത്രങ്ങൾ ഓൺലൈൻ ആക്കുന്നതിന് മുന്നൊരുക്കമുണ്ട്. ഇക്കാര്യത്തിൽ വ്യക്തതയില്ല
വി.മുരളീധരൻ നായർ, ആധാരമെഴുത്ത്